'ഈ കുടുംബത്തില്‍ വ്യാജമല്ലാത്ത എന്തെങ്കിലുമുണ്ടോ?;  പ്രിയങ്ക പോലും പപ്പു എന്ന് വിളിക്കുന്നു', രാഹുല്‍ ഹാര്‍വഡില്‍ പഠിച്ചിട്ടില്ലെന്ന് ബിജെപി

രാഹുല്‍ ഗാന്ധി ഹാര്‍വഡിലും കേംബ്രിജ് സര്‍വകലാശാലയിലും പഠിച്ചയാളാണെന്ന സഹോദരി പ്രിയങ്ക ഗാന്ധിയുടെ പരാമര്‍ശത്തെ പരിഹസിച്ച് ബിജെപി
പ്രിയങ്ക ഗാന്ധി/ പിടിഐ
പ്രിയങ്ക ഗാന്ധി/ പിടിഐ

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി ഹാര്‍വഡിലും കേംബ്രിജ് സര്‍വകലാശാലയിലും പഠിച്ചയാളാണെന്ന സഹോദരി പ്രിയങ്ക ഗാന്ധിയുടെ പരാമര്‍ശത്തെ പരിഹസിച്ച് ബിജെപി. ഹാര്‍വഡില്‍ പഠിച്ചയാളാണ് രാഹുല്‍ എന്ന് പ്രിയങ്ക ഗാന്ധി പ്രസംഗിച്ചെങ്കിലും, അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങളില്‍ ഒരിടത്തും അതേക്കുറിച്ച് പരാമര്‍ശിക്കുന്നില്ലെന്ന് ബിജെപി ഐടി സെല്‍ അധ്യക്ഷന്‍ അമിത് മാളവ്യ ചൂണ്ടിക്കാട്ടി. ഈ കുടുംബത്തെക്കുറിച്ച് വ്യാജമല്ലാത്തത് എന്തെങ്കിലും ഉണ്ടോയെന്നും മാളവ്യ പരിഹസിച്ചു.

ലോകത്തിലെ ഏറ്റവും മികച്ച സര്‍വകലാശാലകളായ ഹാര്‍വഡിലും കേംബ്രിജിലും പഠിച്ചിട്ടും രാഷ്ട്രീയ എതിരാളികള്‍ രാഹുല്‍ ഗാന്ധിയെ 'പപ്പു'വെന്ന് വിശേഷിപ്പിക്കുന്നതായി പ്രിയങ്ക പ്രസംഗിച്ചിരുന്നു.

'ലോകത്തിലെ 2 വലിയ സര്‍വകലാശാലകളായ ഹാര്‍വഡ്, കേംബ്രിജ് എന്നിവിടങ്ങളില്‍നിന്നു പഠിച്ചിറങ്ങിയ ആളാണ് എന്റെ ചേട്ടന്‍. അദ്ദേഹത്തെ പപ്പുവെന്നു ബിജെപി വിളിക്കുന്നു. രാഹുലിന്റെ ഡിഗ്രികളോ അദ്ദേഹത്തെക്കുറിച്ചുള്ള യാഥാര്‍ഥ്യങ്ങളോ കാണാതെ മാധ്യമങ്ങള്‍ അദ്ദേഹത്തെ പപ്പുവാക്കി. ലക്ഷക്കണക്കിനാളുകള്‍ക്കൊപ്പം രാജ്യത്തുടനീളം നടന്നപ്പോള്‍ അദ്ദേഹം പപ്പുവല്ലെന്നു മനസ്സിലാക്കി. ജനങ്ങള്‍ക്കൊപ്പം നടന്ന ശേഷം പാര്‍ലമെന്റില്‍ രാഹുല്‍ ചോദ്യങ്ങളുന്നയിച്ചപ്പോള്‍ കേന്ദ്രത്തിന് ഉത്തരംമുട്ടി; അവര്‍ ഭയന്നു.'  ഇതായിരുന്നു പ്രിയങ്ക ഗാന്ധിയുടെ വാക്കുകള്‍.

എന്നാല്‍, രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച തെരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങളില്‍ ഒരിടത്തും ഹാര്‍വഡ് സര്‍വകലാശാലയിലെ ബിരുദത്തെക്കുറിച്ചുള്ള പരാമര്‍ശമില്ലെന്ന് അമിത് മാളവ്യ ചൂണ്ടിക്കാട്ടി.

'രാഹുല്‍ ഗാന്ധി ഇതുവരെ സമര്‍പ്പിച്ചിട്ടുള്ള തെരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങളില്‍ ഒരിടത്തും അദ്ദേഹം ഹാര്‍വഡില്‍നിന്ന് നേടിയ ബിരുദത്തെക്കുറിച്ച് പറയുന്നില്ല. പ്രിയങ്ക ഗാന്ധി, അവരുടെ അയോഗ്യനാക്കപ്പെട്ട സഹോദരനേപ്പോലെ കള്ളം പറയുകയാണ്. ആ കുടുംബത്തെക്കുറിച്ച് വ്യാജമല്ലാത്തത് എന്തെങ്കിലുമുണ്ടോ? അവര്‍ തന്നെ പ്രസംഗത്തില്‍ എത്ര പ്രാവശ്യമാണ് പപ്പുവെന്ന് വിളിച്ചതെന്ന് എണ്ണാനാകുന്നില്ല' -മാളവ്യ കുറിച്ചു.

അതേസമയം അമിത് മാളവ്യയുടെ പരാമര്‍ശത്തെ കോണ്‍ഗ്രസിന്റെ സമൂഹമാധ്യമ വിഭാഗം അധ്യക്ഷ സുപ്രിയ ശ്രീനാട്ടെ തള്ളിക്കളഞ്ഞു. രാഹുല്‍ ഗാന്ധി ഹാര്‍വഡില്‍ പഠിച്ചിരുന്നതായും, പിതാവ് രാജീവ് ഗാന്ധി 1991ല്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സുരക്ഷാ കാരണങ്ങളാല്‍ മറ്റൊരു സര്‍വകലാശാലയിലേക്ക് പഠനം മാറ്റേണ്ടി വന്നതാണെന്നും അവര്‍ വിശദീകരിച്ചു.

സുരക്ഷാ കാരണങ്ങളാല്‍ ഒരാള്‍ക്ക് എന്തുകൊണ്ട് സ്‌കൂളുകളും കോളജുകളും മാറേണ്ടി വരുന്നതെന്ന് ബിജെപിക്ക് ഒരുകാലത്തും മനസ്സിലാകില്ലെന്ന് കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയ് വിമര്‍ശിച്ചു.'ബിജെപിയുടെ ഐടി സെല്‍ 'വാട്‌സാപ്പ് സര്‍വകലാശാല'യില്‍നിന്ന് വ്യാജ വാര്‍ത്തകളില്‍ ലഭിച്ച അവരുടെ ഡിഗ്രിയുടെ പേരില്‍ വീണ്ടും വീണ്ടും സ്വയം നാണംകെടുകയാണ്.' -ഗൊഗോയ് കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com