കുഞ്ഞുണ്ടാകാന്‍ അയല്‍വീട്ടിലെ എഴുവയസുകാരിയെ ബലി നല്‍കി; യുവാവ് അറസ്റ്റില്‍

ചാക്കിനുള്ളില്‍ നിറച്ച നിലയിലായിരുന്നു മൃതദേഹം. തലയിലും ശരീരത്തിലും മാരകമായ നിരവധി മുറിവുകള്‍ ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്‍ക്കത്ത: കുഞ്ഞുണ്ടാകാനായി അയല്‍വാസിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ ബലി നടത്തിയ സംഭവത്തില്‍ യുവാവ് പിടിയില്‍. ദക്ഷിണ കൊല്‍ക്കത്തയിലാണ് സംഭവം. ബിഹാര്‍ സ്വദേശിയായ അലോക് കുമാര്‍ എന്നയാളാണ് പിടിയിലായത്. ഞായറാഴ്ച രാത്രി ടില്‍ജാലയിലെ അലോകിന്റെ വീട്ടില്‍ വച്ച് ഏഴുവയസുകാരിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ചാക്കിനുള്ളില്‍ നിറച്ച നിലയിലായിരുന്നു മൃതദേഹം. തലയിലും ശരീരത്തിലും മാരകമായ നിരവധി മുറിവുകള്‍ ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.

ബിഹാര്‍ സ്വദേശിയായ അലോക് കുമാര്‍ ജോലിക്കായാണ് കൊല്‍ക്കത്തയില്‍ എത്തിയത്. കുഞ്ഞുണ്ടാകാത്തതിനെ തുടര്‍ന്ന് താന്ത്രികന്റെ നിര്‍ദേശമനുസരിച്ചാണ് എഴുവയസുകാരിയെ ബലി നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. നരബലി നടത്തിയാല്‍ കുട്ടിയുണ്ടാകുമെന്ന് താന്ത്രികന്‍ വിശ്വസിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് കൃത്യം നടത്തിയതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു.

താന്ത്രികന്‍ ബീഹാറില്‍ നിന്നുള്ളയാണെന്ന് പൊലീസ് പറഞ്ഞു. അദ്ദേഹത്തെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനുമായി പൊലീസ് സംഘം ബിഹാറിലേക്ക് പോകുമെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. മൂന്ന് തവണ യുവാവിന്റെ ഭാര്യക്ക് ഗര്‍ഭഛിദ്രം സംഭവിച്ചതോടെയാണ് യുവാവ് മന്ത്രവാദിയെ സമീപിച്ചത്. തുടര്‍ന്ന് നരബലി നല്‍കിയാല്‍ ഇതിന് പരിഹാരം ഉണ്ടാകുമെന്ന് താന്ത്രികന്‍ അറിയിച്ചതോടെയാണ് കൃത്യം നടത്താന്‍ തയ്യാറായതെന്ന് പൊലീസ് പറഞ്ഞു.

ഞായാറാഴ്ച രാവിലെ വീട്ടിലെ മാലിന്യം ചവറ്റുകൊട്ടയില്‍ തള്ളാന്‍ പോയ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയെ ആരെങ്കിലും കൊലപ്പെടുത്തിയതാകാമെന്ന സംശയത്തില്‍ സമീപത്തെ വീടുകളില്‍ പൊലീസ് തിരിച്ചില്‍ നടത്തുന്നതിനിടെ, ഞായറാഴ്ച രാത്രി അലോക് കുമാറിന്റെ വീട്ടില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പ്രകോപിതരായ നാട്ടുകാര്‍ പ്രതിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക ടില്‍ജാല പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം നടത്തി. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com