ഗെഹലോട്ടിന്റെ നേതാവ് സോണിയ അല്ല, വസുന്ധര രാജെ; അഴിമതിക്കെതിരെ പദയാത്രയുമായി സച്ചിന്‍ പൈലറ്റ്; രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

By സമകാലിക മലയാളം ഡെസ്ക്  |   Published: 09th May 2023 01:13 PM  |  

Last Updated: 09th May 2023 01:51 PM  |   A+A-   |  

sachin_pilot_new

സച്ചിൻ പൈലറ്റിന്റെ പ്രസ് മീറ്റ്/ പിടിഐ

 

ജയ്പൂര്‍: ഇടക്കാലത്തെ ശാന്തതയ്ക്ക് ശേഷം രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി. മുഖ്യമന്ത്രി അശോക് ഗെഹലോട്ടിനെതിരെ രൂക്ഷ വിമര്‍ശനവുമായി സച്ചിന്‍ പൈലറ്റ് രംഗത്തെത്തി. സോണിയാ ഗാന്ധി അല്ല, ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വസുന്ധര രാജെയാണ് ഗഹലോട്ടിന്റെ നേതാവ് എന്നും സച്ചിന്‍ പൈലറ്റ് ആരോപിച്ചു. 

ദോല്‍പൂരില്‍ അശോക് ഗെഹലോട്ട് നടത്തിയ പ്രസ്താവന ഇതാണ് തെളിയിക്കുന്നത്. മുന്‍ ബിജെപി സര്‍ക്കാരിനെതിരായ അഴിമതി ആരോപണങ്ങളില്‍ എന്തുകൊണ്ടാണ് നടപടിയെടുക്കാത്തത് എന്നതിന്റെ കാരണവും വ്യക്തമായി. ചിലര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയാണ്. അത്തരക്കാര്‍ വിജയിക്കില്ലെന്ന് സച്ചിന്‍ പറഞ്ഞു. 

ഇതാദ്യമായാണ് ഒരാള്‍ സ്വന്തം പാര്‍ട്ടിയിലെ എംപിമാരെയും എംഎല്‍എമാരെയും വിമര്‍ശിക്കുന്നത് കാണുന്നത്. ബിജെപിയില്‍ നിന്നുള്ള നേതാക്കളെ പുകഴ്ത്തുകയും കോണ്‍ഗ്രസ് നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നു. ഇത് തികച്ചും തെറ്റാണ്. പൊതുജനങ്ങള്‍ക്കാണ് ഏറെ പ്രാധാന്യമെന്നും, അവരേക്കാള്‍ വലിയ നേതാക്കളില്ലെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. 

അഴിമതിക്കെതിരെ അഞ്ചു ദിവസം നീളുന്ന പദയാത്ര നടത്തുമെന്നും സച്ചിന്‍ പൈലറ്റ് പ്രഖ്യാപിച്ചു. 'സന്‍ സംഘര്‍ഷ് യാത്ര' എന്നു പേരിട്ടിരിക്കുന്ന പദയാത്ര, അജ്മീറില്‍ നിന്നും ജയ്പൂരിലേക്കാണ്. മെയ് 11 ന് യാത്ര ആരംഭിക്കും. തുടര്‍നടപടി യാത്രയ്ക്ക് ശേഷം തീരുമാനിക്കുമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. 

രാജസ്ഥാനില്‍ അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറിയുണ്ടായത്. ഗെഹലോട്ടിനെ മാറ്റണമെന്നും, മുഖ്യമന്ത്രി സ്ഥാനം തനിക്ക് നല്‍കണമെന്നുമാണ് സച്ചിന്‍ പൈലറ്റ് ആവശ്യപ്പെട്ടിരുന്നത്. നേരത്തെ മുന്‍ ബിജെപി സര്‍ക്കാരിന്റെ അഴിമതി മുന്‍നിര്‍ത്തി, ഗെഹലോട്ട് സര്‍ക്കാരിനെതിരെ സച്ചിന്‍ പൈലറ്റ് ഉപവാസ സമരം നടത്തിയിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ

'കോടതി പരിഗണിക്കുന്ന വിഷയത്തില്‍ രാഷ്ട്രീയ പ്രസംഗം വേണ്ട'; എതിര്‍പ്പ് അറിയിച്ച് സുപ്രീം കോടതി

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ