സിബിഐ മേധാവിയായി മൂന്നുപേര്‍ പരിഗണനയില്‍; പട്ടികയില്‍ കര്‍ണാടക ഡിജിപിയും

By സമകാലിക മലയാളം ഡെസ്ക്  |   Published: 14th May 2023 11:46 AM  |  

Last Updated: 14th May 2023 11:46 AM  |   A+A-   |  

praveen_sood

പ്രവീൺ സൂദ്, സിബിഐ/ഫയൽ

 

ന്യൂഡല്‍ഹി: സിബിഐ മേധാവി സ്ഥാനത്തേക്ക് കര്‍ണാടക ഡിജിപി ഉള്‍പ്പെടെ മൂന്ന് ഉന്നത ഐപിഎസ് ഉദ്യോഗസ്ഥര്‍ പരിഗണനയില്‍. നിലവിലെ സിബിഐ ഡയറക്ടര്‍ സുബോധ് കുമാര്‍ ജയ്‌സ്വാളിന്റെ കാലാവധി ഈ മാസം 25 ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ മേധാവിയെ കണ്ടെത്താന്‍ ശ്രമം ആരംഭിച്ചത്. 

കര്‍ണാടക പൊലീസ് മേധാവി പ്രവീണ്‍ സൂദ്, മധ്യപ്രദേശ് ഡിജിപി സുധീര്‍ സക്‌സേന, ഡല്‍ഹി കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ താജ് ഹസന്‍ എന്നിവരാണ് പരിഗണനയിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി എന്നിവരടങ്ങിയ കമ്മിറ്റിയാണ് ഈ മൂന്നു പേരുകള്‍ ശുപാര്‍ശ ചെയ്തത്. 

കേന്ദ്രമന്ത്രിസഭയുടെ അപ്പോയിന്റ്‌സ് കമ്മിറ്റിയാണ് ഈ മൂന്നുപേരുകളില്‍ നിന്നും പുതിയ മേധാവിയെ തീരുമാനിക്കുക. 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ പ്രവീണ്‍ സൂദിന്റെ പേരിനാണ് മുന്‍തൂക്കം. താജ് ഹസന്‍ ഇപ്പോള്‍ ഫയര്‍സര്‍വീസ്, സിവില്‍ ഡിഫന്‍സ് ആന്റ് ഹോം ഗാര്‍ഡ്‌സ് ഡയറക്ടര്‍ ജനറല്‍ ആണ്. രണ്ടു വര്‍ഷമാണ് സിബിഐ മേധാവിയുടെ കാലാവധി. 

കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ കേസുകളുടെ പേരില്‍ മുമ്പ് ഡി കെ ശിവകുമാര്‍ പ്രവീണ്‍ സൂദിനെതിരെ രംഗത്തു വന്നിരുന്നു. പുതിയ കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍, ലോക്പാല്‍ അംഗം എന്നിവരുടെ നിയമനവും പ്രധാനമന്ത്രി-ചീഫ് ജസ്റ്റിസ്- പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ ഉന്നതതല യോഗത്തില്‍ ചര്‍ച്ചയായതായി റിപ്പോര്‍ട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഇന്‍സ്റ്റഗ്രാം പോസ്റ്റിന് പിന്നാലെ മഹാരാഷ്ട്രയിലെ അകോലയില്‍ സംഘര്‍ഷം; കടകള്‍ക്കും വാഹനങ്ങള്‍ക്കും തീയിട്ടു;  നിരോധനാജ്ഞ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ