പീഡന കേസില്‍ ശ്രീനിവാസിന് ആശ്വാസം; യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന് മുന്‍കൂര്‍ ജാമ്യം 

സഹപ്രവര്‍ത്തകയുടെ പീഡന പരാതിക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി
ബി വി ശ്രീനിവാസ്, ഫയൽ ചിത്രം
ബി വി ശ്രീനിവാസ്, ഫയൽ ചിത്രം

ന്യൂഡല്‍ഹി: സഹപ്രവര്‍ത്തകയുടെ പീഡന പരാതിക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. അറസ്റ്റിന്റെ ഘട്ടത്തില്‍ ജാമ്യ തുകയായ അന്‍പതിനായിരം രൂപ കെട്ടിവെച്ച് മുന്‍കൂര്‍ ജാമ്യത്തിന്റെ അടിസ്ഥാനത്തില്‍ ഹര്‍ജിക്കാരനെ പോകാന്‍ അനുവദിക്കണമെന്നും അന്വേഷണവുമായി ബി വി ശ്രീനിവാസ് സഹകരിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.  

സഹപ്രവര്‍ത്തകയുടെ പരാതിയില്‍ അസം പൊലീസ് എടുത്ത കേസിനെതിരെയാണ് ശ്രീനിവാസ് കോടതിയെ സമീപിച്ചത്. 
പ്രഥമദൃഷ്ട്യാ, എഫ്ഐആര്‍ ഫയല്‍ ചെയ്യുന്നതിന് ഏകദേശം രണ്ട് മാസത്തെ കാലതാമസം കണക്കിലെടുക്കുമ്പോള്‍, ഹര്‍ജിക്കാരന് ഇടക്കാല സംരക്ഷണത്തിന് അര്‍ഹതയുണ്ടെന്ന് നിരീക്ഷിച്ച് കൊണ്ടായിരുന്നു ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, സഞ്ജയ് കരോള്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി. ശ്രീനിവാസിനെതിരെ പരാതി നല്‍കുന്നതിന് മുന്‍പ് ട്വീറ്റുകളിലും മീഡിയയ്ക്ക് അനുവദിച്ച അഭിമുഖങ്ങളിലും ലൈംഗികാതിക്രമത്തെ സംബന്ധിച്ച ആരോപണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 

ശ്രീനിവാസിനെതിരെ അസമിലെ വനിതാ നേതാവാണ് പരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിച്ചു, ഭീഷണിപ്പെടുത്തി, ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തി ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നതടക്കമുള്ള ആരോപണങ്ങളാണ് വനിതാ നേതാവ് പരാതിയില്‍ പറഞ്ഞത്. ഇതിനെ തുടര്‍ന്നാണ് അസം പൊലീസ് കേസ് എടുത്തത്. ശ്രീനിവാസ് തന്നെ അപമാനിക്കുകയും ലിംഗവിവേചനത്തോടെ പെരുമാറുകയും ചെയ്‌തെന്നും ഇവര്‍ പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി ദിസ്പുര്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.

പൊലീസിന് നല്‍കിയ പരാതിക്ക് പുറമേ മജിസ്ട്രേട്ടിന് മുന്നിലും വനിതാ നേതാവ് മൊഴി നല്‍കിയിരുന്നു. ഇവരുടെ ട്വീറ്റുകളുടെ അടിസ്ഥാനത്തില്‍ ദേശീയ വനിതാ കമ്മിഷനും സ്വമേധയാ കേസെടുത്തിരുന്നു. കഴിഞ്ഞ ആറ് മാസമായി ശ്രീനിവാസ് തന്നെ തുടര്‍ച്ചയായി ഉപദ്രവിക്കുന്നുവെന്നാണ് വനിതാ നേതാവിന്റെ പരാതി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com