ഡല്‍ഹി അധികാരത്തര്‍ക്കം; വിട്ടുകൊടുക്കാതെ കേന്ദ്രം, ഓര്‍ഡിനന്‍സ് ഇറക്കിയതിന് പിന്നാലെ പുനപ്പരിശോധന ഹര്‍ജി

ഡല്‍ഹി അധികാരത്തര്‍ക്കത്തില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന് അനുകൂലമായ സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രം പുനപ്പരിശേധന ഹര്‍ജി നല്‍കി
അരവിന്ദ് കെജരിവാള്‍, നരേന്ദ്ര മോദി
അരവിന്ദ് കെജരിവാള്‍, നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ഡല്‍ഹി അധികാരത്തര്‍ക്കത്തില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന് അനുകൂലമായ സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രം പുനപ്പരിശേധന ഹര്‍ജി നല്‍കി. കഴിഞ്ഞയാഴ്ച സുപ്രീംകോടതി ഭരണഘടന ബെഞ്ച് പുറപ്പെടുവിച്ച വിധിയില്‍, ഉദ്യോഗസ്ഥരുടെ സ്ഥലം  മാറ്റവും നിയമനവും ഉള്‍പ്പെടെയുള്ള സേവന കാര്യങ്ങളില്‍ ഡല്‍ഹി സര്‍ക്കാരിന് എക്‌സിക്യൂട്ടൂീവ് അധികാരം നല്‍കിയിരുന്നു. പൊലീസ്, ഭൂമി, പൊതുസമാധാനം എന്നിവ ഒഴികെയുള്ള അധികാരങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് ആണെന്നും മന്ത്രിസഭയുടെ നിര്‍ദേശപ്രകാരമാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനനായ അഞ്ചംഗ ഭരണഘടന ബെഞ്ച് ഉത്തരവിട്ടിരുന്നു. 

ഈ ഉത്തരവിനെ മറികടക്കാന്‍ കഴിഞ്ഞദിവസം കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരുന്നു. സ്ഥലം മാറ്റം, നിയമനം എന്നിവയ്ക്ക് ഓര്‍ഡിനന്‍സിലൂടെ ക്യാപിറ്റല്‍ സിവില്‍ സര്‍വീസ് അതോറിറ്റി എന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ അതോറിറ്റി രൂപീകരിച്ചു.  

ഡല്‍ഹി മുഖ്യമന്ത്രിയാണ് അതോറിറ്റിയുടെ ചെയര്‍മാന്‍. ചീഫ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരാണ് മറ്റു അംഗങ്ങള്‍. അതോറിറ്റി തീരുമാനിക്കേണ്ട എല്ലാ കാര്യങ്ങളും ഹാജരായ അംഗങ്ങളുടെയും വോട്ടു ചെയ്യുന്നവരുടെയും ഭൂരിപക്ഷ വോട്ടുകള്‍ കണക്കാക്കി തീരുമാനിക്കപ്പെടും. 

സമിതിയിലെ അംഗങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായാല്‍ ലഫ്റ്റനന്റ് ഗവര്‍ണറായിരിക്കും അന്തിമ തീരുമാനമെടുക്കുകയെന്ന് ഓര്‍ഡിനന്‍സില്‍ പറയുന്നു. വകുപ്പ് സെക്രട്ടറിക്ക് മന്ത്രിമാരുടെ കൗണ്‍സിലിലേക്ക് കൂടുതല്‍ അധികാരവും ഓര്‍ഡിനന്‍സ് നല്‍കുന്നു.

ദേശീയ തലസ്ഥാനമായതിനാല്‍, പ്രദേശത്തെ ഭരണം മറ്റു കേന്ദ്രഭരണ മേഖലകളില്‍ നിന്ന് വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടി 2015ലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡല്‍ഹി സര്‍ക്കാരിന്റെ അധികാരങ്ങള്‍ പരിമിതപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതിനെതിരെ ഡല്‍ഹി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com