വിമാന ഇടപാടില്‍ കോഴ; റോള്‍സ് റോയ്‌സിനെതിരെ സിബിഐ കേസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th May 2023 10:00 AM |
Last Updated: 30th May 2023 10:00 AM | A+A A- |

ഫയല്‍ ചിത്രം
ന്യൂഡല്‍ഹി: അഡ്വാന്‍സ്ഡ് ജെറ്റ് ട്രെയിനര്‍ വിമാന ഇടപാടില്‍ ക്രമക്കേട് നടന്നതായുള്ള ആരോപണത്തില്‍ ബിട്ടിഷ് കമ്പനിയായ റോള്‍സ് റോയ്‌സിനെതിരെ സിബിഐ കേസ്. ഇടനിലക്കാര്‍ വഴി വന്‍കോഴ നല്‍കിയെന്ന ആരോപണത്തില്‍ റോള്‍സ് റോയ്‌സിന് പുറമേ ആയുധ ഇടപാടുകാരനായ സുധീര്‍ ചൗധരി, ബ്രിട്ടിഷ് എയ്‌റോസ്‌പേസ് സിസ്റ്റം എന്നിവരാണ് മറ്റു പ്രതികള്‍. 2003-2012 കാലത്ത് നടന്ന വിമാന ഇടപാടിനെപ്പറ്റി 6 വര്‍ഷമായി സിബിഐ അന്വേഷണം നടത്തിവരികയായിരുന്നു.
ഇടനിലക്കാരെ ഇടപെടുത്തരുതെന്നു കരാര്‍ വ്യവസ്ഥയുണ്ടായിട്ടും അതു ചെയ്തു എന്നതാണ് റോള്‍സ് റോയ്‌സ് നേരിടുന്ന ആരോപണം.റോള്‍സ് റോയ്‌സ്, ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങളില്‍ പ്രതിരോധകരാറുകള്‍ നേടിയെടുക്കാന്‍ വഴിവിട്ട് ഇടപെട്ടുവെന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ യുകെയില്‍ 2012ല്‍ അന്വേഷണം നടന്നിരുന്നു. മൂന്ന് പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്ന് കരാര്‍ ലഭിക്കുന്നതിന് കമ്മീഷന്‍ നല്‍കിയതായാണ് റോള്‍സ് റോയ്‌സിനെതിരെ ആരോപണം. 2018-19 കാലഘട്ടത്തിലെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് സിബിഐ പ്രത്യേകം അന്വേഷിക്കുന്നുണ്ട്.
ലൈസന്‍സ് ഫീസ് വര്‍ധിപ്പിക്കാന്‍ മാത്രം (4040 കോടിയില്‍ നിന്ന് 7575 കോടിയാക്കാന്‍) റോള്‍സ് റോയസ് 10.10 കോടി രൂപ (ഇപ്പോഴത്തെ നിരക്കില്‍) ഇടനിലക്കാര്‍ക്കു കോഴ നല്‍കിയെന്നും കണ്ടെത്തി. കമ്പനിയുടെ നികുതികാര്യങ്ങളിലേക്ക് അന്വേഷണം നടത്താതിരിക്കാന്‍ റോള്‍സ് റോയ്‌സ് ഇന്ത്യയിലെ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു 14.25 കോടി കോഴ നല്‍കിയെന്നും തെളിഞ്ഞു. ഇവര്‍ 2005-2009 കാലഘട്ടത്തില്‍ നടത്തിയ ഇടപാടുകള്‍ കരാര്‍ലംഘനമാണെന്ന് ഈ വിധിന്യായത്തില്‍നിന്നു വ്യക്തമാണെന്നു സിബിഐയുടെ എഫ്‌ഐആറില്‍ പറയുന്നു.
എന്‍ഡിഎ ഭരണ കാലത്ത് 2003ല്‍ സുരക്ഷാകാര്യ മന്ത്രിസഭാസമിതിയാണ് 66 ഹോക്ക് വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനമെടുത്തത്. എന്‍ഡിഎ കാലത്തുതന്നെ ഇന്ത്യ ബ്രിട്ടന്‍ ധാരണാപത്രവും ഒപ്പിട്ടു. തുടര്‍ഇടപാടുകള്‍ നടന്നത് യുപിഎ സര്‍ക്കാരിന്റെ കാലത്താണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
രണ്ടാം മോദി സർക്കാരിന്റെ നാലാം വാർഷികം ഇന്ന്; മഹാ ജനസമ്പർക്ക അഭിയാൻ, 50 റാലികൾ; ആഘോഷിക്കാൻ ബിജെപി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ