മണിപ്പൂരിലേത് സമുദായ സംഘര്‍ഷം; ഭീകരവാദ ഭീഷണി ഇല്ലെന്ന് സേനാ മേധാവി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th May 2023 11:57 AM  |  

Last Updated: 30th May 2023 11:59 AM  |   A+A-   |  

anil_chauhan

ജനറൽ അനിൽ ചൗഹാന്റെ വാർത്താസമ്മേളനം/ എഎൻഐ

 

ഇംഫാല്‍: സംഘര്‍ഷ ബാധിതമായ മണിപ്പൂരില്‍ ഭീകരവാദ ഭീഷണിയില്ലെന്ന് സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്‍. രണ്ടു സമുദായങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് സംഘര്‍ഷമായി മാറിയത്. ഇത് ക്രമസമാധാന വിഷയമാണ്. മണിപ്പൂരില്‍ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാന്‍ സൈന്യം സംസ്ഥാന സര്‍ക്കാരിനെ സഹായിക്കുകയാണ്. സ്ഥിതി സാധാരണനിലയിലാകാന്‍ സമയമെടുക്കുമെന്നും സംയുക്ത സൈനിക മേധാവി പറഞ്ഞു. 

നിലവില്‍ സംസ്ഥാനത്ത് ഭീകരവാദ ഭീഷണി നിലനില്‍ക്കുന്നില്ല. സൈന്യം നല്ല നിലയിലാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ധാരാളം ജീവനുകള്‍ സംരക്ഷിക്കാനായി. മണിപ്പൂരിലെ വെല്ലുവിളികള്‍ അവസാനിച്ചിട്ടില്ല, ഇതിന് കുറച്ച് സമയമെടുക്കും. പക്ഷേ അവ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജനറല്‍ അനില്‍ ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു. 

അതിനിടെ മണിപ്പൂരിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് സംഘര്‍ഷബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനായി അമിത് ഷാ ഇന്നും ചര്‍ച്ചകള്‍ നടത്തും. ഏറ്റുമുട്ടിയ മെയ്തി, കുക്കി സമുദായത്തിന്റെ നേതാക്കളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി കൂടിക്കാഴ്ച നടത്തിയേക്കും. 

നാലു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ അമിത് ഷാ ഇന്നലെ ഗവര്‍ണര്‍ അനസൂയ ഉര്‍കെ, മുഖ്യമന്ത്രി ബീരേന്‍ സിങ്, മന്ത്രിമാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, സേനാ തലവന്മാര്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തിയിരുന്നു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ അമിത് ഷാ വിലയിരുത്തി. വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ഈ മാസം 31 വരെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിരോധിച്ചിരിക്കുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'അവള്‍ എന്നെ അവഗണിച്ചു, ഒരു പശ്ചാത്താപവുമില്ല'; ഡല്‍ഹി അരുംകൊലയില്‍ പ്രതിയുടെ കുറ്റസമ്മത മൊഴി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ