പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പരിസരത്തെ സിസിടിവി ഓഫാക്കി, സ്റ്റേഷനിലേത് ഓഫാക്കാന്‍ മറന്നു,  തൊണ്ടിമുതല്‍ മോഷ്ടിച്ച പൊലീസ് സംഘം പിടിയില്‍ 

125 കുപ്പി മദ്യവും ഓഫീസിലെ 15 ടേബിള്‍ ഫാനുമാണ് എഎസ്‌ഐ അടക്കമുള്ള അഞ്ച് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് സ്റ്റേഷനില്‍ നിന്ന് മോഷ്ടിച്ചത്.

അഹമ്മദാബാദ്: പൊലീസ് സ്റ്റേഷനില്‍ നിന്ന് മദ്യക്കുപ്പികളും ടേബിള്‍ ഫാനുകളും മോഷ്ടിച്ച പൊലീസ് സംഘം പിടിയില്‍. ഗുജറാത്തിലെ മഹാസാഗര്‍ ജില്ലയിലാണ് സംഭവം. 125 കുപ്പി മദ്യവും ഓഫീസിലെ 15 ടേബിള്‍ ഫാനുമാണ് എഎസ്‌ഐ അടക്കമുള്ള അഞ്ച് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് സ്റ്റേഷനില്‍ നിന്ന് മോഷ്ടിച്ചത്. പൊലീസ് സ്റ്റേഷനിലെ സിസിടിവി ആണ് ഇവരെ കുടുക്കിയത്. 

വനിതകള്‍ക്കുള്ള ലോക്കപ്പിലാണ് തൊണ്ടിമുതല്‍ സൂക്ഷിച്ചിരുന്നത്. 2 ലക്ഷം രൂപയോളം വിലയാണ് കണക്കാക്കുന്നത്. ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ 428 ബോട്ടിലുകളും കള്ളകടത്തുകാരനില്‍ നിന്ന് പിടിച്ച 75 ടേബിള്‍ ഫാനുകളുമാണ് ഉണ്ടായിരുന്നത്. ഒന്നരലക്ഷത്തോളം വിലവരുന്ന മദ്യകുപ്പികളും അമ്പതിനായിരം രൂപയിലധികം വരുന്ന ഫാനുകളുമാണ് മോഷണം പോയത്. നവംബര്‍ 13ന്  സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അരവിന്ദ് ഖാന്ത് എന്ന എഎസ്‌ഐയുടെ നേതൃത്വത്തിലാണ് മോഷണം നടന്നതെന്ന് എഫ്‌ഐആറില്‍ പറയുന്നു. 

ഒക്ടോബര്‍ 25നാണ് മോഷണം നടന്നത്. എഎസ്‌ഐ, ഹെഡ് കോണ്‍സ്റ്റബിള്‍ ലളിത് പാര്‍മര്‍ എന്നിവര്‍ രാത്രി ഡ്യൂട്ടിക്കിടെ ലോക്കപ്പില്‍ കയറി മോഷണം നടത്തുകയായിരുന്നു. പരിസരത്തുള്ള സിസിടിവി ഹെഡ് കോണ്‍സ്റ്റബിള്‍ അല്‍പ നേരത്തേക്ക് ഓഫാക്കിയും വച്ചിരുന്നു. മോഷണത്തില്‍ സഹായിച്ച പ്രദേശവാസികള്‍ ഒളിവിലാണ്.

തൊണ്ടി മുതല്‍ സൂക്ഷിക്കുന്ന മുറിയില്‍ സ്ഥലമില്ലാതെ വന്നതിനാലാണ് വനിതാ ലോക്കപ്പില്‍ സൂക്ഷിച്ചത്. കഴിഞ്ഞ ദിവസം ഉന്നത ഉദ്യോഗസ്ഥരുടെ സന്ദര്‍ശനത്തിന് മുന്നോടിയായി സ്റ്റേഷനിലെ സാധനങ്ങളുടെ കണക്കുകള്‍ എടുക്കയും  അടുക്കി വയ്ക്കുകയും ചെയ്തപ്പോഴാണ് തൊണ്ടി മുതലിലെ കുറവ് ശ്രദ്ധയില്‍പ്പെടുന്നത്. പൊട്ടിച്ച നിലയില്‍ ഫാനിന്റെ ബോക്‌സുകള്‍ കണ്ടതോടെ പരിശോധന നടത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com