വെല്ലുവിളികളും പ്രതിസന്ധികളും നിറഞ്ഞ രക്ഷാദൗത്യം; ആത്മധൈര്യം ചോരാതെ തൊഴിലാളികള്‍, 17-ാം നാള്‍ ജീവിതത്തിലേക്ക്

ഇന്ന് രാത്രി എട്ട് മണിയോടെ ആദ്യ തൊളിലാളിയെ പുറത്തെത്തിച്ചു
തുരങ്കത്തിൽ നിന്നും തൊഴിലാളികളെ പുറത്തെടുക്കുന്നു/ പിടിഐ
തുരങ്കത്തിൽ നിന്നും തൊഴിലാളികളെ പുറത്തെടുക്കുന്നു/ പിടിഐ

ഉത്തരകാശി: നവംബർ 12ന് പുലർച്ചെ അഞ്ചരയോടെയാണ് നിർമാണത്തിലിരുന്ന സിൽക്യാര തുരങ്കത്തിൽ അപകടമുണ്ടാകുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 41 തൊഴിലാളികളാണ് തുരങ്കത്തിൽ കുടുങ്ങിയത്. ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. നവംബർ 13ന് ആദ്യഘട്ടത്തിൽ ഓക്‌സിജനും ഭക്ഷണവും വെള്ളവുമെത്തിക്കാനുള്ള സ്റ്റീൽ പൈപ്പ് തൊഴിലാളികൾക്ക് എത്തിച്ചു. അവശ്യസാധനങ്ങൾ എത്തിക്കുന്നതിനൊപ്പം തൊഴിലാളികളുമായി സംസാരിക്കാനും ഇതുവഴി കഴിഞ്ഞു. 

രക്ഷാപ്രവർത്തനത്തിനായി ആദ്യം എത്തിച്ച മെഷീൻ ഉദ്ദേശിച്ച ഫലം തരാതെ വന്നതോടെ അമേരിക്കൻ നിർമിത ഓഗർ മെഷീൻ  എത്തിക്കാൻ  എൻഎച്ച്ഐഡിസിഎൽ ആവശ്യപ്പെട്ടു. ഓഗർ മെഷീൻ ഉപയോ​ഗിച്ച് ആദ്യം നിർമിച്ച പ്ലാറ്റ്‌ഫോം മണ്ണിടിഞ്ഞ് തകർന്നു. പിന്നീട് നവംബർ 16-ന് മറ്റൊരു പ്ലാറ്റ്‌ഫോം സജ്ജമാക്കി അർധരാത്രിയോടെ ഓഗർ രക്ഷാദൗത്യം ആരംഭിച്ചു. തൊട്ടടുത്ത ദിവസം 24 മീറ്റർ തുരന്ന് നാല് പൈപ്പുകൾ അകത്ത് കടത്തി.

അഞ്ചാമത്തെ പൈപ്പ് കടത്തുമ്പോൾ പാറക്കല്ല് തടസ്സമായി. തുരങ്കത്തിൽ വിള്ളൽ കണ്ടതോടെ രക്ഷാപ്രവർത്തനം ഉടൻ നിർത്തിവെച്ചു. തുടർന്ന് ഓഗർ മെഷീൻ പ്രവർത്തിക്കുമ്പോഴുള്ള പ്രകമ്പനം കൂടുതൽ അപകടമുണ്ടാക്കുമെന്ന വിദഗ്ധരുടെ അഭിപ്രായത്തെ തുടർന്ന് ഡ്രില്ലിങ് പുനരാരംഭിക്കാൻ സാധിച്ചില്ല. ഇതോടെ രക്ഷാപ്രവർത്തനത്തിന് മറ്റുവഴികൾ തേടി. തുരങ്കത്തിന് മുകളിൽ നിന്നുള്ള വെർട്ടിക്കൽ ഡ്രില്ലിങ് ഉൾപ്പെടെ അഞ്ച് രക്ഷാദൗത്യങ്ങൾ ഒരേസമയം നടത്താൻ തീരുമാനിച്ചു.

ആറ് ഇഞ്ച്‌ വ്യാസമുള്ള പൈപ്പ് തൊഴിലാളികൾക്കരികിലെത്തിച്ചു. ഇതുവഴി ഭക്ഷണവും അവശ്യസാധനങ്ങളും എത്തിക്കാൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചു. നവംബർ 21നാണ് തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങൾ പുറത്തുവിട്ടു. അവർ കുടുംബാങ്ങളുമായി സംസാരിച്ചു. അന്നു തന്നെ തുരങ്കത്തിന്റെ മറുഭാഗത്ത് നിന്ന് മറ്റൊരു തുരങ്കം നിർമ്മിക്കാനും ആരംഭിച്ചു. നവംബർ 22-ന് 45 മീറ്റർ ദൂരം ഡ്രില്ലിങ് പൂർത്തിയാക്കി പൈപ്പുകൾ സ്ഥാപിച്ചു. ലക്ഷ്യത്തിലേക്ക് 12 മീറ്റർ മാത്രമുള്ളപ്പോൾ ഓഗർ മെഷീന്റെ വഴിമുടക്കി ലോഹഭാഗങ്ങൾ പ്രത്യക്ഷപ്പെട്ടു. അതോടെ ഡ്രില്ലിങ് വീണ്ടും തടസപ്പെട്ടു.

നവംബർ 23ന് ഡ്രില്ലിങ് പുനരാരംഭിച്ചെങ്കിലും ഓഗർ മെഷീൻ സ്ഥാപിച്ച പ്ലാറ്റ്‌ഫോമിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടതോടെ വീണ്ടും ഡ്രില്ലിങ് നിർത്തിവെച്ചു. അടുത്ത ദിവസം ഓഗർ മെഷീന്റെ ഷാഫ്റ്റും ബ്ലേഡും പൊട്ടി അകത്ത് കുടുങ്ങിയതോടെ വീണ്ടും രക്ഷാപ്രവർത്തനം നിലച്ചു. പിന്നാലെ ഓഗർ മെഷീൻ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം പൂർണ്ണമായി ഉപേക്ഷിച്ചു. മെഷീന്റെ ഭാഗങ്ങൾ നീക്കിയാലുടൻ മാനുവൽ ഡ്രില്ലിങ് ആരംഭിക്കാൻ തീരുമാനിച്ചു. മുകളിൽ നിന്ന് വെർട്ടിക്കൽ ഡ്രില്ലിങ് ആരംഭിച്ചു.

നവംബർ 27-ന് ഇന്ത്യൻ സൈന്യവും രക്ഷപ്രവർത്തനത്തിന്റെ ഭാഗമായി. റാറ്റ് ഹോൾ മൈനേഴ്‌സ് എന്നറിയപ്പെടുന്ന വിദഗ്ധ തൊഴിലാളികൾ സിൽകാരയിൽ എത്തി. വെർട്ടിക്കൽ ഡ്രില്ലിങ് 31 മീറ്റർ പിന്നിട്ടു. നവംബർ 28-ന് റാറ്റ് ഹോൾ മൈനിങ്ങിലൂടെ ഡ്രില്ലിങ് 50 മീറ്റർ പിന്നിട്ടു. ഇതിന് പിന്നാലെ ആശ്വസ വാർത്തകളും എത്തി. ഇന്ന് രാത്രിയോടെ മുഴുവൻ തൊഴിലാളികളെയും പുറത്തെത്തിച്ചു. രക്ഷാദൗത്യം വിജയം.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com