പുനഃസംഘടിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയുടെ ആദ്യ യോഗം 16 ന്; ഹൈദരാബാദില്‍ കൂറ്റന്‍ റാലി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th September 2023 03:16 PM  |  

Last Updated: 04th September 2023 03:16 PM  |   A+A-   |  

mallikarjun_kharge

മല്ലികാർജുൻ ഖാർ​ഗെ/ ഫയൽ

 

ന്യൂഡല്‍ഹി: പുനഃസംഘടിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയുടെ ആദ്യ യോഗം ഈ മാസം 16 ന് ഹൈദരാബാദില്‍ ചേരും. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് യോഗം വിളിച്ചത്. സെപ്റ്റംബര്‍ 17 ന് വൈകീട്ട് കൂറ്റന്‍ റാലിയും സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു. 

തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിലാണ് പ്രവര്‍ത്തകസമിതി യോഗവും റാലിയും ഹൈദരാബാദില്‍ സംഘടിപ്പിക്കുന്നത്. കോണ്‍ഗ്രസ് പ്രസിഡന്റായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചുമതലയേറ്റ് 10 മാസത്തിന് ശേഷമാണ് പ്രവര്‍ത്തക സമിതി പുനഃസംഘടിപ്പിച്ചത്. പ്രവര്‍ത്തക സമിതിയില്‍ 39 സ്ഥിരം അംഗങ്ങളും 32 സ്ഥിരം ക്ഷണിതാക്കളും 13 പ്രത്യേക ക്ഷണിതാക്കളുമാണുള്ളത്. 

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്കെതിരെ മത്സരിച്ച ശശി തരൂരും, ഹൈക്കമാന്‍ഡിനെതിരെ നേരത്തെ കത്തെഴുതിയ ജി 23 ഗ്രൂപ്പില്‍പ്പെട്ട ആനന്ദ് ശര്‍മ്മ, മുകുള്‍ വാസ്‌നിക് തുടങ്ങിയവര്‍ 84 അംഗ പാര്‍ട്ടി ഉന്നതാധികാര സമിതിയില്‍ ഉള്‍പ്പെടുന്നു. പ്രവര്‍ത്തക സമിതി യോഗത്തിലേക്ക് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്മാരെയും സംസ്ഥാന നിയമസഭാ കക്ഷി നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്. 

പ്രവര്‍ത്തകസമിതി അംഗങ്ങളുടെ സംഘടനാ ചുമതലകള്‍ അടക്കം യോഗത്തില്‍ തീരുമാനിച്ചേക്കും. പ്രവര്‍ത്തകസമിതി യോഗത്തിന്റെ സമാപനത്തോട് അനുബന്ധിച്ച് ഹൈദരാബാദില്‍ നടക്കുന്ന റാലി തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം കുറിക്കല്‍ കൂടിയാകും. കര്‍ണാടക മാതൃകയില്‍, അഞ്ചിന ക്ഷേമ പദ്ധതികള്‍ റാലിയില്‍ കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്ത്രങ്ങളൊരുക്കാന്‍; അടിയന്തര കോണ്‍ഗ്രസ് നേതൃയോഗം വിളിച്ച് സോണിയാഗാന്ധി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ