'നിയമ വ്യവസ്ഥകള്‍ അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്താന്‍ എപ്പോഴും തയ്യാര്‍': ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

കാലാവധി അവസാനിക്കുന്നതിനു മുമ്പ് തെരഞ്ഞെടുപ്പ് നടത്തുക എന്നതാണ് കമ്മീഷന്റെ ഉത്തരവാദിത്തമെന്ന് ചീഫ് ഇലക്ഷൻ കമ്മീഷണർ പറഞ്ഞു
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ/ പിടിഐ
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ/ പിടിഐ

ന്യൂഡല്‍ഹി: ഭരണഘടനാ വ്യവസ്ഥകളും ജനപ്രാതിനിധ്യ (ആര്‍പി) നിയമവും അനുസരിച്ച്, സഭകളുടെ കാലാവധി അവസാനിക്കുന്നതിനു മുമ്പ് തെരഞ്ഞെടുപ്പ് നടത്തുകയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍. ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് എന്ന നിർദേശവുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായ മധ്യപ്രദേശില്‍, തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ എത്തിയതായിരുന്നു എത്തിയതായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും സഹ കമ്മീഷണര്‍മാരും. ഇതിനിടെ, ഒറ്റ രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് എന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇലക്ഷന്‍ നടത്താന്‍ കമ്മീഷന്‍ സജ്ജമാണോയെന്ന് മാധ്യമങ്ങള്‍ ചോദ്യമുന്നയിച്ചത്.  

'സമയത്തിന് മുമ്പ് തെരഞ്ഞെടുപ്പ് നടത്തുക എന്നതാണ് ഞങ്ങളുടെ ജോലി. ആ സമയം ഭരണഘടനയിലും ജനപ്രാതിനിധ്യ നിയമത്തിലും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ആര്‍ട്ടിക്കിള്‍ 83 (2) പറയുന്നത്  പാര്‍ലമെന്റിന്റെ കാലാവധി 5 വര്‍ഷം ആയിരിക്കുമെന്നാണ്. '

'അതിന്റെ അനുബന്ധമായ ആര്‍പി നിയമത്തിലെ സെക്ഷന്‍ 14 അനുസരിച്ച് ആറു മാസം മുമ്പ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാമെന്ന് പറയുന്നു. സംസ്ഥാന അസംബ്ലികള്‍ക്കും സമാനമായ ഒരു സാഹചര്യം നിലവിലുണ്ട്. നിയമ വ്യവസ്ഥകള്‍ അനുസരിച്ച്, തെരഞ്ഞെടുപ്പ് നടത്താന്‍ ഞങ്ങള്‍ എപ്പോഴും തയ്യാറാണ്'. രാജീവ് കുമാര്‍ മറുപടി നല്‍കി. 

ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് നിര്‍ദേശം പഠിക്കാന്‍ മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ അധ്യക്ഷതയില്‍ എട്ടംഗ ഉന്നതതല സമിതി കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ, മുന്‍ കേന്ദ്രമന്ത്രി ഗുലാം നബി ആസാദ്, മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ തുടങ്ങിയവര്‍ സമിതിയില്‍ അംഗങ്ങളാണ്. 

സമിതിയില്‍ നിന്നും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പിന്മാറിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ തഴഞ്ഞതില്‍ പ്രതിഷേധിച്ചാണ് പിന്മാറ്റം. സമിതി ഇന്നലെ രാം നാഥ് കോവിന്ദിന്റെ അധ്യക്ഷതയില്‍ ആദ്യ യോഗം ചേര്‍ന്നിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com