പൂച്ചകളിലൂടെ പകരുന്ന വൈറസ്; ബെന്നാർഘട്ട നാഷണൽ പാർക്കിൽ രണ്ടാഴ്‌ചക്കകം ചത്തത് ഏഴ് പുലിക്കുഞ്ഞുങ്ങൾ

25 പുള്ളിപ്പുലി കുഞ്ഞുങ്ങളിൽ 15 എണ്ണത്തിനും രോ​ഗം സ്ഥിരീകരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: ബെന്നാർഘട്ട നാഷണൽ പാർക്കിൽ ഏഴ് പുള്ളിപ്പുലി കുഞ്ഞുങ്ങൾ വൈറസ് ബാധയെ തുടർന്ന് ചത്തു. പൂച്ചകളിലൂടെ പടരുന്ന ഫീലൈൻ പൻലെകൊപീനിയ എന്ന സാംക്രമിക രോഗമാണ് പുലിക്കുഞ്ഞുങ്ങളിൽ ബാധിച്ചതെന്ന് കണ്ടെത്തി. ഫീലൈൻ പർവൊ വൈറസ് ആണ് രോഗം പരത്തുന്നത്. ഓ​ഗസ്റ്റ് 22നും സെപ്‌റ്റംബർ അഞ്ചിനുമിടയിലാണ് വൈറസ് ബാധയെ തുടർന്ന് പുള്ളിപ്പുലികൾ ചത്തത്.

25 പുള്ളിപ്പുലി കുഞ്ഞുങ്ങളാണ് ബെന്നാർഘട്ട നാഷനൽ പാർക്കിലുള്ളത്. ഇതിന് 15 എണ്ണത്തിന് രോ​ഗം സ്ഥിരീകരിച്ചു. ഏഴ് എണ്ണം രണ്ടാഴ്‌ചക്കകം ചത്തത്. അതേസമയം രോ​ഗം ബാധിച്ച ഒരു പെൺപ്പുലിക്കുഞ്ഞിന്റെ ആരോ​ഗ്യ നിലയിൽ പുരോ​ഗതിയുണ്ടെന്ന് അധൃകർ അറിയിച്ചു. മറ്റുള്ളവയും ചികിത്സയിലാണ്. നേരത്തെ പ്രതിരോധ കുത്തിവെപ്പ് നൽകിയിരുന്നെങ്കിലും രോ​ഗം സ്ഥിരീകരിച്ച് 15 ദിവസത്തിനകം പുലിക്കുഞ്ഞുങ്ങൾ ചത്തു.

മൂന്നിനും എട്ടു മാസത്തിനും ഇടയിൽ പ്രായമുള്ള കുഞ്ഞുങ്ങളാണ് ചത്തതെന്ന് ബെന്നാർഘട്ട നാഷനൽ പാർക്ക് എക്സിക്യൂട്ടീവ് ഡയറക്ടർ എവി സുര്യ സെൻ പറഞ്ഞു. വൈറസുകളുടെ പുതിയ വകഭേദമുണ്ടായതാകാം ബാധിച്ചതെന്നാണ് വിലയിരുത്തൽ. സഫാരി ഭാഗത്തേക്ക് തുറന്നുവിട്ട ഒമ്പത് പുലിക്കുഞ്ഞുങ്ങളിൽ നാലും റെസ്ക്യൂ കേന്ദ്രത്തിൽ ഉണ്ടായിരുന്ന മറ്റ് മൂന്നു പുലിക്കുഞ്ഞുങ്ങളുമാണ് ചത്തത്. ബെന്നാർഘട്ട നാഷനൽ പാർക്കിൽ ആദ്യമായാണ് ഈ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 

രോഗം പടരാനുള്ള യഥാർഥ കാരണം വ്യക്തമല്ല. മൃഗങ്ങളെ പരിപാലിക്കുന്നവർ പൂച്ചകളെയും പരിപാലിച്ചിട്ടുണ്ടെങ്കിൽ അവർ വൈറസ് വാഹകരാകാനുള്ള സാധ്യതയുണ്ട്. കൂടാതെ പാർക്കിന് സമീപത്തായി നിരവധി വളർത്തുപൂച്ചകളമുണ്ട്. ഇവയിലൂടെയും രോഗം പടർന്നിരിക്കാമെന്ന സാധ്യതയും ഉണ്ട്. എന്നാൽ ഇതിൽ ഒന്നും ഔദ്യോ​ഗിക സ്ഥിരീകരണമായിട്ടില്ല. മൃഗഡോക്ടർമാരുടെ സംഘവുമായി കൂടിക്കാഴ്ച നടത്തി തുടർ നടപടികൾ സ്വീകരിച്ചു. നിലവിൽ കാര്യങ്ങൾ നിയന്ത്രണ വിധേയമാണെന്നും മറ്റു മൃഗങ്ങൾക്ക് രോഗബാധയില്ലെന്നും ഡോക്ടർമാരോടും മൃഗങ്ങളെ പരിപാലിക്കുന്നവരോടും മുൻകരുതൽ സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com