ഉദ്യോഗസ്ഥനോട് ക്ഷോഭിച്ചു; പാര്‍ട്ടി ശാസിച്ചതിന് പിന്നാലെ രാജി; ആഭ്യന്തരമന്ത്രിയായി തിരിച്ചുവരവ്; പാം അവന്യുവിലെ രണ്ടുമുറി ഫ്‌ലാറ്റിലെ 'വലിയ ജീവിതം'

പാര്‍ട്ടി പിബി അംഗമായിരുന്നിട്ടും വിവിധ വിഷയങ്ങളില്‍ പണിമുടക്കുന്ന രാഷ്ട്രീയത്തെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. ഈ നിലപാട് പാര്‍ട്ടിക്ക് പുറത്ത് അദ്ദേഹത്തെ ഏറെ സ്വീകാര്യനാക്കി.
Buddhadeb Bhattacharjee
ബുദ്ധദേബ് ഭട്ടാചാര്യഎക്‌സ്പ്രസ് ഫയല്‍
Published on
Updated on

കൊല്‍ക്കത്ത: സംസ്ഥാനത്തെ വ്യവസായ മുന്നേറ്റത്തിനായി, പ്രത്യയശാസ്ത്രമുന്‍വിധികള്‍ മാറ്റിവച്ച് സ്വകാര്യ മൂലധനം കൊണ്ടുവന്ന പ്രായോഗിക കമ്യൂണിസ്റ്റായിരുന്നു ബുദ്ധദേബ് ഭട്ടാചാര്യ. 2011ല്‍ 34 വര്‍ഷം നീണ്ട സിപിഎം ഭരണത്തിന്റെ അന്ത്യത്തിന് കാരണമായതും ഇതേനയമായിരുന്നെന്നതും അതിന്റെ വിരോധാഭാസം. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും ദൈര്‍ഘ്യമേറിയ സിപിഎം ഭരണം ഇതോടെ നാമാവശേഷമായി. എട്ടാം തവണയും ബംഗാളില്‍ ഇടതുമുന്നണിയെ വിജയത്തിലേക്ക് നയിക്കുന്നതില്‍ അദ്ദേഹം ദയനീയമായി പരാജയപ്പെട്ടു.

ബംഗാളിന്റെ ഏഴാമത്തെ മുഖ്യമന്ത്രിയായിരുന്ന ഭട്ടാചാര്യ, സിപിഎം എന്ന പാര്‍ട്ടിയുടെ വ്യവസായ വിരുദ്ധ പ്രതിച്ഛായ ഇല്ലാതാക്കാനും വ്യവസായവല്‍ക്കരണം പ്രോത്സാഹിപ്പിക്കാനും ബംഗാളിന്റെ തകര്‍ന്ന സമ്പദ്വ്യവസ്ഥയ്ക്ക് പുതുജീവന്‍ നല്‍കാന്‍ ആത്മാര്‍ഥമായി ശ്രമിച്ചു. യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക ലക്ഷ്യത്തോടെ സംസ്ഥാനത്ത് വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിനായി സ്വകാര്യമൂലധന നിക്ഷേപകരെ കൊണ്ടുവന്നു. പാര്‍ട്ടി പിബി അംഗമായിരുന്നിട്ടും വിവിധ വിഷയങ്ങളില്‍ പണിമുടക്കുന്ന രാഷ്ട്രീയത്തെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. ഈ നിലപാട് പാര്‍ട്ടിക്ക് പുറത്ത് അദ്ദേഹത്തെ ഏറെ സ്വീകാര്യനാക്കി.

വ്യവസായ വത്കരണത്തിന്റെ ഭാഗമായി സിംഗൂരില്‍ ടാറ്റാ മോട്ടോഴ്സിന് ആയിരത്തോളം ഏക്കര്‍ നെല്‍ക്കൃഷി ഭൂമി നല്‍കാനുളള തീരുമാനത്തിനെതിരെ മമതയുടെ നേതൃത്വത്തില്‍ നന്ദിഗ്രാമില്‍ വന്‍ പ്രക്ഷോഭം നടന്നു. പ്രതിഷേധത്തിനിടെ നടന്ന വെടിവയ്പില്‍ 14 പേര്‍ മരിച്ചു. ഇതോടെ സര്‍ക്കാരിനെതിരെ ജനവികാരം ശക്തമായി. 2011ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പോടെ സിപിഎം ഭരണം അവസാനിച്ചു.

Buddhadeb Bhattacharjee
ബുദ്ധദേബ് ഭട്ടാചാര്യപിടിഐ

ഉത്തര കൊല്‍ക്കത്തയില്‍ 1944 മാര്‍ച്ച് 1നു പണ്ഡിത പശ്ചാത്തലമുള്ള കുടുംബത്തിലായിരുന്നു ബുദ്ധദേബിന്റെ ജനനം. അറിയപ്പെടുന്ന സംസ്‌കൃതപണ്ഡിതനായിരുന്നു മുത്തച്ഛന്‍ . മികച്ച എഴുത്തുകാരനായ ബുദ്ധദേബ് ടാഗോറിന്റെ ഉദ്ധരണികള്‍ പലപ്പോഴും സമര്‍ഥമായി ഉപയോഗിക്കുകയും ചെയ്തിരുന്നു.

Buddhadeb Bhattacharjee
ബുദ്ധദേബ് ഭട്ടാചാര്യഎക്‌സ്പ്രസ് ഫയല്‍

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ലളിത ജീവിതമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. മുഖ്യമന്ത്രിയായപ്പോഴും അല്ലാത്തപ്പോഴും രണ്ട് ചെറിയ മുറികള്‍ മാത്രമുള്ള തെക്കന്‍ കൊല്‍ക്കത്തയിലുള്ള പാം അവന്യുവിലെ സര്‍ക്കാര്‍ ആപ്പാര്‍ട്ട്‌മെന്റിലായിരുന്നു ബുദ്ധദേബിന്റെ ജീവിതം. പ്രസിഡന്‍സി കോളജില്‍നിന്നു ബിരുദം നേടിയ അദ്ദേഹം രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ സജീവമായതോടെ അധ്യാപന ജീവിതം അവസാനിപ്പിച്ചു. പ്രമോദ് ദാസ്ഗുപ്തയാണ് അദ്ദേഹത്തെ സിപിഎമ്മിന്റെ സജീവരാഷ്ട്രിയത്തിലേത്ത് കൊണ്ടുവന്നത്.

1977ല്‍ കോസിപുരില്‍നിന്ന് ആദ്യമായി നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 33-ാം വയസ്സില്‍ ജ്യോതിബസുവിന്റെ കീഴിലുള്ള ആദ്യ ഇടതുമുന്നണി സര്‍ക്കാരില്‍ വാര്‍ത്താ വിനിമയ-സാംസ്‌കാരിക മന്ത്രിയായി. 1987ല്‍ പരാജയപ്പെട്ടെങ്കിലും അതേവര്‍ഷം തന്നെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് മന്ത്രിയായി. ഉദ്യോഗസ്ഥനോട് അപമര്യാദയായി പെരുമാറിയതിന് പാര്‍ട്ടി ശാസിച്ചപ്പോള്‍ മന്ത്രിസഭയില്‍ നിന്ന് രാജിവച്ചു. സജീവരാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറിയ അദ്ദേഹം 'ദുഷ്മായ് ' എന്ന നാടകം രചിച്ചു.

Buddhadeb Bhattacharjee
ബുദ്ധദേബ് ഭട്ടാചാര്യപിടിഐ

സംസ്ഥാനത്ത് സിപിഎം ഭരണവിരുദ്ധ വികാരം ഉയരുകയും അനാരോഗ്യത്തെ തുടര്‍ന്ന് ജ്യോതി ബസുവിന്റെ പിന്‍ഗാമി ആരെന്ന ചോദ്യം ഉയരുന്നതിനിടെയാണ് മന്ത്രിസഭ പുനഃസംഘടിപ്പിച്ച് ബുദ്ധദേബിനെ ആഭ്യന്തരമന്ത്രിയാക്കിയത്. മൂന്ന് വര്‍ഷത്തിനുള്ളില്‍, അദ്ദേഹം ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുകയും ഒടുവില്‍ 2000 നവംബറില്‍ ബസുവിന്റെ പിന്‍ഗാമിയായി മുഖ്യമന്ത്രിയാകുകയും ചെയ്തു.

Buddhadeb Bhattacharjee
ബുദ്ധദേബ് ഭട്ടാചാര്യപിടിഐ

അടുത്ത വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബുദ്ധദേബിന്റെ നേതൃത്വത്തില്‍ ഇടതുമുന്നണി അധികാരത്തിലേറി. സംസ്ഥാത്ത് വ്യവസായ വളര്‍ച്ചയ്ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിച്ചു. അതിനായി തന്റെ പ്രത്യയശാത്രബോധ്യങ്ങള്‍ പോലും മാറ്റി വച്ചു. സിഐടിയു നടത്തുന്ന പണിമുടക്കിനെതിരെയും ബന്ദിനെതിരെയും ശക്തമായ നിലപാട് എടുക്കുയും ചെയ്തതോടെ അദ്ദേഹത്തിന്റെ ജനപ്രീതി വര്‍ധിച്ചു. വ്യവസായവത്കരണത്തിലേക്കുള്ള ചുവടുവയ്പിന് ജനം നല്‍കിയ അംഗീകാരമായിരുന്നു 2006ല്‍ നടന്ന തെരഞ്ഞെടുപ്പിലെ ഉജ്ജ്വലവിജയം. ബംഗാളിന്റെ വികസനം മുന്‍നിര്‍ത്തി നഗരത്തില്‍ നിന്ന് ഏറെ അകലയല്ലാത്ത കാര്‍ഷിക മേഖലയായ സിംഗൂരില്‍ ചെറിയ കാര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ ടാറ്റയെ ക്ഷണിച്ചു. ഇത് സിപിമ്മിന്റെ പ്രധാന വോട്ട് ബാങ്കായ കര്‍ഷകരുടെ വന്‍ എതിര്‍പ്പിന് കാരണമായെന്ന് മാത്രമല്ല ബംഗാളിലെ സിപിഎം ഭരണത്തിന് അവസാനവുമായി..

Buddhadeb Bhattacharjee
ബുദ്ധദേബ് ഭട്ടാചാര്യഎക്‌സ്പ്രസ് ഫയല്‍

ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസിന്റെ കടുത്ത ആരാധകനായ ബുദ്ധദേബ് അദ്ദേഹത്തിന്റെ കൃതികള്‍ ബംഗാളിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്. ബംഗാളി ഭാഷയില്‍ ശ്രദ്ധേയമായ സാഹിത്യപഠനങ്ങള്‍ നടത്തിയിട്ടുളള അദ്ദേഹം ടിഎസ് എലിയറ്റ്, പാബ്ലോ നെരൂദ, വ്‌ലാഡിമിര്‍ മയക്കോവ്‌സ്‌കി തുടങ്ങിയവരുടെ കൃതികള്‍ വിവര്‍ത്തനം ചെയ്തു. 'ചെനെ ഫുലര്‍ ബന്ദോ' എന്ന കവിതാസമാഹാരവും രചിച്ചിട്ടുണ്ട്.

2022ല്‍ രാജ്യ പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കിയെങ്കിലും അദ്ദേഹമത് നിരസിച്ചു. രാഷ്ട്രീയ നിലപാടിന്റെ ഭാഗമായാണ് നിരസിച്ചതെന്ന് പറഞ്ഞ അദ്ദേഹം ബഹുമതികള്‍ പ്രതീക്ഷിച്ചല്ല പൊതുപ്രവര്‍ത്തനം നടത്തുന്നതെന്നും അഭിപ്രായപ്പെട്ടു

Buddhadeb Bhattacharjee
ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com