'വഖഫ് ബോര്‍ഡിനെ ചിലര്‍ കയ്യടക്കി വെച്ചിരിക്കുന്നു', ഭേദഗതി ബില്‍ ജെപിസിക്ക്, ലോക്‌സഭയില്‍ പ്രതിപക്ഷ പ്രതിഷേധം

'നീതി ലഭിക്കാത്ത മുസ്‌ലിം സഹോദരങ്ങള്‍ക്ക് നീതി ലഭിക്കുന്നതാണ് ഈ ബില്‍'
waqf bill
കേന്ദ്രമന്ത്രി കിരൺ റിജിജു ലോക്സഭയിൽ പിടിഐ
Published on
Updated on

ന്യൂഡല്‍ഹി: വഖഫ് സ്വത്തുക്കളുടെ ഭരണത്തില്‍ സമഗ്രമായ മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന ബില്‍ കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി കിരണ്‍ റിജിജു ലോക്സഭയില്‍ അവതരിപ്പിച്ചു. ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് ബില്ലെന്ന് റിജിജു പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെ ശക്തമായി എതിര്‍ത്തു. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് വഖഫ് ഭേദഗതി ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ പരിശോധനയ്ക്ക് വിട്ടു.

ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ തട്ടിയെടുക്കാനാണ് ബില്ലെന്ന വിമര്‍ശനങ്ങളെ റിജിജു തള്ളി. എല്ലാവരുടെയും വിശ്വാസത്തിലെടുത്തുകൊണ്ടുള്ളതാണ് ബില്‍. നീതി ലഭിക്കാത്ത മുസ്‌ലിം സഹോദരങ്ങള്‍ക്ക് നീതി ലഭിക്കുന്നതാണ് ഈ ബില്‍. വഖഫ് ബോര്‍ഡിനെ ചിലര്‍ കയ്യടക്കി വെച്ചിരിക്കുകയാണ്. പാവപ്പെട്ട മുസ്ലിങ്ങള്‍ക്ക് സംരക്ഷണം ഒരുക്കും. ന്യൂനപക്ഷങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ തന്നെയാണ് ബില്ലെന്നും കിരണ്‍ റിജിജു പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വഖഫ് കൗണ്‍സിലുകളെയും ബോര്‍ഡുകളെയും ശക്തിപ്പെടുത്തുക ലക്ഷ്യമിട്ടാണ് ബില്‍ ഭേദഗതി കൊണ്ടു വന്നിട്ടുള്ളത്. ബില്ലു കൊണ്ട് കോടിക്കണക്കിന് മുസ്ലിം സഹോദരങ്ങള്‍ക്ക് ഗുണം ചെയ്യും. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് കൂടി പരിഗണിച്ചുകൊണ്ടാണ് ബില്‍. മുസ്ലിം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുസ്ലിം സമുദായത്തിലെ പാവപ്പെട്ടവര്‍ക്കും ബില്‍ ഗുണകരമാകും. കോണ്‍ഗ്രസ് സര്‍ക്കാര്‍ തുടക്കമിട്ടത് പൂര്‍ത്തീകരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. നിയമത്തില്‍ കാലാനുസൃതമായ മാറ്റം ഉണ്ടാകേണ്ടതാണ്. ഭരണഘടനാനുസൃതമായിട്ടാണ് ബില്ലില്‍ ഭേദഗതി കൊണ്ടു വരുന്നതെന്നും കിരണ്‍ റിജിജു പറഞ്ഞു.

ബില്ലിനെ കോണ്‍ഗ്രസ്, ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്വാദി, ആം ആദ്മി, സിപിഎം തുടങ്ങിയ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും എതിര്‍ത്തു. ബില്‍ മതപരമായ വിഷയത്തിലുള്ള ഇടപെടലാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ പറഞ്ഞു. അമുസ്ലീങ്ങളെ വഖഫ് ബോര്‍ഡിലുള്‍പ്പെടുത്തുന്നത് മതത്തിലുള്ള കടന്നുകയറ്റമാണ്. നാളെ മറ്റ് മതങ്ങളിലും ഇതേ നിലയില്‍ കടന്ന് കയറ്റമുണ്ടാകും. ഈ വിഭജന രാഷ്ട്രീയം ജനം അംഗീകരിക്കില്ല. ദേവസ്വം ബോര്‍ഡുകളില്‍ ഹിന്ദുവല്ലാത്ത ആളുകളെ ഉള്‍പ്പെടുത്തുമോയെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു.

മതേതരത്വത്തിന്റെ ഭാവി തകര്‍ക്കുന്ന ബില്ലാണിതെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ വിമര്‍ശിച്ചു. വഖഫ് മതപരമായ ചട്ടക്കൂടില്‍ നില്‍ക്കുന്ന സ്ഥാപനമാണ്. ബില്‍ മതത്തില്‍ കടന്നു കയറുകയാണ്. വഖഫ് ബോര്‍ഡിനെ തകര്‍ക്കുന്ന നടപടിയാണിതെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. ബില്ലിന്റെ പിന്നില്‍ വൃത്തികെട്ട അജണ്ടയാണെന്ന് മുസ്ലിം ലീഗ് അംഗം ഇ ടി മുഹമ്മദ് ബഷീര്‍ കുറ്റപ്പെട്ടുത്തി. വഖഫ് കൗണ്‍സിലും, വഖഫ് ബോര്‍ഡുകളും അപ്രസക്തമാകും. ജില്ലാ കലക്ടര്‍മാര്‍ക്ക് സകല അധികാരങ്ങളും നല്‍കിയിരിക്കുകയാണെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

waqf bill
ഉദ്യോഗസ്ഥനോട് ക്ഷോഭിച്ചു; പാര്‍ട്ടി ശാസിച്ചതിന് പിന്നാലെ രാജി; ആഭ്യന്തരമന്ത്രിയായി തിരിച്ചുവരവ്; പാം അവന്യുവിലെ രണ്ടുമുറി ഫ്‌ലാറ്റിലെ 'വലിയ ജീവിതം'

ബില്ല് മുസ്ലീംങ്ങളോടുള്ള വിവേചനമാണെന്ന് സമാജ് വാദി പാര്‍ട്ടി വിമര്‍ശിച്ചു. ബില്‍ ഭരണഘടന വിരുദ്ധമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വിമര്‍ശിച്ചു. ബില്‍ ജനദ്രോഹമെന്നും, ഭരണഘടനക്കും, ജനാധിപത്യത്തിനും എതിരാണെന്നും ഡിഎംകെ നേതാവ് കനിമൊഴി പറഞ്ഞു. മറ്റു മതസ്ഥരെ ഹിന്ദു ക്ഷേത്രഭരണ സമിതിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയുമോയെന്നും കനിമൊഴി ചോദിച്ചു. ബില്‍ പിന്‍വലിക്കണമെന്ന് എന്‍സിപി നേതാവ് സുപ്രിയ സുലെ ആവശ്യപ്പെട്ടു. ഹിന്ദു - മുസ്ലീം ഐക്യം തകര്‍ക്കാനുള്ള ശ്രമമാണിതെന്നും, ഇന്ത്യയുടെ ഐക്യം തകര്‍ക്കുന്ന ബില്‍ ആണിതെന്നും സിപിഎം നേതാവ് കെ രാധാകൃഷണന്‍ കുറ്റപ്പെടുത്തി.

പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് വഖഫ് ഭേദഗതി ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ പരിശോധനയ്ക്ക് വിട്ടു. സൂക്ഷ്മപരിശോധന വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിച്ചാണ് ബില്‍ ജെപിസിക്ക് വിട്ടത്. ബില്‍ ജെപിസിക്ക് വിടുന്ന കാര്യം കേന്ദ്രമന്ത്രി കിരണ്‍ റിജിജുവാണ് സഭയില്‍ അറിയിച്ചത്. ബില്‍ പാര്‍ലമെന്റ് പാസ്സാക്കുന്നതിന് മുമ്പ്, ബില്ലിന്മേലുള്ള പ്രതിപക്ഷത്തിന്റെ ആശങ്കകള്‍ പരിശോധിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com