ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിന്റെ ഷെല്‍ കമ്പനികളില്‍ നിക്ഷേപമുണ്ടെന്ന ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങള്‍ നിഷേധിച്ച് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ചെയര്‍പേഴ്‌സന്‍ മാധബി പുരി ബുച്ച്. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തന്റെ ജീവിതവും സാമ്പത്തിക ഇടപെടലുകളും തുറന്ന പുസ്തകമാണെന്നും മാധബി പുരി ബുച്ച് പ്രസ്താവനയില്‍ വ്യക്തമാക്കി.
''ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ടിലെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ശക്തമായി നിഷേധിക്കുന്നു''അവര്‍ വ്യക്തമാക്കി. എല്ലാ സാമ്പത്തിക ഇടപാടുകളും പരിശോധനയ്ക്ക് വിധേയമാക്കാന്‍ തയാറാണെന്നും സുതാര്യതയ്ക്കായി വിശദമായ പ്രസ്താവന പുറത്തുവിടുമെന്നും മാധബി പുരി ബുച്ച് വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
മാധവി ബുച്ചിനും ഭര്‍ത്താവിനും മൗറീഷ്യസിലും ബര്‍മുഡയിലും നിക്ഷേപമുണ്ടെന്നാണ് ഹിഡന്‍ബര്‍ഗ് പുറത്തുവിട്ട രേഖകളില്‍ പറയുന്നത്. 2023 ജനുവരിയിലാണ് അദാനി ഗ്രൂപ്പിനെതിരെ ഹിന്‍ഡന്‍ബര്‍ഗ് ആദ്യം ആരോപണം ഉന്നയിച്ചത്. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുടെ മൂത്ത സഹോദരന്‍ വിനോദ് അദാനിയുടെ നിയന്ത്രണത്തില്‍ ബര്‍മുഡ, മൗറീഷ്യസ് എന്നീ രാജ്യങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത കടലാസ് കമ്പനികള്‍ വഴി, അദാനി ഗ്രൂപ്പ് സ്വന്തം കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപം നടത്തിയെന്നായിരുന്നു ആരോപണം.
കടലാസ് കമ്പനികള്‍ വഴിയുള്ള നിക്ഷേപം വഴി ഓഹരി വില അനധികൃതമായി പെരുപ്പിക്കുകയും അങ്ങനെ വില കൂടിയ ഓഹരികള്‍ ഈടുവച്ച് അദാനി നേട്ടമുണ്ടാക്കിയെന്നും ഹിന്‍ഡന്‍ബര്‍ഗ് ആരോപിച്ചു. അന്വേഷിച്ച് നടപടിയെടുക്കേണ്ട സെബി, അദാനിയെ സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടത്തിയതെന്നും ഹിന്‍ഡന്‍ബര്‍ഗ് ആരോപിച്ചിരുന്നു. ആരോപണങ്ങള്‍ അന്ന് സെബി നിഷേധിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ