പ്രിന്‍സിപ്പലിനെ എങ്ങനെ വീണ്ടും നിയമിച്ചു?; അവധിയില്‍ പോയില്ലെങ്കില്‍ ഇന്നുതന്നെ പുറത്താക്കണം; ബംഗാള്‍ സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം

അന്വേഷണത്തില്‍ 'ചിലത് ഇല്ലെന്ന്' കൊല്‍ക്കത്ത ഹൈക്കോടതി
doctor's murder
കൊൽക്കത്ത ഹൈക്കോടതിഫയൽ
Published on
Updated on

കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ബംഗാള്‍ സര്‍ക്കാരിനെതിരെ കൊല്‍ക്കത്ത ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സംഭവത്തിന് പിന്നാലെ രാജിവെച്ച കോളജ് പ്രിന്‍സിപ്പലിനെ വീണ്ടും നിയമിച്ചതാണ് കോടതിയെ ചൊടിപ്പിച്ചത്. ഇന്നു വൈകീട്ട് മൂന്നുമണിയ്ക്കകം പ്രിന്‍സിപ്പല്‍ അവധി നല്‍കുകയോ, അല്ലെങ്കില്‍ പുറത്താക്കുകയോ വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഡോക്ടറുടെ കൊലപാതകത്തില്‍ ഇതുവരെയുള്ള അന്വേഷണത്തിന്റെ കേസ് ഡയറി ഉച്ചയ്ക്ക് മുമ്പായി ഹാജരാക്കാനും പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് കൊല്‍ക്കത്ത ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ടി എസ് ശിവജ്ഞാനം, ജസ്റ്റിസ് ഹിരണ്‍മയ് ഭട്ടാചാര്യ എന്നിവരടങ്ങിയെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഡോക്ടറുടെ ക്രൂര കൊലപാതകം ഉണ്ടായതിന് ശേഷം, തിങ്കളാഴ്ച രാവിലെയാണ് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് ബംഗാള്‍ സര്‍ക്കാരിന് രാജിക്കത്ത് നല്‍കിയത്. എന്നാല്‍ മണിക്കൂറുകള്‍ക്കകം അദ്ദേഹത്തെ കല്‍ക്കത്ത നാഷണല്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ആയി സര്‍ക്കാര്‍ നിയമിക്കുകയായിരുന്നു. ഒരു സംഭവത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ച പ്രിന്‍സിപ്പലിനെ എങ്ങനെ മറ്റൊരു കോളജില്‍ നിയമിക്കുമെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.

അന്വേഷണത്തില്‍ 'ചിലത് ഇല്ലെന്ന്' നിരീക്ഷിച്ച ചീഫ് ജസ്റ്റിസ്, പ്രിന്‍സിപ്പലായിരുന്ന സന്ദീപ് ഘോഷിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന് ചോദിച്ചു. ഇല്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ മറുപടി നല്‍കി. അപ്പോള്‍ ജസ്റ്റിസ് ഹിരണ്‍മയ് ഭട്ടാചാര്യ പ്രിന്‍സിപ്പലായിരുന്ന സന്ദീപ് ഘോഷിന്റെ രാജിക്കത്തും, പുനര്‍ നിയമന ഉത്തരവും ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. പിജി ഡോക്ടറുടെ കൊലപാതകത്തില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

കേസ് അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ടും കോടതിക്ക് മുന്നില്‍ ഹര്‍ജികളെത്തിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനി ഡോക്ടറുടെ മൃതദേഹം ആര്‍ജി കര്‍ ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ കണ്ടെത്തുന്നത്. ഡോക്ടര്‍ ക്രൂരപീഡനത്തിന് ഇരയായതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com