കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍, പശ്ചിമബംഗാളില്‍ പ്രതിഷേധ പരമ്പരകള്‍. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധം നടക്കും. സിബിഐ അന്വേഷണം കാര്യക്ഷമമാക്കണം. കൊല്ലപ്പെട്ട വനിതാഡോക്ടര്‍ക്ക് അടുത്ത ഞായറാഴ്ചയ്ക്കുള്ളില്‍ നീതി ഉറപ്പാക്കണമെന്ന് കേസ് അന്വേഷിക്കുന്ന സിബിഐയോട് മമത ബാനര്‍ജി ആവശ്യപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സംസ്ഥാനത്ത് അസ്വസ്ഥതയുണ്ടാക്കാന്‍ ബാമും റാമും ( ഇടതുപക്ഷവും ബിജെപിയും) കൈകോര്‍ത്തിരിക്കുകയാണെന്ന് മമത ബാനര്‍ജി ആരോപിച്ചിരുന്നു. പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ബിജെപിയും ഇടതുപക്ഷവുമാണ്. വിദ്യാര്‍ത്ഥികളോ യുവ ഡോക്ടര്‍മാരോ അല്ല പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍, പുറത്തു നിന്നുള്ളവരും ചില രാഷ്ട്രീയക്കാരുമാണ്. ബാമും റാമും അവരോട് കൈകോര്‍ത്തിരിക്കുകയാണെന്നും മമത ആരോപിച്ചു.
അതേസമയം യുവഡോക്ടറുടെ കൊലപാതകത്തില്‍ മമതയുടെ രാജി ആവശ്യപ്പെട്ട് ബിജെപി വനിതാ സംഘടനയുടെ ആഭിമുഖ്യത്തില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും മെഴുകുതിരികളുമായി നിശബ്ദ മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്.
സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്) 12 മണിക്കൂര്‍ പൊതുപണിമുടക്കിന് ആഹ്വാനം ചെയ്തു. എന്നാല്‍ കൊല്‍ക്കത്ത മെട്രോ റെയില്‍ സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. സിപിഎമ്മും പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം ചെയ്തു. ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്യണമെന്നും സിപിഎം ആവശ്യപ്പെട്ടു.
വിമർശിച്ചു: ശന്തനു സെന്നിനെ മാറ്റി
അതിനിടെ, ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പലിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് ശന്തനു സെന്നിനെ പാര്‍ട്ടി ചുമതലകളില്‍ നിന്നും മാറ്റി. ഇതിനോട് പ്രതികരിച്ച ശന്തനു സെന്‍, ഡോക്ടറുടെ കൊലപാതകത്തിലും മെഡിക്കല്‍ കോളജ് അടിച്ചു തകര്‍ത്ത സംഭവത്തിലും കര്‍ശന നടപടി വേണമെന്ന് ആവര്‍ത്തിച്ചു. മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പലിനെതിരെ കഴിഞ്ഞ മൂന്നുവര്‍ഷമായി നിരവധി പരാതികള്‍ ഉണ്ടായിരുന്നതായും ഡോക്ടര്‍ കൂടിയായ ശന്തനു സെന്‍ പറഞ്ഞു.
അഞ്ച് ഡോക്ടര്‍മാരെ ചോദ്യം ചെയ്തു
ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേസ് അന്വേഷിക്കുന്ന സിബിഐ അഞ്ച് ഡോക്ടര്‍മാരെയും ഏതാനും ആശുപത്രി ജീവനക്കാരെയും ചോദ്യം ചെയ്തു. കൊലപാതകത്തിന് പിന്നില്‍ ഒന്നിലേറെ പേരുണ്ടെന്നാണ് ഡോക്ടറുടെ കുടുംബം ആരോപിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വനിതാ ഡോക്ടര്‍ പുലര്‍ച്ചെ മൂന്നിനും അഞ്ചിനും ഇടയില്‍ മരിച്ചതായാണ് വ്യക്തമാക്കുന്നത്. 150 മില്ലിഗ്രാം രേതസ് ഡോക്ടറുടെ ശരീരത്തില്‍ കണ്ടെത്തിയിരുന്നു. ഡോക്ടര്‍ കൂട്ടബലാത്സംഗത്തിന് ഇരയായതായി ഡോക്ടറുടെ മാതാപിതാക്കള്‍ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് സിവിക് വോളണ്ടിയര്‍ സഞ്ജയ് റോയ് എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ