വാഷിങ്ടണ്‍: ഇന്ത്യയെ വീണ്ടും പ്രകീര്‍ത്തിച്ച് മൈക്രോസോഫ്റ്റ് സഹ സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. ഇന്ത്യയെ ഗ്ലോബല്‍ ലീഡര്‍ എന്ന് വിശേഷിപ്പിച്ച ബില്‍ ഗേറ്റ്‌സ്, സാങ്കേതികവിദ്യ, കൃഷി, ആരോഗ്യരംഗം എന്നി മേഖലകളില്‍ ഇന്ത്യ നിരവധി നേട്ടങ്ങള്‍ കൈവരിച്ചതായും ചൂണ്ടിക്കാണിച്ചു. 78-ാമത് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് അമേരിക്കയിലെ സിയാറ്റിലില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിന്റെ ആഭിമുഖ്യത്തില്‍ നടന്ന ആദ്യ ഇന്ത്യന്‍ ദിനാഘോഷം ഫ്‌ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു ബില്‍ ഗേറ്റ്‌സ്.
സുരക്ഷിതമായ വാക്സിനുകളുടെ നിര്‍മ്മാണം മുതല്‍ ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍ വരെയുള്ള മേഖലകളില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ ഇന്ത്യയെ മാത്രമല്ല, ലോകത്തെ മുഴുവന്‍ സഹായിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിന്റെ അതിഥിയായി എത്തിയ ബില്‍ ഗേറ്റ്‌സ്, 2000ല്‍പ്പരം ഇന്ത്യക്കാരെയാണ് അഭിസംബോധന ചെയ്തത്.
സുരക്ഷിതവും വില കുറഞ്ഞതുമായ വാക്‌സിനുകള്‍ നിര്‍മ്മിക്കുന്നത് മുതല്‍ ഇന്ത്യയുടെ ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍ വരെയുള്ള മേഖലകളില്‍ ഇന്ത്യന്‍ പ്രവാസികള്‍ കാണിക്കുന്ന ശ്രദ്ധേയമായ നേതൃത്വമികവ് ബില്‍ ഗേറ്റ്‌സ് എടുത്തുപറഞ്ഞു. ഇന്ത്യയുടെ മിടുക്ക് ഇന്ത്യക്കാരെ മാത്രമല്ല, ലോകത്തെ മുഴുവന്‍ സഹായിക്കുന്നതാണ്. ദക്ഷിണാര്‍ധ ഗോളത്തിലുടനീളമുള്ള രാജ്യങ്ങള്‍ അവരുടെ ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഇന്ത്യയുടെ അനുഭവമാണ് പ്രയോജനപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഇന്ത്യന്‍ പ്രവാസികള്‍ക്കും ഒപ്പം സിയാറ്റില്‍ കോണ്‍സുലേറ്റില്‍ നടന്ന ആദ്യ ഇന്ത്യന്‍ ദിനാഘോഷത്തില്‍ പങ്കെടുക്കാനായത് ഒരു ബഹുമതിയാണെന്ന് ഇന്‍സ്റ്റഗ്രാമില്‍ ഗേറ്റ്‌സ് കുറിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
'സാങ്കേതികവിദ്യ, കൃഷി, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളില്‍ ജീവിതം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന നിരവധി പുത്തന്‍ നേട്ടങ്ങള്‍ ഇന്ത്യ കൈവരിച്ചിട്ടുണ്ട്. ഇത് ഇന്ത്യയെ ആഗോള ലീഡര്‍ പദവിയിലേക്ക് ഉയര്‍ത്താന്‍ സഹായിച്ചിട്ടുണ്ട്. ഇന്ത്യന്‍ സര്‍ക്കാര്‍, മനുഷ്യസ്നേഹികള്‍, സ്വകാര്യ മേഖല, ഇന്ത്യന്‍ അമേരിക്കന്‍ കമ്മ്യൂണിറ്റി എന്നിവരുമായി സഹകരിക്കുന്നത് ഒരു ബഹുമതിയാണ്. എല്ലാ ഇന്ത്യക്കാര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍!'- പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെയും ടാഗ് ചെയ്തുകൊണ്ട് പോസ്റ്റില്‍ അദ്ദേഹം കുറിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ