ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി. മൈസൂരു നഗര വികസന അതോറിറ്റിയുമായി ബന്ധപ്പെട്ട ഭൂമി കുംഭകോണത്തിലാണ് സിദ്ധരാമയ്യയെ വിചാരണ ചെയ്യാന്‍ ഗവര്‍ണര്‍ തവര്‍ചന്ദ് ഗെലോട്ട് അനുമതി നല്‍കിയത്. ഭൂമി കൈമാറ്റത്തിലൂടെ മുഖ്യമന്ത്രിയുടെ ഭാര്യ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേട്ടമുണ്ടായി എന്നാണ് ആരോപണം.
ടി ജെ എബ്രഹാം, പ്രദീപ്, സ്‌നേഹമയി കൃഷ്ണ എന്നിവരുടെ പരാതിയിലാണ് മുഖ്യമന്ത്രിക്കെതിരെ കര്‍ണാടക ഗവര്‍ണറുടെ നടപടി. ജൂലൈ 26 ന് ഗവര്‍ണര്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. എന്തുകൊണ്ട് പ്രോസിക്യൂഷന്‍ നേരിടേണ്ടതില്ലെന്ന് ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഇതിന് മറുപടിയായി, ഭരണഘടനാ പദവി ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്ക് നല്‍കിയ നോട്ടീസ് ഗവര്‍ണര്‍ പിന്‍വലിക്കണമെന്ന് കര്‍ണാടക മന്ത്രിസഭ ശുപാര്‍ശ ചെയ്തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വിലയേറിയ ഭൂമിയ്ക്ക് പകരം നഗരത്തിന്റെ വിദൂര ഭാഗത്തുള്ള ഒരു പ്രദേശം കൈമാറി എന്നതാണ് മൈസൂരു നഗര വികസന അതോറിറ്റിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ഭൂമി കുംഭകോണ ആരോപണം. 3,000 കോടി രൂപയുടെ അഴിമതി നടന്നതായാണ് പ്രതിപക്ഷം ആരോപിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിച്ചിട്ടുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ ആരോപണം സിദ്ധരാമയ്യ നിഷേധിക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ