കൊല്‍ക്കത്ത: മകളുടെ മൃതദേഹം ആദ്യമായി കണ്ട നെഞ്ചുതകര്‍ക്കുന്ന കാഴ്ചയെക്കുറിച്ച് തുറന്നു പറഞ്ഞ് കൊല്‍ക്കത്ത മെഡിക്കല്‍ കോളജില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട യുവഡോക്ടറുടെ മാതാപിതാക്കള്‍. മകള്‍ ആത്മഹത്യ ചെയ്തു എന്ന് പറഞ്ഞാണ് മാതാപിതാക്കളെ വിളിച്ചുവരുത്തിയത്. മകളുടെ മൃതദേഹം കാണാനായി മൂന്നു മണിക്കൂര്‍ കരഞ്ഞു കാലു പിടിക്കേണ്ടി വന്നെന്നും യുവതിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
മകള്‍ക്ക് അസുഖമാണെന്നാണ് ആശുപത്രിയില്‍ നിന്ന് ആദ്യം വിളിച്ചപ്പോള്‍ പറഞ്ഞത്. എന്താണെന്ന് ചോദിച്ചപ്പോള്‍ താന്‍ ഡോക്ടറല്ല എന്നായിരുന്നു മറുപടി. പിന്നീട് അസിസ്റ്റന്റ് സൂപ്രണ്ട് വിളിച്ച് മകള്‍ ആത്മഹത്യ ചെയ്‌തെന്ന് പറഞ്ഞു. അവിടെയെത്തിയപ്പോള്‍ അന്വേഷണം നടക്കുകയാണ് എന്ന് പറഞ്ഞ് മൃതദേഹം കാണാന്‍ സമ്മതിച്ചില്ല. മൂന്നു മണിക്കൂര്‍ കരഞ്ഞു കാലുപിടിച്ചശേഷമാണ് ഒടുവില്‍ ഒന്നു കാണാന്‍ സമ്മതിച്ചത്. - അമ്മ പറഞ്ഞു.
രാത്രി 11 മണിക്കാണ് എനിക്ക് കോള്‍ വരുന്നത്. 12 മണിക്ക് ആശുപത്രിയില്‍ എത്തി. പുലര്‍ച്ചെ 3.30നാണ് മകളുടെ മൃതദേഹം കാണിച്ചത്. അവളുടെ ശരീരത്തില്‍ വസ്ത്രങ്ങളൊന്നുമുണ്ടായിരുന്നില്ല. ഒരു പുതപ്പു വച്ചാണ് ശരീരം മറച്ചിരുന്നത്. കാലുകള്‍ രണ്ട് വശത്തേക്ക് അകറ്റിയ നിലയിലായിരുന്നു. ഒരു കൈ അവളുടെ തലയിലായിരുന്നു. ഞങ്ങള്‍ക്ക് എല്ലാം നഷ്ടപ്പെട്ടു. ഞങ്ങള്‍ക്ക് ഇനി ഒന്നുമില്ല. ഞങ്ങള്‍ക്ക് നീതി വേണം- കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.
മകളുടെ ബാഗിലെ മരുന്നു കുറിപ്പടികള്‍ കാണിച്ച് അവള്‍ വലിയ രോഗിയാണെന്ന് വരുത്താന്‍ പൊലീസ് ശ്രമിച്ചു എന്നാണ് അമ്മ പറയുന്നത്. എത്രയും പെട്ടെന്ന് ആശുപത്രിയില്‍ നിന്ന് ഞങ്ങളെ ഒഴിവാക്കാനും അവര്‍ സമ്മര്‍ദ്ദം ചെലുത്തി. മകളുടെ കാര്‍ തല്ലിത്തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി. മകള്‍ പോയി, അവള്‍ക്ക് പ്രിയപ്പെട്ടതായിരുന്ന കാര്‍ കൂടി നശിപ്പിക്കരുതെന്ന് അഭ്യര്‍ത്ഥിക്കേണ്ടി വന്നു. സഞ്ജയ് റായ് ആണ് മുഖ്യപ്രതിയെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. അയാള്‍ മാത്രമാവില്ല പ്രതിയെന്ന് പറഞ്ഞിരുന്നുവെന്നും യുവതിയുടെ അമ്മ കൂട്ടിച്ചേര്‍ത്തു.
മകളുടെ കൊലപാതകത്തിന് പിന്നില്‍ വമ്പന്‍മാരുണ്ടെന്നാണ് മാതാപിതാക്കളും സഹപ്രവര്‍ത്തകരും പറയുന്നത്. കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് 'പല കാര്യങ്ങളും അറിയാമായിരുന്നു' എന്നാണു സഹപ്രവര്‍ത്തകര്‍ പറയുന്നത്. ഇതിന്റെ പേരിലാണോ കൊലപാതകമെന്നു സംശയിക്കണമെന്നും അവര്‍ പറഞ്ഞു. ആശുപത്രിയുടെ ഭാഗത്തുനിന്നു വന്‍ സമ്മര്‍ദമുണ്ടായതായി ഡോക്ടര്‍ ഡയറിയില്‍ എഴുതിയിരുന്നതു സഹപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. തുടര്‍ച്ചയായി 36 മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട്. ശിക്ഷാനടപടികളുടെ ഭാഗമായി തുടര്‍ച്ചയായി ജോലി ചെയ്യിപ്പിക്കുന്നത് ഇവിടത്തെ രീതിയാണെന്നും അവര്‍ പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മകളുടെ കൊലപാതകത്തിൽ ചില സഹപ്രവർത്തകരുടെ പങ്കു സംശയിക്കുന്നതായി മാതാപിതാക്കളും സിബിഐക്കു മൊഴി നൽകിയിരുന്നു. ഏതാനും ഡോക്ടർമാരുടെ പേരുകളും അവർ പരാമർശിച്ചിരുന്നു. ഡോക്ടറുടെ കൊലപാതകത്തിൽ ഇന്നും പ്രതിഷേധം ശക്തമാവുകയാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു മുന്നിൽ 11 മണി മുതൽ പ്രതിഷേധിക്കാനാണ് ഡോക്ടർമാരുടെ തീരുമാനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ