ബംഗളൂരു: ഫ്രഞ്ച് ഫ്രൈസ് കഴിക്കാന്‍ അനുവദിച്ചില്ലെന്ന ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍നടപടികള്‍ കര്‍ണാടക ഹൈക്കോടതി സ്‌റ്റേ ചെയ്തു. ജോലിക്കായി അമേരിക്കയിലേയ്ക്ക് തിരികെ പോകാനും ഭര്‍ത്താവിന് അനുമതി നല്‍കി.
29 കാരിയായ ഭാര്യയാണ് ഭര്‍ത്താവിനെതിരെ പരാതി നല്‍കിയത്. പ്രസവത്തിന് ശേഷം വണ്ണം വെയ്ക്കുമെന്ന് പറഞ്ഞ് ഫ്രഞ്ച് ഫ്രൈസും അരിയാഹാരവും മാംസവും കഴിക്കാന്‍ സമ്മതിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഭാര്യ പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് പൊലീസ് ഭര്‍ത്താവിനെതിരെ കേസെടുക്കുകയും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. ഇതിനെതിരെയാണ് ഭര്‍ത്താവ് ഹൈക്കോടതിയെ സമീപിച്ചത്. ഇത്തരത്തിലുള്ള കേസ് നിയമത്തിന്റെ ദുരുപയോഗമായി മാറുമെന്ന് ഹര്‍ജി പരിഗണിച്ച് ജസ്റ്റിസ് നാഗപ്രസന്ന പറഞ്ഞു. ഇത്തരം നിസാര കാര്യത്തില്‍ പൊലീസ് എങ്ങനെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതെന്നും കോടതി ചോദിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ ഉണ്ടാകുന്ന ചെറിയ വഴക്കുകളാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ഭാര്യ ഒപ്പമുണ്ടായിരുന്ന സമയത്ത് വീട്ടുജോലികളെല്ലാം താനാണ് ചെയ്തിരുന്നതെന്നും ഭാര്യ എപ്പോഴും ടി വി കാണുകയും കുടുംബവുമായി ഫോണില്‍ ചാറ്റ് ചെയ്യുകയുമായിരുന്നുവെന്നും ഭര്‍ത്താവും വാദിച്ചു. പരാതിക്കാരിയുടെ ലക്ഷ്യം ഹര്‍ജിക്കാരന്റെ യുഎസിലേയ്ക്കുള്ള യാത്ര തടയുക എന്നതാണെന്നും കോടതി കണ്ടെത്തി. യുഎസിലെ ജോലി നഷ്ടപ്പെടുമെന്നതിനാലാണ് ഭര്‍ത്താവ് കോടതിയെ സമീപിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ