കൈയില്‍ സിഗരറ്റും ചായക്കപ്പും; നടന്‍ ദര്‍ശന് ജയിലില്‍ വിഐപി പരിഗണന, വിവാദം
ബംഗളൂരു: കൊലപാതക കേസില്‍ ജയിലില്‍ കഴിയുന്ന കന്നഡ നടന്‍ ദര്‍ശന്‍ തൂഗുദീപ മറ്റു അന്തേവാസികള്‍ക്കൊപ്പം ഇരുന്ന് സിഗരറ്റ് വലിക്കുകയും ചായ കുടിക്കുകയും ചെയ്യുന്ന ചിത്രം വൈറല്‍. ചിത്രം പുറത്തുവന്നതോടെ പരപ്പന അഗ്രഹാരയിലെ ബംഗളൂരു സെന്‍ട്രല്‍ ജയിലിനുള്ളില്‍ താരത്തിന് ജയില്‍ അധികൃതര്‍ 'വിഐപി' പരിഗണന നല്‍കുന്നു എന്ന തരത്തില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
ജയിലിലെ മറ്റു അന്തേവാസികള്‍ക്കൊപ്പം ചിരിച്ച് കളിച്ച് അര്‍മാദിക്കുന്ന താരം മറ്റൊരു വ്യക്തിക്ക് വീഡിയോ കോള്‍ ചെയ്യുന്ന ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. രേണുകസ്വാമിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ദര്‍ശന്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
കന്നഡ നടന്‍ ദര്‍ശന്‍ ചായ കപ്പും പിടിച്ച് സിഗരറ്റ് വലിക്കുന്നതാണ് ഫോട്ടോയിലുള്ളത്. പരപ്പന അഗ്രഹാര ജയിലില്‍ റൗഡി പട്ടികയില്‍ ഉള്‍പ്പെട്ട വില്‍സണ്‍ ഗാര്‍ഡന്‍ നാഗ, ദര്‍ശന്റെ മാനേജര്‍ നാഗരാജ് (കൊലപാതകക്കേസില്‍ പ്രതിയാണ്) തുടങ്ങിയവര്‍ക്കൊപ്പം കസേരയിലാണ് നടന്‍ ഇരുന്നത്. ജയിലിലെ തടവുകാരന്‍ തന്റെ ഭാര്യയുമായി പങ്കുവെച്ച ചിത്രമാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്.
സെന്‍ട്രല്‍ ജയിലില്‍ മറ്റൊരു പ്രതിയോടൊപ്പമുള്ള ദര്‍ശന്റെ ഫോട്ടോയാണിതെന്ന് ജയില്‍ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. തടവുകാര്‍ക്ക് സിഗരറ്റ് നല്‍കരുതെന്ന് ചട്ടമൊന്നുമില്ലെങ്കിലും ജയില്‍ ജീവനക്കാരുടെ പിന്തുണയില്ലാതെ ദര്‍ശന്‍ എങ്ങനെ സിഗരറ്റ് നേടിയെന്ന ചോദ്യമാണ് ഈ സംഭവം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പൊലീസ് ജയിലില്‍ റെയ്ഡ് നടത്തിയിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സംഭവത്തില്‍ അന്വേഷണം വേണമെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ശിക്ഷിക്കണമെന്നും രേണുകസ്വാമിയുടെ പിതാവ് മാധ്യമപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. 'ദര്‍ശന്‍ ജയിലിലാണോ അതോ പുറത്താണോ എന്ന് എനിക്ക് സംശയമുണ്ട്, മറ്റ് സാധാരണ തടവുകാരെപ്പോലെ നടനെ പരിഗണിക്കണം, പക്ഷേ ഇവിടെ അദ്ദേഹം ഒരു റിസോര്‍ട്ടില്‍ ഇരിക്കുന്നതായി തോന്നുന്നു,' -അദ്ദേഹം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ