ഡെറാഢൂണ്‍: ഹെലികോപ്റ്റര്‍ എയര്‍ ലിഫ്റ്റ് ചെയ്യുന്നതിനിടെ ബാലന്‍സ് നഷ്ടമാകുമെന്ന് മനസ്സിലാക്കിയതോടെ പൈലറ്റിന്റെ അടിയന്തര ഇടപെടല്‍. ഉത്തരാഖണ്ഡിലെ കേദാര്‍നാഥിലാണ് സംഭവം. ഇന്ന് രാവിലെ കേടുപാടുകള്‍ സംഭവിച്ച ഹെലികോപ്റ്റര്‍ അറ്റകുറ്റപ്പണികള്‍ക്കായി എയര്‍ ലിഫ്റ്റ് ചെയ്യുന്നതിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
കേദാര്‍നാഥ് ഹെലിപാഡിന് സമീപം ഇറങ്ങിയ ഹെലികോപ്റ്റര്‍, ശനിയാഴ്ച രാവിലെ ഏഴ് മണിയോടെ വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ ഗൗച്ചര്‍ എയര്‍സ്ട്രിപ്പിലേക്ക് അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം.
എയര്‍ ലിഫ്റ്റ് ചെയ്യുന്നതിനിടെ ബാലന്‍സ് നഷ്ടമാകുമെന്ന് മനസിലാക്കിയ പൈലറ്റ് ഹെലികോപ്റ്ററിന്റെ റോപ്പ് പൊട്ടിച്ചുവിടുകയായിരുന്നു. പൈലറ്റിന്റെ അതിവേഗ ഇടപെടലാണ് വന്‍ അപകടം ഒഴിവാക്കിയത്. ആര്‍ക്കും പരിക്കോ, നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അപകടാവസ്ഥയിലായ ഹെലികോപ്റ്ററില്‍ യാത്രക്കാരോ ചരക്കുകളോ ഉണ്ടായിരുന്നില്ലെന്ന് ജില്ലാ ദുരന്തനിവാരണ സേന അറിയിച്ചു. വിവരമറിഞ്ഞ് ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തക സംഘം സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഹെലികോപ്റ്റര്‍ അപകടവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള കിംവദന്തികള്‍ പ്രചരിപ്പിക്കരുതെന്നും ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ