പരസ്പര വിശ്വാസമില്ല; ഇന്ത്യാ സഖ്യത്തില്‍ അതൃപ്തിയെന്ന് സിപിഐ
ന്യുഡല്‍ഹി: ഇന്ത്യാ സഖ്യത്തില്‍ പരസ്പര വിശ്വാസക്കുറവുണ്ടെന്നും ഒത്തൊരുമയില്ലെന്നും കുറ്റപ്പെടുത്തി സിപിഐയുടെ വാര്‍ത്താക്കുറിപ്പ്. നാലുദിവസമായി നടന്ന സിപിഐ നേതൃയോഗത്തിന് പിന്നാലെ ഇറക്കിയ വാര്‍ത്താക്കുറിപ്പിലാണ് അതൃപ്തി പരസ്യമാക്കിയത്.
സീറ്റ് വിഭജനത്തില്‍ ഉള്‍പ്പെടെ ഇടതുപാര്‍ട്ടികളുമായി വേണ്ട രീതിയില്‍ ചര്‍ച്ച നടത്തുന്നില്ലെന്നു സിപിഐ കുറ്റപ്പെടുത്തി. മുന്നണിയിലെ വലിയ പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസ് കാര്യമായ രീതിയല്‍ ആത്മ പരിശോധന നടത്തണം. ഹരിയാനയില്‍ ഉള്‍പ്പടെ സീറ്റ് വിഭജനത്തില്‍ ഇടതുപാര്‍ട്ടികളെ കൂടി ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ ബിജെപി അധികാരത്തിലെത്തുന്നത് ഒഴിവാക്കാമായിരുന്നു. മഹാരാഷ്ട്രയിലും ഹരിയാനയിലും കോണ്‍ഗ്രസിനുണ്ടായത് വലിയ തിരിച്ചടിയാണ്. ആത്മപരിശോധനയ്ക്ക് അവര്‍ തയ്യാറാകണമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഝാര്‍ഖണ്ഡിലും സമാനമായ സ്ഥിതിയാണ് ഉണ്ടായത്. ഇന്ത്യാ സഖ്യം അധികാരത്തില്‍ എത്തിയെങ്കിലും സിപിഐ, സിപിഎം എന്നീ ഇടതുപാര്‍ട്ടികള്‍ സഖ്യത്തിന്റെ ഭാഗമായല്ല മത്സരിച്ചത്. ചെറിയ പാര്‍ട്ടികളെ കൂടി ഉള്‍ക്കൊണ്ടാവണം സീറ്റ് വിഭജനം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഉണ്ടാവേണ്ടത്. ഇത് പരസ്പര വിശ്വാസമില്ലായ്മയുടെ ഭാഗമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസിനെയും ബിജെപിയെയും നേരിടാനായി ഉണ്ടാക്കിയതാണ് ഇന്ത്യാ സഖ്യം. ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുകയെന്ന ലക്ഷ്യമായിരുന്നു ഇതിന് പിന്നിലെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക