വിവാദ പ്രസംഗം: ജസ്റ്റിസ് ശേഖര്‍ യാദവിനെ ഇംപീച്ച് ചെയ്യണം; രാജ്യസഭയില്‍ നോട്ടീസ് നല്‍കി പ്രതിപക്ഷ എംപിമാര്‍

55 പ്രതിപക്ഷ എംപിമാരാണ് പ്രമേയത്തില്‍ ഒപ്പുവെച്ചിട്ടുള്ളത്
Justice Shekhar Kumar Yadav
ജസ്റ്റിസ് ശേഖർ കുമാർ യാദവ് ടിവി ദൃശ്യം
Updated on

ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗം നടത്തിയ അലഹാബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാദവിനെ ഇംപീച്ച്‌മെന്റ് ചെയ്യാന്‍ നീക്കവുമായി പ്രതിപക്ഷം. പ്രതിപക്ഷ എംപിമാര്‍ രാജ്യസഭ സെക്രട്ടറി ജനറലിന് ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കി. കപില്‍ സിബല്‍, ജോണ്‍ബ്രിട്ടാസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ 55 പ്രതിപക്ഷ എംപിമാരാണ് പ്രമേയത്തില്‍ ഒപ്പുവെച്ചിട്ടുള്ളത്.

കപില്‍ സിബലിന്റെ നേതൃത്വത്തിലാണ് നോട്ടീസ് രാജ്യസഭ സെക്രട്ടറി ജനറലിന് കൈമാറിയിട്ടുള്ളത്. ഭൂരിപക്ഷത്തിന്റെ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടുമെന്ന് വിഎച്ച്പി പരിപാടിയില്‍ ജസ്റ്റിസ് യാദവ് നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് ഇംപീച്ച്മെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രസംഗം വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കുന്നുവെന്നും ഭരണഘടനയുടെ മതേതര മൂല്യങ്ങളെ ലംഘിക്കുന്നുവെന്നും പ്രമേയത്തില്‍ പറയുന്നു.

21 പേജുള്ള പ്രമേയത്തില്‍, രാജ്യസഭാംഗങ്ങളായ കപില്‍ സിബല്‍, കോണ്‍ഗ്രസിലെ പി ചിദംബരം, ദിഗ്വിജയ സിങ്, എഎപിയുടെ രാഘവ് ഛദ്ദ, തൃണമൂല്‍ കോണ്‍ഗ്രസിലെ സാഗരിക ഘോഷ്, സാകേത് ഗോഖലെ, ആര്‍ജെഡിയുടെ മനോജ് ഝാ, സിപിഎമ്മിന്റെ ജോണ്‍ ബ്രിട്ടാസ് തുടങ്ങിയവര്‍ ഒപ്പിട്ടിട്ടുണ്ട്. വിശ്വഹിന്ദു പരിഷത്തിന്റെ പരിപാടിയില്‍ ജസ്റ്റിസ് ശേഖര്‍ യാദവ് നടത്തിയ പ്രസംഗം ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുള്ളതും ന്യൂനപക്ഷങ്ങള്‍ക്കെതിരെ പക്ഷപാതവും മുന്‍വിധിയും പ്രകടിപ്പിച്ചതിനും പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാണെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു.

പൊതുസ്ഥലത്ത് തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ പ്രകടിപ്പിച്ച ജസ്റ്റിസ് യാദവ്, ജഡ്ജി എന്ന നിലയില്‍ പരിധി മറികടന്നെന്നും, അത് ഗുരുതരമായ ലംഘനമാണെന്നും ഇംപീച്ച്മെന്റ് പ്രമേയത്തില്‍ ആരോപിക്കുന്നു. സിറ്റിങ് ജഡ്ജിമാര്‍ക്ക് തീവ്രവാദ ഗ്രൂപ്പുകളുമായോ രാഷ്ട്രീയ പാര്‍ട്ടികളുമായോ ഒരു ബന്ധവും പാടില്ല. ഹൈക്കോടതികളിലെ സിറ്റിംഗ് ജഡ്ജിമാര്‍ക്ക് ബന്ധം സ്ഥാപിക്കാന്‍ യാതൊരു അടിസ്ഥാനവുമില്ല. ന്യൂനപക്ഷ സമുദായത്തിനെതിരെ ഇത്രയും പക്ഷപാതപരവും മുന്‍വിധിയോടെയുള്ള നിലപാട് പരസ്യമായി പ്രകടിപ്പിച്ച ജഡ്ജിയുടെ കോടതിയില്‍ നിന്നും ഒരു വ്യവഹാരിക്കും നിഷ്പക്ഷമായ നീതി പ്രതീക്ഷിക്കാനാവില്ല എന്നും പ്രമേയത്തില്‍ പറയുന്നു.

അതിനിടെ, ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിന്റെ പ്രസംഗം വിവാദമായതിന് പിന്നാലെ അദ്ദേഹത്തിന്റെ ചുമതലകളില്‍ അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മാറ്റം വരുത്തി. പുതിയ ഉത്തരവ് പ്രകാരം, 2010 വരെയുള്ള കേസുകളിലെ സിവില്‍ കോടതി ഉത്തരവുകള്‍ക്കെതിരായ ആദ്യ അപ്പീലുകള്‍ മാത്രമാകും ജസ്റ്റിസ് ശേഖര്‍ യാദവ് ഇനി കേള്‍ക്കുക. നേരത്തെ ലൈംഗികാതിക്രമക്കേസുകള്‍ അടക്കം പ്രധാന കേസുകളിലെ ജാമ്യാപേക്ഷകള്‍ അടക്കം ജസ്റ്റിസ് യാദവ് പരിഗണിച്ചിരുന്നു. ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിന്റെ വിവാദ പ്രസ്താവനയില്‍ അലഹാബാദ് ഹൈക്കോടതിയോട് സുപ്രീംകോടതി വിശദീകരണം തേടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com