ചെന്നൈ: കോയമ്പത്തൂര്‍ സ്‌ഫോടനപരമ്പരയുടെ മുഖ്യ ആസൂത്രകന്‍ എസ് എ ബാഷ അന്തരിച്ചു. 84 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കോയമ്പത്തൂരിലെ പിഎസ്ജി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 1998 ലെ കോയമ്പത്തൂര്‍ സ്‌ഫോടനപരമ്പരക്കേസില്‍ ബാഷയെ ജീവപര്യന്തം ശക്ഷയ്ക്ക് വിധിച്ചിരുന്നു.
നിരോധിത ഭീകരസംഘടന അല്‍ ഉമ്മയുടെ സ്ഥാപകനാണ്. 1998 ഫെബ്രുവരി 14 നാണ് തമിഴ്‌നാടിനെ നടുക്കിയ കോയമ്പത്തൂര്‍ സ്‌ഫോടന പരമ്പര ഉണ്ടാകുന്നത്. സ്‌ഫോടനങ്ങളില്‍ 58 പേര്‍ കൊല്ലപ്പെടുകയും 231 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കോയമ്പത്തൂരിലെ ആര്‍എസ് പുരത്ത് ബിജെപി നേതാവ് എല്‍ കെ അഡ്വാനി തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുന്നതിന് തൊട്ടുമുമ്പാണ് സ്‌ഫോടനം ഉണ്ടാകുന്നത്.
അഡ്വാനിയെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ബാഷ, ചാവേര്‍ സംഘത്തെ നിയോഗിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു. 650 കിലോ ജലാറ്റിനും മറ്റ് സാമഗ്രികളും മൈസൂരില്‍ നിന്നും എത്തിച്ചാണ് സ്‌ഫോടനത്തിനായി ബോംബ് ഉള്‍പ്പെടെ നിര്‍മ്മിച്ചത്. കോയമ്പത്തൂര്‍ പൊലീസില്‍ നിന്നും സിബി-സിഐഡി സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അന്വേഷണം ഏറ്റെടുക്കുകയും, ബാഷ ഉള്‍പ്പെടെ 166 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതില്‍ 158 പേരെ വിചാരണക്കോടതി ശിക്ഷിച്ചിരുന്നു. 43 പേര്‍ക്ക് ജീവപര്യന്തം തടവാണ് ലഭിച്ചത്.
കുടുംബത്തോടൊപ്പം കഴിയാനായി അടുത്തിടെയാണ് ബാഷയ്ക്ക് മദ്രാസ് ഹൈക്കോടതി പരോള്‍ അനുവദിച്ചത്. ബാഷയുടെ സംസ്‌കാരം സൗത്ത് ഉക്കടത്തെ ഹൈദര്‍ അലി ടിപ്പുസുല്‍ത്താന്‍ സുന്നത്ത് ജമാഅത്ത് മസ്ജിദില്‍ ഇന്ന് നടത്തുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. ശവസംസ്‌കാരം പ്രമാണിച്ച് പ്രദേശത്ത് പൊലീസ് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. രണ്ടായിരത്തിലേറെ പൊലീസ് ഉദ്യോഗസ്ഥരെയാണ് ശവസംസ്‌കാരം നടത്തുന്ന പ്രദേശത്ത് വിന്യസിച്ചിട്ടുള്ളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക