CM Yogi's jibe at Priyanka over 'Palestine' bag, says 'UP has sent over 5,500 youth to Israel'
പ്രിയങ്ക -യോഗി ആദിത്യനാഥ്

കോണ്‍ഗ്രസ് നേതാക്കള്‍ പലസ്തീന്‍ ബാഗുമായി നടക്കുന്നു; യുപിയിലെ യുവാക്കള്‍ ഇസ്രയേലില്‍ ജോലിക്ക് പോകുന്നു; പ്രിയങ്കയെ പരിഹസിച്ച് യോഗി ആദിത്യനാഥ്

ഇതിനകം സംസ്ഥാനത്തെ 5600 പേര്‍ ഇസ്രയേലില്‍ ജോലി ചെയ്യുന്നുണ്ട്. അവിടെ മികച്ചവേതനവും സുരക്ഷയും ഉറപ്പുലഭിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Published on

ന്യൂഡല്‍ഹി: പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് ബാഗുമായി പാര്‍ലമെന്റിലെത്തിയ കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധിയെ പരിഹസിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശില്‍ നിന്ന് യുവാക്കാളെ ജോലിക്കായി ഇസ്രയേലിലേക്ക് അയക്കുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ പലസ്തീന്‍ ബാഗുമായി നടക്കുകയാണെന്നും യോഗി പറഞ്ഞു. ഇതിനകം സംസ്ഥാനത്തെ 5600 പേര്‍ ഇസ്രയേലില്‍ ജോലി ചെയ്യുന്നുണ്ട്. അവിടെ മികച്ചവേതനവും സുരക്ഷയും ഉറപ്പുലഭിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

യുപി നിയമസഭയുടെ ശീതകാല സമ്മേളനത്തിന്റെ രണ്ടാം ദിവസം സഭയെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു യോഗി ആദിത്യനാഥിന്റെ പരാമര്‍ശം. സംസ്ഥാനത്തെ യുവാക്കള്‍ അവിടെ സന്തോഷത്തോടെ ജീവിക്കുന്നുണ്ടെന്നും അവര്‍ക്ക് സുരക്ഷയും പ്രതിമാസം ഒന്നരലക്ഷം രൂപ ശമ്പളവും ലഭിക്കുന്നുണ്ടെന്നും യോഗി പറഞ്ഞു. ഇവിടെ കോണ്‍ഗ്രസ് നേതാക്കള്‍ ബാഗുമായി നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പലസ്തീന്‍ ബാഗുമായി പാര്‍ലമെന്റില്‍ എത്തിയ പ്രിയങ്കയ്‌ക്കെതിരെ ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. വര്‍ഗീയ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നതാണ് പ്രിയങ്കയുടെ നടപടിയെന്ന് ബിജെപി നേതാക്കള്‍ കുറ്റപ്പെടുത്തി. എന്നാല്‍ താന്‍ എന്ത് ധരിക്കണമെന്ന് ആരാണ് തീരുമാനിക്കുകയെന്നും, സ്ത്രീകള്‍ എന്തുധരിക്കണമെന്ന് മറ്റുള്ളവര്‍ തീരുമാനിക്കുന്നത് പുരുഷാധിപത്യമാണെന്നും പ്രിയങ്ക പറഞ്ഞു. അത് അംഗീകരിക്കുന്നില്ലെന്നും തനിക്ക് വേണ്ടത് താന്‍ ധരിക്കുമെന്നും പ്രിയങ്ക പറഞ്ഞു.

ഇന്നലെയാണ് പ്രിയങ്ക ഗാന്ധി പലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പാര്‍ലമെന്റില്‍ എത്തിയത്. തോളില്‍ തൂക്കിയ ബാഗില്‍ പലസ്ത്രീന്‍ ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകമായ മുറിച്ച തണ്ണിമത്തന്റെ ചിത്രവും പലസ്തീന്‍ എന്ന എഴുത്തും ഉണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam
www.samakalikamalayalam.com