ചെന്നൈ: തമിഴ്‌നാട്ടില്‍ ടാറ്റൂ പാര്‍ലറിന്റെ മറവില്‍ നിയമവിരുദ്ധമായി നാവ് പിളര്‍ത്തുന്ന ശസ്ത്രക്രിയ നടത്തിയതിന് രണ്ട് പേര്‍ അറസ്റ്റില്‍. തിരുച്ചിറപ്പള്ളിയില്‍ മേല്‍ചിന്താമണിയില്‍ ടാറ്റൂ പാര്‍ലര്‍ നടത്തി വന്ന ഹരിഹരന്‍, സഹായി ജയരാമന്‍ എന്നിവരാണ് പിടിയിലായത്. 'മോഡിഫിക്കേഷന്‍ കള്‍ച്ചര്‍' എന്നു വിശേഷിപ്പിച്ച് ഒട്ടേറെ യുവാക്കള്‍ ഇവിടെ നാവു പിളര്‍ത്തലിന് വിധേയരായതായി പൊലീസ് സംശയിക്കുന്നു. ഇത്തരം സുരക്ഷിതമല്ലാത്തതും നിയമവിരുദ്ധവുമായ ബോഡി മോഡിഫിക്കേഷന്‍ നടപടികള്‍ തടയാന്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.
നാവ് പിളര്‍ത്തുന്ന ശസ്ത്രക്രിയ കാമറയില്‍ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. ശസ്ത്രക്രിയയ്ക്കു സമാനമായ സജ്ജീകരണങ്ങള്‍ ഒരുക്കിയാണ് ഇവര്‍ നാവു പിളര്‍ത്തല്‍ നടത്തിയിരുന്നത്. ഇതു സംബന്ധിച്ച് പരാതികളും പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തില്‍ നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. എത്രയാളുകള്‍ക്ക് ഇവര്‍ നാവു പിളര്‍ത്തല്‍ നടത്തിയിട്ടുണ്ടെന്ന് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ഇത്തരം വിഡിയോകള്‍ യുവാക്കളെയും വിദ്യാര്‍ഥികളെയും സമാനമായ മാറ്റങ്ങള്‍ക്ക് വിധേയമാക്കാന്‍ സ്വാധീനിക്കുന്നതാണെന്ന് വിലയിരുത്തിയാണ് പൊലീസ് നടപടി. പ്രതികള്‍ സ്വന്തം നാവ് പിളര്‍ത്തുന്നതും രൂപഭേദം വരുത്തുന്നതുമായ ദൃശ്യങ്ങളും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക