ന്യൂഡൽഹി: കത്തോലിക്ക ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാർ ജോർജ് കൂവക്കാടിനെ കർദിനാളാക്കി ഉയർത്തിയത് അഭിമാനത്തിന്റെ നിമിഷമാണെന്നും അദ്ദേഹം ആഘോഷത്തിൽ പങ്കെടുത്തു സംസാരിക്കുമ്പോൾ എടുത്തു പറഞ്ഞു.
ഭാരതത്തിന്റെ പുത്രൻ കർദിനാളായതിൽ രാജ്യത്തിനു അഭിമാനമാണെന്നു അദ്ദേഹം വ്യക്തമാക്കി. ഇതാദ്യമായാണ് ഒരു പ്രധാനമന്ത്രി ഇന്ത്യയിലെ കത്തോലിക്കാ സഭയുടെ ആസ്ഥാനത്ത് ഒരു പരിപാടിയിൽ പങ്കെടുക്കുന്നത്.
'സിബിസിഐ സ്ഥാപിച്ചതിന്റെ 80ാം വാർഷികത്തിലെ ക്രിസ്മസ് ആഘോഷത്തിൽ എനിക്കു പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഇറ്റലിയിലെ ജി7 ഉച്ചകോടിക്കിടെ ഫ്രാൻസിസ് മാർപാപ്പയെ കാണാനുള്ള അവസരം ലഭിച്ചു. അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിക്കാനും സാധിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രണ്ട് തവണ മാർപാപ്പയെ കണ്ടു. ആത്മീതയിലും പ്രാർഥനയിലുമൂന്നിയ ഇത്തരം കൂടിക്കാഴ്ചകൾ ജന സേവനത്തെക്കുറിച്ചുള്ള ഞങ്ങളുടെ സങ്കൽപ്പങ്ങളെ കൂടുതൽ കരുത്തുറ്റതാക്കുന്നു'.
ജർമനിയിലെ ക്രിസ്മസ് മാർക്കറ്റ് ആക്രമണം, ശ്രീലങ്കയിലെ പള്ളി ആക്രമണങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. യുദ്ധ ബാധിത അഫ്ഗാനിസ്ഥാനത്തിൽ നിന്നു ഫാ. അലക്സ് പ്രേംകുമാറിനേയും യമനിൽ നിന്നു ഫാ. ടോം ഉഴുന്നാലിനേയും സുരക്ഷിതമായി തിരിച്ചെത്തിച്ചതും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. സാധ്യമായതെല്ലാം രാജ്യം അന്നു ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഗൾഫ് നാടുകളിൽ കുടുങ്ങുന്ന നഴ്സുമാരെ നാട്ടിലെത്തിച്ചതും അദ്ദേഹം എടുത്തു പറഞ്ഞു. ലോകത്തിന്റെ ഏതു കോണിലുള്ള ഭാരതീയനേയും ആപത്തിൽ നിന്നും സങ്കടങ്ങളിൽ നിന്നും രക്ഷിച്ചു നാട്ടിലെത്തിക്കുക എന്നത് വെറും നയതന്ത്ര വിഷയം മാത്രമല്ല. തങ്ങളുടെ കർത്തവ്യമാണെന്നു അദ്ദേഹം വ്യക്തമാക്കി.
ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് അദ്ദേഹം ആസ്ഥാനത്തെത്തിയത്. സിബിസിഐ അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്തിന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രിയെ സ്വീകരിച്ചു. പ്രധാനമന്ത്രിക്കൊപ്പം സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും പരിപാടിയുടെ ഭാഗമായി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക