ന്യൂഡല്‍ഹി: വ്യാജ കേസുകള്‍ ഉണ്ടാക്കി ഡല്‍ഹി മുഖ്യമന്ത്രി അതിഷിയെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാള്‍. ഇതുസംബന്ധിച്ച് ഇഡി, സിബിഐ, ആദായനികുതി വകുപ്പ് തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ക്ക് ബിജെപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. എഎപിയുടെ മുതിര്‍ന്ന നേതാക്കളുടെ വീടുകളില്‍ ഉടന്‍ റെയ്ഡ് നടന്നേക്കുമെന്നും അരവിന്ദ് കെജരിവാള്‍ പറഞ്ഞു.
ഡല്‍ഹിയിലെ എഎപി സര്‍ക്കാര്‍ പ്രഖ്യാപിച്ച മഹിള സമ്മാന്‍ യോജന, സഞ്ജീവനി യോജന എന്നിവയില്‍ വിറളിപൂണ്ടവരാണ് ഈ നീക്കത്തിന് പിന്നില്‍. എഎപിയുടെ ജനകീയ അജണ്ടകളെ തകര്‍ക്കാനാണ് ഇക്കൂട്ടര്‍ ലക്ഷ്യമിടുന്നത്. അടുത്ത ദിവസങ്ങളില്‍ കെട്ടിച്ചമച്ച കേസില്‍ മുഖ്യമന്ത്രി അതിഷിയെ അറസ്റ്റ് ചെയ്യാനാണ് ഇവര്‍ പദ്ധതിയിട്ടിരിക്കുന്നതെന്നും കെജരിവാള്‍ ആരോപിച്ചു.
ലെഫ്റ്റനന്റ് ഗവര്‍ണറെ ഉപയോഗിച്ച് ഡല്‍ഹി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ബിജെപി തടഞ്ഞുകൊണ്ടിരുന്നു. ഗൂഢാലോചനകളെല്ലാം പരാജയപ്പെട്ടപ്പോള്‍, അവര്‍ ഉന്നത എഎപി നേതാക്കളെയും മന്ത്രിമാരെയും ജയിലിലേക്ക് അയയ്ക്കാന്‍ തുടങ്ങി. എന്നാല്‍ ഡല്‍ഹി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. ബിജെപി ഇപ്പോള്‍ ചരിത്രപരമായ പരാജയത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും കെജരിവാള്‍ പറഞ്ഞു.
മഹാരാഷ്ട്രയിലെ ലാഡ്‌ലി ബെഹന്‍ യോജന പദ്ധതിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് എഎപി സര്‍ക്കാര്‍ മഹിളാ സമ്മാന്‍ യോജന പദ്ധതി പ്രഖ്യാപിച്ചത്. അര്‍ഹരായ സ്ത്രീകള്‍ക്ക് 1000 രൂപ നല്‍കുന്നതാണ് പദ്ധതി. വീണ്ടും അധികാരത്തില്‍ വന്നാല്‍ ഈ തുക 2100 ആയി വര്‍ധിപ്പിക്കുമെന്ന് കെജരിവാള്‍ പ്രസ്താവിച്ചിരുന്നു. ഡല്‍ഹിയില്‍ അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക