പ്രതിസന്ധികളുടെ കയത്തില്‍നിന്ന് ഇന്ത്യയെ പ്രതീക്ഷയുടെ കരയിലേക്കു നയിച്ച പ്രധാനമന്ത്രിയായിരുന്നു ഡോ. മന്‍മോഹന്‍ സിങ്. രാഷ്ട്രീയം അതിലുള്ളവരുടെ അധികാരത്തിനും സമ്പത്തിനുമുള്ളതല്ല, സാമൂഹിക മാറ്റത്തിനുള്ളതാവണം എന്നതായിരുന്നു മന്‍മോഹന്റെ നയം. 2004 മുതല്‍ 2014 വരെ പ്രധാനമന്ത്രിയായിരിക്കെ, വിവരാവകാശ നിയമം, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം എന്നിവയുള്‍പ്പെടെയുള്ള വിപ്ലവകരമായ നിരവധി നിയമങ്ങള്‍ കൊണ്ടുവന്നു. മന്‍മോഹന്‍ സിങിന്റെ വിയോഗത്തിലൂടെ നഷ്ടമായത് രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന്റെ വളര്‍ച്ചക്കും പുരോഗതിക്കും സുപ്രധാന പങ്കുവഹിച്ച നേതാവിനെയാണ്.
ഇന്ത്യയുടെ വിശ്വസ്ത വ്യവസായിയായിരുന്നു രത്തന്‍ ടാറ്റ. 1991ല്‍ ജെആര്‍ഡി ടാറ്റയില്‍നിന്ന് ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാന്‍സ്ഥാനം ഏറ്റെടുത്ത രത്തന്‍ 21 വര്‍ഷം ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനായിരുന്നു. ടാറ്റ ഗ്രൂപ്പിനെ ഇന്നുകാണുന്ന ആഗോള കമ്പനിയാക്കി പടുത്തുയര്‍ത്തി. വ്യാവസായിക ഇന്ത്യയെ കെട്ടിപ്പടുത്ത, ജീവിത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ആ മനുഷ്യസ്‌നേഹി കര്‍മവീഥിയില്‍ അനശ്വരമുദ്ര പതിപ്പിച്ചാണ് കടന്നുപോയത്.
മതേതര രാഷ്ട്രീയത്തിന്റെ സൂര്യശോഭയായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. 32 വര്‍ഷമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായി പ്രവര്‍ത്തിച്ച യച്ചൂരി 2015 ലാണ് ജനറല്‍ സെക്രട്ടറി പദവിയിലേക്കെത്തിയത്. 2005 മുതല്‍ 2017 വരെ ബംഗാളില്‍നിന്നുള്ള രാജ്യസഭാംഗമായിരുന്നു. ഇടതുപക്ഷത്തെ നയിക്കുന്ന വെളിച്ചമായിരുന്നു സീതാറാം യെച്ചൂരിയെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുശോചന സന്ദേശം. ദേശീയ രാഷ്ട്രീയത്തിനും പ്രത്യേകിച്ച് ഇടതുപക്ഷത്തിനും വലിയ നഷ്ടമാണ് സീതാറാമിന്റെ വിയോഗം
വിരല്‍ത്തുമ്പില്‍ നിന്നും ജീവന്‍ തുടിക്കുന്ന താളങ്ങളിലൂടെ സംഗീത പ്രേമികളുടെ ഹൃദയങ്ങളെ കീഴടക്കിയ തബല മാന്ത്രികനായിരുന്നു സാക്കിര്‍ ഹുസൈന്‍. തബലയെ ക്ലാസിക്കല്‍ സംഗീതോപകരണത്തിന്റെ പരിധികള്‍ക്കപ്പുറത്തേക്ക് ഉയര്‍ത്താന്‍ സാക്കിറിന് കഴിഞ്ഞു. അമേരിക്കയിലെ പരമ്പരാഗത കലാകാരന്‍മാര്‍ക്കും സംഗീതജ്ഞര്‍ക്കും നല്‍കുന്ന ഏറ്റവുമുയര്‍ന്ന ബഹുമതിയായ യുണൈറ്റഡ് നാഷണല്‍ എന്‍ഡോവ്‌മെന്റ് ഫോര്‍ ആര്‍ട്‌സ് നാഷണല്‍ ഹെറിറ്റേജ് ഫെലോഷിപ്പ് 1999ല്‍ അദ്ദേഹത്തെ തേടിയെത്തി. അദ്ദേഹത്തെ രാജ്യം പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. പ്രശസ്ത തബലവാദകന്‍ ഉസ്താദ് അല്ലാ രഖായുടെ മകനായി ജനിച്ച സാക്കിര്‍ ഹുസൈന്, സംഗീതം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതായിരുന്നു
ദേശീയ രാഷ്ട്രീയത്തിലും ബിഹാര്‍ രാഷ്ട്രീയത്തിലും ഒരേപോലെ പ്രതിഭ തെളിയിച്ച നേതാവായിരുന്നു സുശീല്‍ കുമാര്‍ മോദി. നിയമസഭ, ലെജിസ്ലേറ്റീവ് കൗണ്‍സില്‍, രാജ്യസഭാ, ലോക്‌സഭാ എന്നീ നാലു സഭകളിലും അംഗമായിരുന്നെന്ന അപൂര്‍വ നേട്ടത്തിന് ഉടമയായിരുന്നു സുശീല്‍ മോദി. നിതീഷ്‌കുമാര്‍ നയിച്ച ജെഡിയു ബിജെപി സഖ്യസര്‍ക്കാരുകളില്‍ 2005-13, 2017-20 കാലത്താണ് സുശീല്‍ മോദി ഉപമുഖ്യമന്ത്രിയായി. ബിജെപി ദേശീയ വൈസ് പ്രസിഡന്റ്, ബിഹാര്‍ സംസ്ഥാന അധ്യക്ഷന്‍ എന്നീ പദവികളും വഹിച്ചു.
രാഷ്ട്രീയം, സാഹിത്യം, നയതന്ത്രം എന്നീ മേഖലകളില്‍ അതുല്യ സംഭാവന ചെയ്തയാളാണ് നട്‌വര്‍ സിങ്. മന്‍മോഹന്‍ സിങ് സര്‍ക്കാരില്‍ വിദേശകാര്യമന്ത്രി ആയി പ്രവര്‍ത്തിച്ച അദ്ദേഹം പാകിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാനാപതിയായും സേവനം അനുഷ്ഠിച്ചു. നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ആത്മകഥയായ 'വണ്‍ ലൈഫ് ഈസ് നോട്ട് ഇനഫി'ലൂടെ വിവാദ വെളിപ്പെടുത്തലുകളും നട്‌വര്‍ സിങ് നടത്തിയിരുന്നു. 1984 ല്‍ രാജ്യം പദ്മഭൂഷണ്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു. 2008ല്‍ കോണ്‍ഗ്രസില്‍നിന്ന് രാജിവച്ചു ബിഎസ്പിയില്‍ ചേര്‍ന്നു
കര്‍ണാടക രാഷ്ട്രീയത്തിലെ ജനകീയ നേതാക്കളില്‍ പ്രമുഖനാണ് എസ്എം കൃഷ്ണ. ഐടി വ്യവസായ ആസ്ഥാനമായ ബംഗളുരുവിന്റെ വളര്‍ച്ചയ്ക്ക് പിന്നില്‍ ഇദ്ദേഹത്തിന്റെ ഭരണമികവും ദീര്‍ഘവീക്ഷണവും എടുത്തുപറയാവുന്നതാണ്. 2009 മുതല്‍ 2012 വരെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയായും പ്രവര്‍ത്തിച്ചു. കര്‍ണാടക മുഖ്യമന്ത്രി, മൂന്നു തവണ ലോക്സഭാംഗം, രണ്ട് തവണ രാജ്യസഭാംഗം എന്നി നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മഹാരാഷ്ട്ര ഗവര്‍ണറായും സേവനം അനുഷ്ഠിച്ചു.
രാജ്യം കണ്ട എക്കാലത്തേയും മികച്ച അഭിഭാഷകനും ഇന്ത്യന്‍ നിയമശാസ്ത്രത്തിന്റെ ചരിത്രത്തില്‍ മായാത്ത മുദ്ര പതിപ്പിച്ച നിയമജ്ഞനുമായിരുന്നു ഫാലി സാം നരിമാന്‍. 1950 നവംബറില്‍ ബോംബെ ഹൈക്കോടതിയില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. 1961-ല്‍ മുതിര്‍ന്ന അഭിഭാഷകനായി നിയമിതനായി. അഭിഭാഷകനായി 70 വര്‍ഷത്തിലേറെ കാലമാണ് പ്രാക്ടീസ് ചെയ്തത്. അദ്ദേഹത്തിന്റെ സംഭാവനകളെ മാനിച്ച് രാജ്യം പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ എന്നിവ നല്‍കി അദരിച്ചിട്ടുണ്ട്. 1999 മുതല്‍ 2005 വരെ രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായിരുന്നു.
ഇന്ത്യന്‍ സിനിമയുടെ ചരിത്രം തിരുത്തിയ നിര്‍മാതാവാണ് രാമോജി റാവു. റാമോജി ഫിലിം സിറ്റി സ്ഥാപിച്ചതിലൂടെലോക സിനിമയ്ക്ക് മുന്നില്‍ ഇന്ത്യയെ കൊണ്ടുവന്നുനിര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ചലച്ചിത്ര നിര്‍മാണ കമ്പനിയായ ഉഷാകിരന്‍ മൂവീസിന്റെ സ്ഥാപകന്‍ കൂടിയാണ് റാമോജി റാവു. നാലു ഫിലിംഫെയര്‍ അവാര്‍ഡുകളും ദേശീയ ചലച്ചിത്ര അവാര്‍ഡും നേടിയിട്ടുണ്ട്. പത്രപ്രവര്‍ത്തനം, സാഹിത്യം, വിദ്യാഭ്യാസം എന്നിവയില്‍ നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് 2016ല്‍ രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചു.
ഗസലിനെ ജനകീയവല്‍ക്കരിച്ച പാട്ടുകാരനാണ് പങ്കജ് ഉധാസ്. നിത്യഹരിതഗാനങ്ങളിലൂടെ സംഗീതാസ്വാദകരില്‍ ചിരപ്രതിഷ്ഠ നേടിയ ഉധാസിന്റെ ശബ്ദം ഗസലിന്റെ തനതായ വിരഹാഗ്നിയെ ആളിക്കത്തിക്കുന്നതായിരുന്നു. 1986ല്‍ പുറത്തിറങ്ങിയ 'നാം' എന്ന ചിത്രത്തിലൂടെയാണ് പങ്കജ് പിന്നണി ഗായകനായി. 1980ലാണ് പങ്കജിന്റെ ആദ്യ ഗസല്‍ ആല്‍ബം പുറത്തിറങ്ങിയത്. ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തിയ അനേകം ഗസലുകള്‍ പങ്കജ് രാജ്യത്തിന് സമ്മാനിച്ചു. രാജ്യം പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക