ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന്റെ ചിതാഭസ്മ നിമഞ്ജന ചടങ്ങില്‍ പങ്കെടുക്കാത്തത് കുടുംബത്തിന്റെ സ്വകാര്യത മാനിച്ചാണെന്ന് കോണ്‍ഗ്രസ്. ചിതാഭസ്മം യമുനയില്‍ നിമഞ്ജനം ചെയ്യുന്ന സമയത്ത് മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ പങ്കെടുക്കാത്തതില്‍ ബിജെപി വിമര്‍ശനം ഉന്നയിച്ചതോടെയാണ് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര വിശദീകരണവുമായി എത്തിയത്.
സംസ്‌കാരത്തിന് ശേഷം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മന്‍മോഹന്‍ സിങിന്റെ വസതി സന്ദര്‍ശിച്ചിരുന്നു. സംസ്‌കാര സമയത്ത് കുടുംബത്തിലെ അടുത്ത ചില അംഗങ്ങള്‍ക്ക് ചിതയുടെ അടുത്തേയ്ക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ലെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞതിനെത്തുടര്‍ന്ന് അവരുടേതായ സ്വകാര്യത നല്‍കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നുവെന്നും ഖേര പറഞ്ഞു. അടുത്ത കുടുംബാംഗങ്ങള്‍ക്ക് വൈകാരികവും വേദനാജനകവുമായ ചടങ്ങാണ്. അതുകൊണ്ടാണ് സ്വകാര്യത നല്‍കാന്‍ തീരുമാനിച്ചതെന്നും ഖേര പറഞ്ഞു.
മന്‍മോഹന്‍സിങിന്റെ അന്ത്യ കര്‍മങ്ങള്‍ നടത്തുന്നതിലും സ്മാരകം നിര്‍മിക്കുന്നതുമായും ബന്ധപ്പെട്ട് ചില വിവാദങ്ങള്‍ ഉണ്ടായിരുന്നു. ബിജെപി സര്‍ക്കാര്‍ മുന്‍ പ്രധാനമന്ത്രിയോട് അനാദരവ് കാണിച്ചുവെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. സിഖ് ആചാര പ്രകാരമായിരുന്നു മന്‍മോഹന്‍ സിങിന്റെ ചിതാഭസ്മം യമുനയില്‍ നിമഞ്ജനം ചെയ്തത്. ഞായറാഴ്ച രാവിലെയായിരുന്നു ചടങ്ങ്. മന്‍മോഹന്‍ സിങിന്റെ ഭാര്യ ഗുര്‍ശരണ്‍ കൗറും അവരുടെ മൂന്ന് പെണ്‍മക്കളായ ഉപീന്ദര്‍ സിങ്, ദാമന്‍ സിങ്, അമൃത് സിങ് എന്നിവരും മറ്റ് ബന്ധുക്കളും നിമഞ്ജന ചടങ്ങില്‍ പങ്കെടുത്തു.
സിഖ് ആചാരപ്രകാരം ജനുവരി ഒന്നിന് മോത്തിലാല്‍ നെഹ്‌റു മാര്‍ഗിലെ ഔദ്യോഗിക വസതിയില്‍ അഖണ്ഡ് പാത എന്ന പരിപാടി കുടുംബം സംഘടിപ്പിക്കും. ഡിസംബര്‍ 26നായിരുന്നു വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് മന്‍മോഹന്‍ സിങ് അന്തരിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക