'മതി, നിങ്ങള്‍ ഞങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുത്'; രാഹുല്‍ ഗാന്ധിയുടെ പൗരത്വ വിഷയത്തില്‍ അഭിഭാഷകനോട് കോടതി, നാടകീയ രംഗങ്ങള്‍

അഭിഭാഷകന്‍ അശോക് പാണ്ഡെയാണ് നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാതെ വാദം തുടര്‍ന്നത്.
Rahul gandhi
രാഹുല്‍ ഗാന്ധിഫയല്‍

അലഹബാദ്: രാഹുല്‍ ഗാന്ധിയുടെ പൗരത്വ വിഷയവുമായി ബന്ധപ്പെട്ട കേസില്‍ അലഹബാദ് ഹൈക്കോടതിയില്‍ നാടകീയ രംഗങ്ങള്‍. 90 മിനിറ്റ് വാദം കേട്ട ശേഷവും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ വാദം തുടര്‍ന്ന സാഹചര്യത്തില്‍ ബെഞ്ച് വാദം കേള്‍ക്കാന്‍ വിമുഖത കാണിച്ച് എഴുന്നേറ്റ് പോയി. വാദം അവസാനിപ്പിക്കാന്‍ കോടതി നിരന്തരം ആവശ്യപ്പെട്ടിട്ടും അഭിഭാഷകന്‍ നിര്‍ത്താന്‍ കൂട്ടാക്കിയില്ല. ആവശ്യമായ സമയം അനുവദിച്ചതാണെന്ന് കോടതി വീണ്ടും സൂചിപ്പിച്ചെങ്കിലും കേസില്‍ വീണ്ടും ചിലത് പറയാനുണ്ടെന്ന് അഭിഭാഷകന്‍ അശോക് പാണ്ഡെ വ്യക്തമാക്കി. നിങ്ങള്‍ ഞങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുതെന്നും വാദം കേട്ടത് മതിയെന്നും വ്യക്തമാക്കി ബെഞ്ച് എഴുന്നേല്‍ക്കുകയായിരുന്നു. ജസ്റ്റിസ് റോയി, ജസ്റ്റിസ് ഓം പ്രകാശ് ശുക്ല എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

Rahul gandhi
സിംഗപ്പൂരില്‍ പലസ്തീന്‍ അനുകൂല ജാഥ, കേസിലകപ്പെട്ട യുവതിക്ക് കേരളത്തിലേക്കു വരാന്‍ അനുമതി

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ റായ്ബറേലി ലോക്സഭാ സീറ്റില്‍ നിന്ന് എംപിയായി തെരഞ്ഞെടുത്തത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക ബിജെപി പ്രവര്‍ത്തകന്‍ എസ് വിഘ്നേഷ് ശിശിര്‍ അഭിഭാഷകന്‍ അശോക് പാണ്ഡെ മുഖേനയാണ് പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്. ബ്രിട്ടീഷ് പൗരത്വമുള്ള രാഹുല്‍ ഗാന്ധി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യനല്ലെന്നാണ് ഹര്‍ജിയിലെ വാദം.

ഹര്‍ജിയില്‍ വാദം കേട്ട ശേഷം വിധി പറയാന്‍ മാറ്റുകയാണെന്ന് പറഞ്ഞ ബെഞ്ചിനോട് ഇനിയും കൂടുതല്‍ നിവേദനങ്ങള്‍ നല്‍കാനുണ്ടെന്ന് അഭിഭാഷകന്‍ ആവര്‍ത്തിച്ചു.

എല്ലാ വാദങ്ങളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ആവശ്യമായ സമയം നല്‍കിയെന്നും ബെഞ്ച് ആവര്‍ത്തിച്ചു. അവസാന 20 ദിവസമായി ബെഞ്ച് നിരന്തരമായി വാദങ്ങള്‍ കേള്‍ക്കുന്നതാണെന്നും ഓര്‍മിപ്പിച്ചു. കോടതിയുടെ നിരീക്ഷണങ്ങള്‍ക്ക് മറുപടിയായി വ്യക്തിപരമായി എടുക്കരുതെന്ന് അഭിഭാഷകന്‍ പറഞ്ഞതാണ് വീണ്ടും ബെഞ്ചിനെ ചൊടിപ്പിക്കാന്‍ കാരണം. വിഷയം അവസാനിപ്പിച്ച് ജഡ്ജിമാര്‍ പുറത്തിറങ്ങിയപ്പോള്‍ ഹൈക്കോടതി അന്തിമ കോടതിയല്ലെന്നായിരുന്നു അഭിഭാഷകന്റെ പ്രതികരണം.

കേസില്‍ വ്യക്തിപരമായി വാദിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജിക്കാരനും കോടതി 20 മിനിറ്റ് സമയം അനുവദിച്ചു. വാദത്തിന് ഒടുവില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് ഹര്‍ജിക്കാരന്‍ ബെഞ്ചിനോട് അഭ്യര്‍ഥിച്ചു. അതിന് മറുപടിയായി പൊതുതാല്‍പ്പര്യ ഹര്‍ജി പിന്‍വലിച്ചാല്‍ കോടതിയുടെ 90 മിനിറ്റ് പാഴാക്കിയതിന് ബെഞ്ച് പിഴ ചുമത്തുമെന്നായിരുന്നു കോടതിയുടെ മറുപടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി മറ്റൊരു രാജ്യത്തിന്റെ (ബ്രിട്ടന്‍) പൗരത്വം നേടിയതിനാല്‍, അദ്ദേഹത്തിന്റെ ഇന്ത്യന്‍ പൗരത്വം അവസാനിച്ചെന്നും അതിനാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യനല്ലെന്നു അദ്ദേഹം വാദിച്ചു. 2019-ലെ പൗരത്വം സംബന്ധിച്ച് വ്യക്തത തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും വാദമുണ്ടായി. ഈ വിഷയത്തില്‍ അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും രാഹുല്‍ ഗാന്ധി വിശദീകരണവും നല്‍കിയിട്ടില്ല. ഈ ഹര്‍ജികള്‍ നേരത്തെ സുപ്രീംകോടതിയില്‍ എത്തിയതാണെന്നും അത് തള്ളിയതാണെന്നും കോടതിയും ഓര്‍മിപ്പിച്ചു.

ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന് അവകാശപ്പെടുന്ന രേഖകള്‍ എവിടെ നിന്നാണ് ലഭിച്ചതെന്ന് ബെഞ്ച് അഭിഭാഷകന്‍ പാണ്ഡെയോട് ചോദിച്ചപ്പോള്‍, ആ രേഖകള്‍ 'ഇന്റര്‍നെറ്റില്‍' നിന്ന് ഡൗണ്‍ലോഡ് ചെയ്തതാണെന്നായിരുന്നു അഭിഭാഷകന്റെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com