
ന്യൂഡൽഹി: എൻഡിഎ മൂന്നാം സർക്കാർ രൂപീകരിക്കുമെന്നു പ്രഖ്യാപിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ ബിജെപി ആസ്ഥാനത്ത് പ്രവർത്തകെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. ബിജെപിയിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിനു നന്ദി പറയുന്നുവെന്നും മോദി പറഞ്ഞു. നേരത്തെ എക്സിൽ ചരിത്ര വിജയമെന്നായിരുന്നു മൂന്നാം വട്ടവും അധികാരം ഉറപ്പിച്ചതിനെ മോദി വിശേഷിപ്പിച്ചത്.
ഫലം വന്ന ശേഷം പാർട്ടി ആസ്ഥാനത്തെത്തിയ അദ്ദേഹത്തെ പ്രവർത്തകർ കരഘോഷത്തോടെയാണ് വരവേറ്റത്. ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവരും പ്രധാനമന്ത്രിക്കൊപ്പം വേദിയിലെത്തി. അതേസമയം പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ ബിജെപി കഴിഞ്ഞില്ല. എങ്കിലും ഏറ്റവും വലിയ ഒറ്റ കക്ഷി ആയതും മൂന്നാം വട്ടം അധികാരം ഉറപ്പിച്ചതും പാർട്ടി പ്രവർത്തകർ ആഘോഷിച്ചു.
ജയ് ജഗനാഥ് എന്നു പറഞ്ഞാണ് മോദി പ്രസംഗം ആരംഭിച്ചത്-
'ജനാധിപത്യത്തിന്റെ വിജയമാണിത്. ഭരണഘടനയിൽ വിശ്വാസമുണ്ട്. നമ്മുടെ തെരഞ്ഞെടുപ്പ് സംവിധാനത്തെക്കുറിച്ചും അതിന്റെ വിശ്വാസ്യതയിലും അഭിമാനിക്കുന്നു. മൂന്നാം വട്ടവും എൻഡിഎ സർക്കാരുണ്ടാക്കും. 1962നു ശേഷം ആദ്യമായാണ് ഒരു സർക്കാർ തുടർച്ചയായി മൂന്നാം വട്ടം അധികാരത്തിൽ വരുന്നത്.'
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
'ഒഡിഷയിലും സർക്കാർ രൂപീകരിക്കുന്നു. ആദ്യമായാണ് അവിടെ ഒരു ബിജെപി മുഖ്യമന്ത്രി ഉണ്ടാകുന്നത്. കേരളത്തിൽ അക്കൗണ്ട് തുറന്നു. നിരവധി പാർട്ടി പ്രവർത്തകരുടെ ജീവനാണ് അവിടെ പൊലിഞ്ഞത്. അവിടെ കോൺഗ്രസ് തകർന്നടിഞ്ഞു. മധ്യപ്രദേശിലും ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും ഡൽഹിയിലും മികച്ച നേട്ടമുണ്ടാക്കിയതിൽ സന്തോഷമുണ്ട്.'
'പ്രതിപക്ഷം ഒന്നിച്ചെങ്കിലും ബിജെപിയ്ക്കു ഒറ്റയ്ക്കു കിട്ടിയതിന്റെ അത്രയും സീറ്റുകൾ നേടാൻ അവർക്കായില്ല. മൂന്നാം വട്ടം വലിയ തീരുമാനങ്ങളിലൂടെ പുതിയ തുടക്കം നൽകുമെന്ന മോദിയുടെ ഗ്യാരന്റി ഒരിക്കൽ കൂടി നൽകുന്നു'- അദ്ദേഹം വ്യക്തമാക്കി.
മോദി നാളെ രാഷ്ട്രപതിയെ കണ്ടേക്കുമെന്നു റിപ്പോർട്ടുകളുണ്ട്. ഈയാഴ്ച തന്നെ മൂന്നാം സത്യപ്രതിജ്ഞയുണ്ടായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates