ഒഡീഷയില്‍ ബിജെപിയുടെ സര്‍പ്രൈസ് മുഖ്യമന്ത്രി?; ഗിരീഷ് ചന്ദ്ര മുര്‍മുവിനെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്

24 വര്‍ഷത്തെ നവീന്‍ പട്‌നായിക് ഭരണത്തിന് അന്ത്യം കുറിച്ചാണ് സംസ്ഥാനത്ത് ബിജെപി ആദ്യമായി അധികാരത്തിലെത്തുന്നത്
girish chandra murmu
ഗിരീഷ് ചന്ദ്ര മുര്‍മുഫയൽ

ഭുവനേശ്വര്‍: ഒഡീഷ മുഖ്യമന്ത്രിയെ ബിജെപി രണ്ടു ദിവസത്തിനകം പ്രഖ്യാപിച്ചേക്കും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി വരുമോയെന്ന അഭ്യൂഹവും ശക്തമാണ്. സിഎജിയായ ഗിരീഷ് ചന്ദ്ര മുര്‍മുവിന്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപി പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 24 വര്‍ഷത്തെ നവീന്‍ പട്‌നായിക് ഭരണത്തിന് അന്ത്യം കുറിച്ചാണ് സംസ്ഥാനത്ത് ബിജെപി ആദ്യമായി അധികാരത്തിലെത്തുന്നത്.

1985 ബാച്ച് ഗുജറാത്ത് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ഗിരീഷ് ചന്ദ്ര മുര്‍മു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തനായ ഉദ്യോഗസ്ഥനായിരുന്നു. ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇതിനു ശേഷമാണ് കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ആയി ജിസി മുര്‍മുവിനെ കേന്ദ്രസര്‍ക്കാര്‍ നിയമിക്കുന്നത്. ഗോത്ര വിഭാഗത്തില്‍ നിന്നുള്ള ഗിരീഷ് ചന്ദ്രമുര്‍മുവിനെ മുഖ്യമന്ത്രിയാക്കിയാല്‍ ആ വിഭാഗങ്ങളുടെ പിന്തുണ ആര്‍ജ്ജിക്കാന്‍ സഹായകമാകുമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാനാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ മറ്റൊരു പ്രമുഖന്‍. ആര്‍എസ്എസിന്റെ പിന്തുണ ധര്‍മ്മേന്ദ്ര പ്രധാന് ആണെന്നാണ് റിപ്പോര്‍ട്ട്. ഒഡീഷയില്‍ ബിജെപിയെ കെട്ടിപ്പടുക്കുന്നതില്‍ ധര്‍മ്മേന്ദ്ര പ്രധാന്‍ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിയെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതും ധര്‍മ്മേന്ദ്ര പ്രധാന് അനുകൂല ഘടകമാണ്.

ഒഡീഷ നിയമസഭയിലേക്ക് നാലുവട്ടം വിജയിച്ച മോഹന്‍ മാഞ്ജി, മുന്‍ കേന്ദ്രമന്ത്രി ജുവല്‍ ഓറം, ബിജെപി സംസ്ഥാന പ്രസിഡന്റ് മന്‍മോഹന്‍ സമല്‍, ബിജെപി വക്താവ് സാംബിത് പത്ര, ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ബൈജയന്ത് പാണ്ഡെ എന്നിവരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരാണ്. ജൂണ്‍ 10 ന് പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് സൂചന

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com