കുടകിലെ 16 വയസുകാരിയുടെ കൊലപാതകം: തല കണ്ടെടുത്തു, ജീവനൊടുക്കിയത് പ്രതിയല്ല, സഹോദരിയെ കൊല്ലാന്‍ എത്തിയപ്പോള്‍ അറസ്റ്റ്

ഇന്നലെ പുലര്‍ച്ചെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
എം പ്രകാശ്, മീന
എം പ്രകാശ്, മീന

ബംഗളൂരു: നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിന്റെ ദേഷ്യത്തില്‍ 16 വയസ്സുകാരിയെ തലയറുത്ത് കൊന്ന സംഭവത്തില്‍ യുവാവ് കൊണ്ടുപോയ തല 3ാം ദിവസം കണ്ടെത്തിയെന്ന് പൊലീസ്. പ്രതി എം പ്രകാശ്(ഓംകാരപ്പ) ജീവനൊടുക്കിയെന്ന പ്രചാരണം ശരിയല്ലെന്നും പൊലീസ് പറഞ്ഞു. ഇന്നലെ പുലര്‍ച്ചെ പ്രതി പ്രകാശിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രതിയുടെ വീടിനു സമീപം മറ്റൊരു യുവാവ് തൂങ്ങിമരിച്ചത് പ്രതിയെന്നു തെറ്റിദ്ധരിക്കുകയായിരുന്നു. ഇതു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തു. തെറ്റായ പ്രചാരണം വന്ന വഴി അന്വേഷിക്കുമെന്നും സമൂഹമാധ്യമങ്ങളിലൂടെ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കുടക് എസ്പി കെ രാമരാജന്‍ വ്യക്തമാക്കി.

സോമവാര്‍പേട്ട താലൂക്ക് സുര്‍ലബി ഗ്രാമത്തിലെ സുബ്രമണിയുടെ മകള്‍ മീനയെ വ്യാഴാഴ്ച വൈകിട്ട് 5.30നാണ് ഹമ്മിയാല ഗ്രാമത്തിലെ എം.പ്രകാശ് (ഓംകാരപ്പ) കൊന്നത്. മാതാപിതാക്കളെ ആക്രമിച്ച ശേഷം മീനയെ വലിച്ചിഴച്ചു കൊണ്ടുപോയി തലയറുത്തു കൊന്ന പ്രതി മീനയുടെ ചേച്ചിയെ കൊല്ലുമെന്നും ഭീഷണി മുഴക്കിയിരുന്നു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആകാത്തതിനാല്‍ അധികൃതര്‍ ഇടപെട്ട് വിവാഹം തടയുകയായിരുന്നു. വിവാഹം മുടങ്ങാന്‍ കാരണം ചേച്ചിയുടെ സമ്മര്‍ദം ആണെന്ന തെറ്റിദ്ധാരണ പ്രകാശിന് ഉണ്ടായിരുന്നെന്നും പൊലീസ് പറയുന്നു.

ഇന്നലെ പുലര്‍ച്ചെ മീനയുടെ ചേച്ചിയെ കൊല്ലുന്നതിനായി വന്ന വരവില്‍ ഗര്‍വാല സുര്‍ലബി ഗ്രാമത്തിനു സമീപം പ്രകാശിനെ പൊലീസ് പിടികൂടുകയായിരുന്നു. പ്രതിക്കൊപ്പം നടത്തിയ പരിശോധനയിലാണു സംഭവ സ്ഥലത്തുനിന്നു 100 മീറ്റര്‍ അകലെ മീനയുടെ തല കണ്ടെടുത്തത്. എസ്എസ്എല്‍സി പരീക്ഷയില്‍ വിജയിച്ചതറിഞ്ഞു കുടുംബാംഗങ്ങള്‍ക്കൊപ്പം ആഹ്ലാദം പങ്കുവെക്കുമ്പോഴാണു ദാരുണ സംഭവം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com