മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗം, ഞായറാഴ്ച രാത്രിയോടെ ബംഗാള്‍ തീരത്ത് 'റിമാല്‍' ചുഴലിക്കാറ്റ് കര തൊടും; ജാഗ്രതാനിര്‍ദേശം

ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ രൂപപ്പെടുമെന്ന് കരുതുന്ന ചുഴലിക്കാറ്റ് ഞായറാഴ്ച രാത്രിയോടെ പശ്ചിമ ബംഗാള്‍, ബംഗ്ലാദേശ് തീരത്ത് കര തൊടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
Cyclone Remal
ചുഴലിക്കാറ്റ് ഞായറാഴ്ച രാത്രിയോടെ പശ്ചിമ ബംഗാള്‍, ബംഗ്ലാദേശ് തീരത്ത് കര തൊടുംപ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ രൂപപ്പെടുമെന്ന് കരുതുന്ന ചുഴലിക്കാറ്റ് ഞായറാഴ്ച രാത്രിയോടെ പശ്ചിമ ബംഗാള്‍, ബംഗ്ലാദേശ് തീരത്ത് കര തൊടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പശ്ചിമ ബംഗാളിലെ സാഗര്‍ ദ്വീപിനും ബംഗ്ലാദേശിലെ ഖെപ്പുപാറയ്ക്ക് ഇടയില്‍ കര തൊടാനാണ് സാധ്യത. മണ്‍സൂണ്‍ സീസണിന് മുന്‍പുള്ള ബംഗാള്‍ ഉള്‍ക്കടലിലെ ആദ്യ ചുഴലിക്കാറ്റിന് റിമാല്‍ എന്നാണ് പേര് നല്‍കുകയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ശക്തികൂടിയ ന്യുനമര്‍ദ്ദം മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്രന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെയോടെ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായും തുടര്‍ന്ന് വൈകുന്നേരത്തോടെ വീണ്ടും ശക്തി പ്രാപിച്ചു തീവ്രചുഴലിക്കാറ്റായും മാറാന്‍ സാധ്യതയുണ്ട്. ഞായറാഴ്ച രാത്രിയോടെ തീവ്ര ചുഴലിക്കാറ്റിന്റെ രൂപത്തിലാണ് കര തൊടുക. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഞായറാഴ്ച ചുഴലിക്കാറ്റിന്റെ വേഗം മണിക്കൂറില്‍ 120 കിലോമീറ്റര്‍ ആയി ഉയരും. ഇതിന്റെ സ്വാധീനഫലമായി പശ്ചിമ ബംഗാള്‍, വടക്കന്‍ ഒഡീഷ തീര ജില്ലകളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ട്. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് മഴ മുന്നറിയിപ്പ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ചുഴലിക്കാറ്റ് കര തൊടുന്ന സമയത്ത് കടലേറ്റത്തിന് സാധ്യതയുണ്ട്. 1.5 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്ക് സാധ്യതയുള്ളതിനാല്‍ പശ്ചിമ ബംഗാളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയേക്കാം. തിങ്കളാഴ്ച വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു. തെക്ക്, വടക്ക് 24 പര്‍ഗാനാസ് ജില്ലകളില്‍ വലിയ നാശനഷ്ടത്തിന് സാധ്യതയുണ്ട്. വെള്ളപ്പൊക്കത്തിനും വൈദ്യുതി, ആശയവിനിമയ ലൈനുകള്‍, റോഡുകള്‍, വിളകള്‍, തോട്ടങ്ങള്‍ എന്നിവയുടെ നാശനഷ്ടത്തിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.ദുരിതബാധിത പ്രദേശങ്ങളില്‍ കഴിയുന്നവര്‍ വീടുകളില്‍ തന്നെ കഴിയണം. ആവശ്യമെങ്കില്‍ അധികൃതരുടെ നിര്‍ദേശം അനുസരിച്ച് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറണമെന്നും കാലാവസ്ഥ വകുപ്പ് നിര്‍ദേശിച്ചു.

Cyclone Remal
അഞ്ച് ഘട്ടം കഴിഞ്ഞപ്പോഴേക്കും മോദി 310 സീറ്റുകള്‍ നേടി; അമിത് ഷാ


വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com