ന്യൂഡല്‍ഹി: കാനഡയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാമന്ത്രി നരേന്ദ്ര മോദി. ഹിന്ദു ക്ഷേത്രത്തിന് നേരെയുണ്ടായ ബോധപൂര്‍വമായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനുള്ള ശ്രമം ഭീരുത്വം നിറഞ്ഞതാണ്. കാനഡ നീതിയും നിയമവാഴ്ച ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രി പറഞ്ഞു.
''കാനഡയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ബോധപൂര്‍വമായ ആക്രമണത്തെ ഞാന്‍ ശക്തമായി അപലപിക്കുന്നു. നമ്മുടെ നയതന്ത്രജ്ഞരെ ഭയപ്പെടുത്താനുള്ള ഭീരുത്വം നിറഞ്ഞ ശ്രമങ്ങളും അത്രതന്നെ ഭയാനകമാണ്. ഇത്തരം അക്രമങ്ങള്‍ ഒരിക്കലും ഇന്ത്യയുടെ ദൃഢനിശ്ചയത്തെ ദുര്‍ബലപ്പെടുത്തുകയില്ല. കനേഡിയന്‍ സര്‍ക്കാര്‍ നീതിയും നിയമവാഴ്ച ഉറപ്പാക്കുകയും ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,'' പ്രധാനമന്ത്രി എക്സ് പോസ്റ്റില്‍ പറഞ്ഞു.
കാനഡയിലെ ബ്രാംപ്ടണിലെ ഹിന്ദു സഭാ ക്ഷേത്രത്തിന് നേരെയാണ് ഖലിസ്ഥാന്‍ അനുകൂല തീവ്രവാദികളുടെ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ക്ഷേത്രത്തിന് നേരെ ഖലിസ്ഥാന്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തെ നേരത്തെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അപലപിച്ചിരുന്നു. ക്ഷേത്രത്തിലെത്തിയ ഭക്തരെ ഖലിസ്ഥാന്‍ വാദികള്‍ മര്‍ദ്ദിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വടികളുമായി എത്തിയ ഒരു സംഘം അമ്പലത്തിന് പുറത്തുവച്ച് വിശ്വാസികളെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഖലിസ്ഥാന്‍ അനുകൂല ഗ്രൂപ്പുകളുടെ പതാകകളുമായാണ് അക്രമികള്‍ എത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക