ശ്രീനഗര്‍: പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മുകശ്മീര്‍ നിയമസഭ പ്രമേയം പാസാക്കി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുമ്പുള്ള കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതിനായി ചര്‍ച്ച നടത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം ശബ്ദവോട്ടോടെയാണ് നിയമസഭ പാസാക്കിയത്. ഉപമുഖ്യമന്ത്രി സുരീന്ദര്‍ ചൗധരിയാണ് പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ചത്.
ജമ്മുകശ്മീരിലെ ജനങ്ങളുടെ വ്യക്തിത്വവും സംസ്‌കാരവും അവകാശങ്ങളും സംരക്ഷിച്ച പ്രത്യേക പദവിയുടേയും ഭരണഘടനാ ഉറപ്പുകളുടേയും പ്രാധാന്യം ഈ നിയമസഭ വീണ്ടും ഉറപ്പിക്കുന്നു, ഏകപക്ഷീയമായി നീക്കം ചെയ്യുന്നതില്‍ ആശങ്ക പ്രകടിപ്പിക്കുന്നുവെന്നും ചൗധരി അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു. ജമ്മുകശ്മീരിലെ ജനങ്ങളുടെ ന്യായമായ അഭിലാഷങ്ങള്‍ സംരക്ഷിക്കണമെന്ന് ഈ അസംബ്ലി ഊന്നിപ്പറയുന്നുവെന്നും പ്രമേയം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാവ് സുനില്‍ ശര്‍മ ഉള്‍പ്പെടെയുള്ള ബിജെപി അംഗങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ ക്ഷേത്രമായ പാര്‍ലമെന്റാണ് നിയമം പാസാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി അംഗങ്ങള്‍ പ്രമേയത്തിന്റെ പകര്‍പ്പ് കീറിയെറിഞ്ഞു. ബഹളത്തിനിടയില്‍ ലംഗേറ്റ് ഷെയ്ഖ് ഖുര്‍ഷിദ് ചെയറിലേയ്ക്ക് ഓടിക്കയറാന്‍ ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. പ്രമേയത്തിനെതിരെ ബിജെപി അംഗങ്ങള്‍ സഭയില്‍ മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് ശബ്ദവോട്ടെടുപ്പില്‍ സ്പീക്കര്‍ പ്രമേയം പാസാക്കി. ബിജെപി അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
സഭ നിര്‍ത്തിവെച്ചതിന് ശേഷവും ബിജെപി അംഗങ്ങളുടെ പ്രതിഷേധം തുടര്‍ന്നു. ഓഗസ്റ്റ് 5 സിന്ദാബാദ്, ജയ് ശ്രീറാം, വന്ദേ മാതരം...തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടായിരുന്നു പ്രതിഷേധം.
പിഡിപി, പീപ്പിള്‍ കോണ്‍ഫറന്‍സ്, സിപിഎം അംഗങ്ങള്‍ പ്രമേയത്തെ പിന്തുണച്ചു. തങ്ങളുടെ പ്രകടന പത്രിക വാഗ്ദാനങ്ങളിലൊന്ന് നിറവേറ്റിയതായി ഭരണകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സ് പറഞ്ഞു. 2019ലാണ് മോദി സര്‍ക്കാര്‍ ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും ജമ്മു കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക