ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് തന്‍റെ അവസാന പ്രവൃത്തി ദിവസം പൂര്‍ത്തിയാക്കി. വൈകുന്നേരമായിരുന്നു യാത്രയയപ്പ് ചടങ്ങ്. 2022 നവംബര്‍ പത്തിനാണ് ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. നവംബര്‍ 10 വരെയാണ് ചീഫ് ജസ്റ്റിസ് പദവിയില്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് ഔദ്യോഗികമായി കാലാവധിയുള്ളത്.
ജൈന വാചകം ചൊല്ലിക്കൊണ്ടാണ് യാത്രയപ്പ് ദിനത്തില്‍ അദ്ദേഹം അവസാന വാചകം പറഞ്ഞത്. കോടതിയില്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ദയവായി എന്നോട് ക്ഷമിക്കൂ, എന്റെ എല്ലാ തെറ്റുകളും പൊറുക്കപ്പെടട്ടെ എന്നാണ് അദ്ദേഹം പറഞ്ഞത്. നാളെ മുതല്‍ എനിക്ക് നീതി നല്‍കാന്‍ കഴിയില്ല. പക്ഷേ, ഞാന്‍ സംതൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസിനെ ആദരിക്കാന്‍ അഭിഭാഷകരും ബാര്‍ അസോസിയേഷനിലെ അംഗങ്ങളും ഒത്തു ചേര്‍ന്നു.
ചന്ദ്രചൂഡിന്റെ പിന്‍ഗാമിയായി നവംബര്‍ 11ന് ഇന്ത്യയുടെ 51ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്യും. ഭിന്നശേഷിക്കാര്‍ക്കായി മിറ്റി കഫേ, വനിതാ അഭിഭാഷകര്‍ക്കായി പ്രത്യേക ബാര്‍ റൂം, സുപ്രീംകോടതി പരിസരം മോടിപിടിപ്പിക്കുന്ന പദ്ധതികള്‍ തുടങ്ങി നിരവധി മാറ്റങ്ങളാണ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ കാലത്ത് നടത്തിയത്. രണ്ട് വര്‍ഷത്തെ കാലാവധിയില്‍ സുപ്രധാനമായ നിരവധി വിധികള്‍ അദ്ദേഹം പുറപ്പെടുവിച്ചു.
2016 മെയ് 13-നായിരുന്നു ഡി വൈ ചന്ദ്രചൂഢ് സുപ്രീംകോടതി ജഡ്ജി ആയി ചുമതലയേല്‍ക്കുന്നത്. അതിനുമുമ്പ് രണ്ട് വര്‍ഷവും ഏഴ് മാസവും അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു. 2000 മാര്‍ച്ച് 29നാണ് അദ്ദേഹം ബോംബൈ ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി ചുമതലയേല്‍ക്കുന്നത്. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകുന്നത് വരെ ബോംബൈ ഹൈക്കോടതിയില്‍ ആയിരുന്നു സേവനം. 1998 മുതല്‍ ബോംബൈ ഹൈക്കോടതി ജഡ്ജി ആകുന്നതുവരെ കേന്ദ്ര സര്‍ക്കാരിന്റെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക