ന്യൂഡൽഹി: ത്രിരാഷ്ട്ര സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്ര തിരിക്കും. നൈജീരിയ, ബ്രസീൽ, ഗയാന എന്നീ രാജ്യങ്ങളാണ് മോദി സന്ദർശിക്കുക. ഉച്ചയ്ക്ക് 1 മണിക്ക് യാത്രതിരിക്കുന്ന മോദി നൈജീരിയൻ സമയം ഒമ്പത് മണിക്ക് തലസ്ഥാനമായ അബുജയിൽ എത്തും. പതിനേഴ് വർഷത്തിനു ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി നൈജീരിയയിൽ എത്തുന്നത്.
ആറ് ദിവസത്തേക്കാണ് മോദിയുടെ വിദേശ സന്ദർശനം. രണ്ട് ദിവസമാണ് മോദി നൈജീരിയയിലുണ്ടാവുക. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കാനുള്ള ചർച്ചകൾ മോദിയുടെ സന്ദർശനവേളയിൽ നടക്കും. കൂടാതെ നൈജീരിയയിലെ ഇന്ത്യൻ സമൂഹവുമായും മോദി കൂടിക്കാഴ്ച നടത്തും.
നൈജീരിയയിൽ നിന്ന് ബ്രസീലിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനാവും മോദി പോവുക. റഷ്യ യുക്രെയിൻ സംഘർഷം, പശ്ചിമേഷ്യയിലെ സംഘർഷം എന്നിവ ഉച്ചകോടിയിൽ ചർച്ചയാകും. പല ലോകനേതാക്കളുമായും മോദി ചർച്ച നടത്തും. ബ്രസീലിൽ നിന്ന് ഗയാനയിൽ എത്തുന്ന മോദി കരീബിയൻ രാജ്യങ്ങളുടെ കൂട്ടായ്മയായ കാരികോം ഇന്ത്യ ഉച്ചകോടിയിലും പങ്കെടുക്കും. ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗയാന സന്ദർശിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക