ചെന്നൈ: സംഗീതജ്ഞന്‍ ടി എം കൃഷ്ണയ്ക്ക് 'സംഗീത കലാനിധി എം എസ് സുബ്ബലക്ഷ്മി അവാര്‍ഡ്' നല്‍കുന്നത് മദ്രാസ് ഹൈക്കോടതി തടഞ്ഞു. എം എസ് സുബ്ബലക്ഷ്മിയുടെ പേരില്‍ അവാര്‍ഡ് നല്‍കരുതെന്നും ഹൈക്കോടതി മ്യൂസിക് അക്കാദമിയോട് ആവശ്യപ്പെട്ടു.
എം എസ് സുബ്ബലക്ഷ്മിയുടെ ആഗ്രഹത്തിനും താല്‍പ്പര്യത്തിനും എതിരാണ് ടി എം കൃഷ്ണയ്ക്ക് പുരസ്‌കാരം പ്രഖ്യാപിച്ചതെന്ന് ചൂണ്ടിക്കാട്ടി ചെറുമകന്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ജി ജയചന്ദ്രന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ സുബ്ബലക്ഷ്മിയുടെ പേര് ഉപയോഗിക്കാതെ അവാര്‍ഡ് നല്‍കുന്നതിന് തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി.
ടിഎം കൃഷ്ണ സുബ്ബലക്ഷ്മിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയിട്ടുണ്ടെന്നും, അതിനാല്‍ അദ്ദേഹത്തിന് സുബ്ബലക്ഷ്മിയുടെ പേരിലുള്ള പുരസ്‌കാരം നല്‍കരുതെന്നുമാണ് ചെറുമകന്‍ ശ്രീനിവാസന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. ടി എം കൃഷ്ണയ്ക്ക് അവാര്‍ഡ് നല്‍കിയതിനെ ചോദ്യം ചെയ്ത് സുബ്ബലക്ഷ്മിയുടെ ചെറുമകന്‍ നല്‍കിയ ഹര്‍ജി തള്ളണമെന്നാവശ്യപ്പെട്ട് മ്യൂസിക് അക്കാദമി നല്‍കിയ അപേക്ഷയും കോടതി തള്ളി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക