മുംബൈ: മഹാരാഷ്ട്ര, ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം ഇന്ന്. മഹാരാഷ്ട്രയിൽ 288 ഉം ഝാർഖണ്ഡിൽ 81 ഉം മണ്ഡലങ്ങളാണുള്ളത്. രണ്ടിടത്തും ബിജെപി സഖ്യത്തിനു മുൻതൂക്കമുണ്ടെന്നാണ് എക്സിറ്റ് പോൾ പ്രവചനം. എന്നാൽ ഇരു സംസ്ഥാനങ്ങളിലും തങ്ങൾ സർക്കാർ രൂപവത്കരിക്കുമെന്ന് ഇന്ത്യ സഖ്യം അവകാശപ്പെടുന്നു. മഹാരാഷ്ട്രയിൽ 145 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.
ഝാർഖണ്ഡിൽ 42 ഉം. ഫലം വരുന്നതിന് മുന്നേ തന്നെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ഇന്ത്യ മുന്നണിക്കുള്ളിൽ അസ്വാരസ്യങ്ങൾ രൂപപ്പെട്ടു കഴിഞ്ഞു. ഒരു മുഖ്യമന്ത്രി സ്ഥാനാർഥിയെ ഉയർത്തി കാട്ടാതെയായിരുന്നു ഇന്ത്യ സഖ്യത്തിന്റെ പ്രചാരണം. ഝാർഖണ്ഡിൽ ബിജെപി സഖ്യവും ജെഎംഎം സഖ്യവും ഒരേപോലെ വിജയം അവകാശപ്പെടുന്നു. 67.74 ശതമാനം പോളിങ്ങാണ് ഇത്തവണ ഝാർഖണ്ഡിൽ രേഖപ്പെടുത്തിയത്. ദേശീയ രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാകും മഹാരാഷ്ട്രയിൽ ഇന്ന് തെളിയുക.
ശിവസേന രണ്ടായി പിളര്‍ന്ന ശേഷമുള്ള ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണിത്. അതേസമയം മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലമറിയാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ പ്രതിപക്ഷ മുന്നണിയായ മഹാവികാസ് അഖാഡിയിലെ നേതാക്കൾ കൂടിക്കാഴ്ച നടത്തി. കോൺഗ്രസ് നേതാക്കളായ ബാലാസാഹെബ് തൊറാട്ട്, സതേജ് പാട്ടീൽ, ശിവസേനാ ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവത്ത് എംപി, എൻസിപി ശരദ് പവാർ പക്ഷം സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീൽ എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി, ശിവസേനാ ഷിൻഡെ പക്ഷം, എൻസിപി അജിത് പവാർ പക്ഷം എന്നിവരടങ്ങിയ മഹായുതി സഖ്യം നേട്ടമുണ്ടാക്കുമെന്ന് ഭൂരിപക്ഷം എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക