കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ആറു സീറ്റിലും ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റം. സിതായി മണ്ഡലത്തില്‍ തൃണമൂലിന്റെ സംഗിത റോയ് വിജയിച്ചു. നൈഹട്ടി, ഹരോവ, മേദിനിപ്പൂര്‍, തല്‍ദാംഗ്ര എന്നീ സിറ്റിങ്ങ് സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് മുന്നിട്ടു നില്‍ക്കുകയാണ്.
നൈഹട്ടിയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സനത് ദേവ് വിജയം ഉറപ്പാക്കി. കഴിഞ്ഞ തവണ ബിജെപി വിജയിച്ച മാദ്രിഹട്ട് (എസ്ടി) മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അട്ടിമറി വിജയം നേടി. ടിഎംസിയുടെ ജയപ്രകാശ് ടോപ്പോ ബിജെപിയുടെ രാഹുല്‍ ലോഹാറിനെയാണ് പരാജയപ്പെടുത്തിയത്.
പഞ്ചാബില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന നാലു മണ്ഡലങ്ങളില്‍ മൂന്നിടത്ത് ആം ആദ്മി പാര്‍ട്ടി ലീഡ് ചെയ്യുന്നു. ഒരു സീറ്റില്‍ കോണ്‍ഗ്രസും മുന്നിട്ടു നില്‍ക്കുന്നു. ഗിദ്ദര്‍ബാഹ, ദേരാ ബാബ നാനാക്, ചബ്ബേവാള്‍ മണ്ഡലങ്ങളിലാണ് എഎപി മുന്നിട്ടു നില്‍ക്കുന്നത്. ബര്‍ണാല മണ്ഡലത്തില്‍ കോണ്‍ഗ്രസാണ്‌ലീഡ് ചെയ്യുന്നത്.
ചബ്ബേവാളില്‍ എഎപിയുടെ ഇഷാങ്ക് കുമാര്‍ ചബ്ബേവാള്‍ എതിരാളിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ രഞ്ജിത് കുമാറിനെയാണ് പിന്നിലാക്കിയത്. ബിജെപി സ്ഥാനാര്‍ത്ഥി സോഹന്‍ സിംഗ് തണ്ടലാണ് മൂന്നാം സ്ഥാനത്ത്. ബര്‍ണാലയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കുല്‍ദീപ് സിംഗ് ധില്ലന്‍ മുന്നിലാണ്. എഎപിയുടെ ഹരീന്ദര്‍ സിംഗ് ധലിവാളിനെയാണ് പിന്നിലാക്കിയത്.
ഗിദ്ദര്‍ബാഹയില്‍ എഎപിയുടെ ഹര്‍ദീപ് സിംഗ് ഡിംപി ധില്ലന്‍ എതിരാളിയായ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അമൃത വാറിങ്ങിനെതിരെ മുന്നിലാണ്. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമരീന്ദര്‍ സിംഗ് രാജ വാറിങ്ങിന്റെ ഭാര്യയാണ് അമൃത വാറിങ്. മൂന്നാം സ്ഥാനത്ത് പഞ്ചാബ് മുന്‍ ധനമന്ത്രിയും മന്‍പ്രീത് സിംഗ് ബാദലാണ്.
ദേരാബാബാ നാനാകില്‍ എഎപിയുടെ ഗുര്‍ദീപ് സിങ് രണ്‍ധാവയാണ് ലീഡു ചെയ്യുന്നത്. കോണ്‍ഗ്രസിന്റെ ജതീന്ദര്‍ കൗര്‍ രണ്‍ധാവയാണ് രണ്ടാം സ്ഥാനത്ത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഗുരുദാസ്പൂര്‍ എംപിയുമായ സുഖ്ജിന്ദര്‍ സിങ് രണ്‍ധാവയുടെ ഭാര്യയാണ് ജതീന്ദര്‍ കൗര്‍. ബിജെപിയുടെ രവികരണ്‍ കാഹ്‌ലോണ്‍ മൂന്നാം സ്ഥാനത്താണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക