ബിരുദ കാലയളവ് വെട്ടിക്കുറയ്ക്കാം, ദീര്‍ഘിപ്പിക്കാം; വിദ്യാര്‍ഥികള്‍ക്ക് ഓപ്ഷന്‍, പരിഷ്‌കരണവുമായി യുജിസി

keam 2024
ബിരുദ കാലയളവ് വെട്ടിക്കുറയ്ക്കാം, ദീര്‍ഘിപ്പിക്കാം; വിദ്യാര്‍ഥികള്‍ക്ക് ഓപ്ഷന്‍പ്രതീകാത്മക ചിത്രം
Published on
Updated on

ന്യൂഡല്‍ഹി: ബിരുദ കാലയളവ് വെട്ടിക്കുറയ്ക്കാനും ദീര്‍ഘിപ്പിക്കാനും വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കുന്ന പദ്ധതിക്ക് യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മിഷന്‍ (യുജിസി) അംഗീകാരം നല്‍കി. ഇതനുസരിച്ച് മൂന്നു വര്‍ഷ ബിരുദം വിദ്യാര്‍ഥിയുടെ പഠന ശേഷി അനുസരിച്ച് രണ്ടു വര്‍ഷം കൊണ്ടു തീര്‍ക്കാനാവും. പഠനകാലയളവ് മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ ദീര്‍ഘിപ്പിക്കാനും വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കും.

പഠന കാലയളവ് കുറയ്ക്കാന്‍ അനുമതി നല്‍കുന്ന ആക്‌സിലറേറ്റഡ് ഡിഗ്രി പ്രോഗ്രാം (എഡിപി), ദീര്‍ഘിപ്പിക്കാന്‍ അനുമതി നല്‍കുന്ന എക്സ്റ്റന്റഡ് ഡിഗ്രി പ്രോഗ്രാം (ഇഡിപി) എന്നിവയ്ക്ക് അനുമതിയായതായി യുജിസി ചെയര്‍മാന്‍ ജഗദീഷ് കുമാര്‍ പിടിഐയോട് പറഞ്ഞു. ഇവയുടെ സ്റ്റാന്‍ഡേര്‍ഡ് ഓഫ് പ്രൊസീജ്യര്‍ യുജിസി യോഗം അംഗീകരിച്ചു. ഇവ പ്രതികരണത്തിനായി ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് ജഗദീഷ് കുമാര്‍ അറിയിച്ചു.

കോഴ്‌സ് നേരത്തേ പൂര്‍ത്തിയാക്കിയാലും സമയമെടുത്തു ചെയ്താലും സാധാരണ ഡിഗ്രിക്കു തുല്യമായിരിക്കും. തുടര്‍ പഠനത്തിനും ജോലിക്കും സാധാരണ ഡിഗ്രി ആയിത്തന്നെയാവും ഇവ പരിഗണിക്കുക.

ഓരോ സെമസ്റ്ററിലും കൂടുതല്‍ ക്രെഡിറ്റ് നേടിയാണ് ബിരുദം വേഗത്തില്‍ പൂര്‍ത്തിയാക്കാനാവുക. നിശ്ചിത ക്രെഡിറ്റിലും കുറവു നേടി കോഴ്‌സ് കാലയളവ് ദീര്‍ഘിപ്പിക്കാം. വിദ്യാര്‍ഥികള്‍ക്ക് അവരുടെ പഠന ശേഷി അനുസരിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം.

എഡിപിയിലും ഇഡിപിയിലും വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നത് ഉന്നത സമിതിയുടെ പരിശോധനയ്ക്കു ശേഷമായിരിക്കും. അതിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിലയിരുത്തല്‍ സമിതി രൂപീകരിക്കണം. വിദ്യാര്‍ഥികളുടെ ശേഷിയാവും സമിതി വിലയിരുത്തുക.

ആദ്യ സെമസ്റ്ററിന്റെയോ അവസാന സെമസ്റ്ററിന്റെയോ അവസാനമാണ് എഡിപിയിലേക്കോ ഇഡിപിയിലേക്കോ മാറാന്‍ അപേക്ഷ നല്‍കേണ്ടത്. ഇഡിപിയില്‍ പരമാവധി രണ്ടു സെമസ്റ്ററാണ് അധികമായി ചേര്‍ക്കാനാവുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com