മകനെ ഉപമുഖ്യമന്ത്രിയാക്കണം, ആഭ്യന്തരവും നഗരവികസനവും വേണം; ഉപാധി വെച്ച് ഷിന്‍ഡെ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഫഡ്‌നാവിസിന് പകരം സര്‍പ്രൈസ് നേതാവ്?

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ദേവേന്ദ്ര ഫഡ്‌നാവിസിന് പകരം മറ്റൊരാള്‍ അപ്രതീക്ഷിതമായി ഉയര്‍ന്നു വന്നേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്
maharashtra
ഫഡ്നാവിസ്, അമിത് ഷാ, ഏക്നാഥ് ഷിൻഡെ പിടിഐ
Published on
Updated on

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ അനിശ്ചിതമായി നീളുന്നു. മുഖ്യമന്ത്രി സ്ഥാനത്തില്‍ വിട്ടുവീഴ്ചയ്ക്ക് ശിവസേന സന്നദ്ധമായെങ്കിലും, ഉപമുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് തീരുമാനം വൈകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പദവി വിട്ടുകൊടുക്കാമെന്ന് സമ്മതിച്ച ഏക്‌നാഥ് ഷിന്‍ഡെ മകന്‍ ശ്രീകാന്ത് ഷിന്‍ഡെയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന നിര്‍ദേശം മുന്നോട്ടു വെച്ചതായാണ് സൂചന. എന്നാല്‍ ഇതിനോട് ബിജെപി നേതൃത്വം വിയോജിപ്പ് അറിയിച്ചു.

ശ്രീകാന്തിനെ ഉപമുഖ്യമന്ത്രിയാക്കിയാല്‍, സഖ്യം ഇതുവരെ മുന്നോട്ടുവെച്ച കുടുംബാധിപത്യ രാഷ്ട്രീയത്തിനെതിരായ പ്രചാരണം ദുര്‍ബലമാക്കപ്പെടുമെന്നാണ് ബിജെപിയുടെ വാദം. എന്നാല്‍ ശിവസേനയ്ക്ക് ലഭിച്ച ഉപമുഖ്യമന്ത്രി പദത്തില്‍ ആരായിരിക്കണമെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്നും, ബിജെപിക്ക് അതില്‍ യാതൊരു റോളുമില്ലെന്നുമാണ് ഷിന്‍ഡെ പറയുന്നത്. ഏക്‌നാഥ് ഷിന്‍ഡെ വിട്ടു നിന്നാല്‍ ശിവസേനയില്‍ തന്നെ നിരവധി നേതാക്കളാണ് ഉപമുഖ്യമന്ത്രി പദമോഹവുമായി കാത്തുനില്‍ക്കുന്നത്.

ദേവേന്ദ്രഫഡ്‌നാവിസിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് ആര്‍എസ്എസ് ആഗ്രഹിക്കുന്നത്. ഇക്കാര്യം ആര്‍എസ്എസ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് നിശബ്ദത പാലിച്ചതിനാല്‍ മഹാരാഷ്ട്രയില്‍ ബിജെപിയുടെ നില 23ല്‍ നിന്ന് 9 ആയി കുറഞ്ഞു. എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍, ആര്‍എസ്എസ് സജീവമായി പ്രവര്‍ത്തിച്ചു. ഫലമായി മികച്ച ഭൂരിപക്ഷത്തോടെ ഭരണം നിലനിര്‍ത്താനായി. ശക്തനും ചെറുപ്പക്കാരനുമായ നേതാവിനെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കുകയും പിന്നീട് കേന്ദ്രത്തില്‍ ബിജെപിയുടെ മുഖമായി ഉയര്‍ത്തിക്കാട്ടാനാകുമെന്നും ആര്‍എസ്എസ് നേതാക്കള്‍ സൂചിപ്പിക്കുന്നു.

അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് ദേവേന്ദ്ര ഫഡ്‌നാവിസിന് പകരം മറ്റൊരാള്‍ അപ്രതീക്ഷിതമായി ഉയര്‍ന്നു വന്നേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബിജെപി നേതൃത്വമാണ് അത്തരമൊരു സാധ്യത പരിശോധിക്കുന്നത്. ഫഡ്നാവിസ് ബ്രാഹ്മണ സമുദായത്തില്‍പ്പെട്ട ആളാണ്. സംസ്ഥാന തെരഞ്ഞെടുപ്പില്‍, മറാഠാ വിഭാഗക്കാരെപ്പോലെ ഒബിസികളും ഒറ്റക്കെട്ടായി മഹായുതി സഖ്യത്തിന് വോട്ട് ചെയ്തു. അതിനാല്‍, മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാര്‍ട്ടിയില്‍ അനുയോജ്യമായ ഒബിസി അല്ലെങ്കില്‍ മറാത്ത നേതാവ് ഉണ്ടോയെന്നാണ് ബിജെപി നേതൃത്വം പരിശോധിക്കുന്നത്. അതിനാലാണ് മുഖ്യമന്ത്രി പദത്തില്‍ തീരുമാനം വൈകുന്നതെന്നും പാര്‍ട്ടി നേതാക്കളെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്‍സിപി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രി പദവി നിലനിര്‍ത്തുമെന്ന് ഉറപ്പാണ്. മുന്‍ സര്‍ക്കാരില്‍ വഹിച്ച സുപ്രധാന വകുപ്പുകള്‍ അജിത് പവാര്‍ ചോദിക്കുന്നുണ്ട്. ധനകാര്യം, കൃഷി, തുടങ്ങിയ വകുപ്പുകളാണ് പവാര്‍ ചോദിക്കുന്നത്. തന്നെ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ ശിവസേനയ്ക്ക് ആഭ്യന്തരവും നഗരവികസനവും വേണമെന്നാണ് ഏക്‌നാഥ് ഷിന്‍ഡെയുടെ ആവശ്യം. കഴിഞ്ഞ സര്‍ക്കാരിലുണ്ടായിരുന്ന എന്‍സിപിയുടേയും ശിവസേനയുടേയും ഭൂരിഭാഗം മന്ത്രിമാരും പുതിയ സര്‍ക്കാരില്‍ ഉണ്ടായേക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. മന്ത്രിസഭാ രൂപീകരണത്തിന് ബിജെപി, ശിവസേന, എന്‍സിപി പാര്‍ട്ടികള്‍ക്കായി 50: 30: 20 എന്ന ഫോര്‍മുലയാണ് പരിഗണിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com