ന്യൂഡല്‍ഹി: 'ഐസി 814 - ദി കാണ്ഡഹാര്‍ ഹൈജാക്ക്' വെബ് സീരീസ് വിവാദത്തില്‍ നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യ കണ്ടന്റ് മേധാവിക്ക് സമന്‍സ് അയച്ച് കേന്ദ്രം.
1999-ല്‍ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ഹര്‍കത്-ഉള്‍-മുജാഹിദീന്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം റാഞ്ചിയതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് വെബ് സീരീസില്‍ പറയുന്നത്.
വെബ് സീരീസില്‍ വിമാനം റാഞ്ചിയ ഭീകരര്‍ക്ക് നല്‍കിയ പേരുകള്‍ വിവാദങ്ങള്‍ക്ക് വഴിവെക്കുകയായിരുന്നു. ഹൈജാക്കര്‍മാരെ ഭോല, ശങ്കര്‍ എന്നീ പേരുകളിലാണ് അവതരിപ്പിക്കുന്നത്. ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വിമര്‍ശനങ്ങളുണ്ടായ സാഹചര്യത്തിലാണ് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യ ഉള്ളടക്ക മേധാവി മോണിക്ക ഷെര്‍ഗിലിനെ വിശദീകരണം ആവശ്യപ്പെട്ട് വിളിപ്പിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
1999 ഡിസംബര്‍ 24-ന് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ 814 വിമാനം ഹൈജാക്ക് ചെയ്ത സംഭവമാണ് വെബ് സീരീസില്‍ പറയുന്നത്. 191 യാത്രക്കാരുമായി പറഞ്ഞ വിമാനം നേപ്പാളിലെ കാഠ്മണ്ഡുവില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറക്കുകകയായിരുന്നു. എന്നാല്‍ യാത്രക്കാരെന്ന വ്യാജേന വിമാനത്തില്‍ കടന്ന അഞ്ച് ഹൈജാക്കര്‍മാര്‍ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.
മാധ്യമപ്രവര്‍ത്തകന്‍ സൃഞ്‌ജോയ് ചൗധരിയും ഭീകരര്‍ റാഞ്ചിയ വിമാനത്തിന്റെ ക്യാപ്റ്റന്‍ ദേവി ശരണും ചേര്‍ന്ന് എഴുതിയ ''ഫ്‌ലൈറ്റ് ഇന്‍ടു ഫിയര്‍: ദി ക്യാപ്റ്റന്‍സ് സ്റ്റോറി'' എന്ന പുസ്തകത്തില്‍ നിന്നാണ് സീരീസ് നിര്‍മ്മിച്ചത്. സീരീസില്‍ നസറുദ്ദീന്‍ ഷാ, വിജയ് വര്‍മ്മ, പങ്കജ് കപൂര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ