ഊട്ടി: നീലഗിരി ജില്ലയിലെ ഊട്ടിക്ക് സമീപം വണ്ണാരപ്പേട്ടില്‍ യുവതിയെ വിഷം നല്‍കി കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. ഭര്‍ത്താവ്, ഭര്‍ത്തൃമാതാവ്, ഭര്‍ത്താവിന്റെ സഹോദരന്‍, ഇവരുടെ സുഹൃത്ത് എന്നിരെയാണ് ഊട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ഊട്ടി കാന്തലിലെ ഇമ്രാന്‍ഖാന്റെ ഭാര്യ ആഷിക പാര്‍വീനാണ് (22) കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഇമ്രാന്‍ ഖാന്‍, സഹോദരന്‍ മുക്താര്‍, മാതാവ് യാസ്മിന്‍, കൂട്ടാളിയായ ഖാലിഫ് എന്നിവരാണ് അറസ്റ്റിലായത്.
ജൂണ്‍ 24നാണ് ആഷിക പര്‍വീണിനെ വിഷം കഴിച്ച നിലയില്‍ ഭര്‍തൃഗൃഹത്തില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആഷികയെ ഊട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആഷികയുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പൊലീസിന്റെ നിര്‍ദേശ പ്രകാരം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍, കൊല്ലപ്പെട്ട യുവതി ക്രൂരമായ മര്‍ദനത്തിനിരയായതായി തിരിച്ചറിഞ്ഞിരുന്നു. കഴുത്തിലും തോളിലും വാരിയെല്ലിലും പരിക്കേറ്റതായാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. പുനെയില്‍ നടന്ന ശാസ്ത്രീയപരിശോധനയില്‍ മരണകാരണം സയനൈഡ് ഉള്ളില്‍ ചെന്നതാണെന്ന് വ്യക്തമായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ, ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് വിഷം കൊടുത്ത് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.
ഊട്ടി കണ്ടല്‍ സ്വദേശിയായ ഇമ്രാനും ആഷിക പര്‍വീണും 2021ലാണ് വിവാഹിതരായത്. സ്ത്രീധനം ആവശ്യപ്പെട്ട് യാഷികയെ ഭര്‍തൃവീട്ടുകാര്‍ നിരന്തരം പീഡിപ്പിക്കാറുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. വിവാഹശേഷം ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തന്നെ മര്‍ദിച്ചിരുന്നതായി യുവതി മാതാപിതാക്കളോട് പറഞ്ഞിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ