നാല് ധാരണാപത്രങ്ങള്‍, സിംഗപ്പൂര്‍ കമ്പനികള്‍ ഇന്ത്യയിലെത്തും; സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി ഡല്‍ഹിയില്‍
സിംഗപ്പൂര്‍: സെമി കണ്ടക്ടര്‍, ഡിജിറ്റല്‍ സാങ്കേതികവിദ്യ, നൈപുണ്യ വികസനം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളില്‍ കൈകോര്‍ക്കാന്‍ ധാരണാപത്രങ്ങളില്‍ ഒപ്പിട്ട് ഇന്ത്യയും സിംഗപ്പൂരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സിംഗപ്പൂര്‍ സന്ദര്‍ശനത്തിലാണ് വിവിധ മേഖലകളില്‍ സഹകരണം ഉറപ്പാക്കാന്‍ ഇരുരാജ്യങ്ങളും ധാരണാപത്രങ്ങള്‍ കൈമാറിയത്.
ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ, ഹരിത ഇടനാഴികളും സുസ്ഥിരതയും, ഭക്ഷ്യ സുരക്ഷ, സെമികണ്ടക്ടര്‍ വ്യവസായം ഉള്‍പ്പെടെയുള്ള നൂതന ഉല്‍പ്പാദനമേഖല, ആരോഗ്യം, പ്രതിരോധശേഷിയുള്ള വിതരണ ശൃംഖലകള്‍ എന്നീ മേഖലകള്‍ കേന്ദ്രീകരിച്ചാണ് നാല് ധാരണാപത്രങ്ങള്‍ ഒപ്പിട്ടത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഡിജിറ്റല്‍ അടിസ്ഥാന സൗകര്യം, സൈബര്‍ സെവ്യൂരിറ്റി, സൂപ്പര്‍ കംപ്യൂട്ടിങ്, ക്വാണ്ടം കംപ്യൂട്ടിങ്, എഐ, 5ജി തുടങ്ങിയ മേഖലകളിലെ സാങ്കേതിക കൈമാറ്റം ഉള്‍പ്പെടെയാണ് ലക്ഷ്യമിടുന്നത്. സെമി കണ്ടക്ട്ര്‍ ക്ലസ്റ്റര്‍ വികസിപ്പിക്കല്‍, രൂപ കല്പന നിര്‍മാണം, എന്നിവയില്‍ ഇന്ത്യയെ സഹായിക്കാനും ധാരണയായിട്ടുണ്ട്. സെമി കണ്ടക്ടര്‍ രംഗത്ത് രാജ്യന്തര നിലവാരത്തില്‍ സജീവമായ സിംഗപ്പൂര്‍ കമ്പനികള്‍ ഇന്ത്യയില്‍ നിക്ഷേപത്തിനുള്ള സാധ്യതയും തേടും.
ആരോഗ്യ ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്തെ മാനവശേഷി വികസനത്തിനുള്ള പങ്കാളിത്തത്തിനും ധാരയായിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള നഴ്‌സുമാര്‍ക്ക് ഉള്‍പ്പെടെയുള്ളവര്‍ക്ക് സിംഗപ്പൂരില്‍ തൊഴില്‍ സാധ്യതകളും ഇതിലൂടെ ലഭിക്കുമെന്നാണ് കരുതുന്നത്.
ബ്രൂണെയിലെ സന്ദര്‍ശനത്തിന് ശേഷം സിംഗപ്പൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മികച്ച സ്വീകരണമാണ് സിംഗപ്പൂരിലെ ഇന്ത്യന്‍ സമൂഹം ഒരുക്കിയത്. ഇന്നലെ വൈകിട്ട് സിംഗപ്പൂര്‍ പ്രധാനമന്ത്രി ലോറന്‍സ് വോങ് ഒരുക്കിയ അത്താഴവിരുന്നിലും മോദി പങ്കെടുത്തിരുന്നു.
മന്ത്രിതല വട്ടമേശ യോഗത്തിന് മുന്നോടിയായി സിംഗപ്പൂരിലെ പ്രസിദ്ധമായ സെമികണ്ടക്ടര്‍ വ്യവസായ മേഖലയും നരേന്ദ്രമോദി സന്ദര്‍ശിച്ചു. സിംഗപ്പൂരിലെ മുന്‍നിര കമ്പനി ഉടമകളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഇന്ത്യയില്‍ നിക്ഷേപം നടത്തുമെന്ന് അവര്‍ പ്രധാനമന്ത്രിക്ക് ഉറപ്പുനല്‍കി.
സിംഗപ്പൂര്‍ സന്ദര്‍ശനം കഴിഞ്ഞ് നരേന്ദ്ര മോദി ഇന്നലെ ഡല്‍ഹിയില്‍ തിരിച്ചെത്തി. 'എന്റെ സിംഗപ്പൂര്‍ സന്ദര്‍ശനം വളരെ ഫലപ്രദമായിരുന്നു. ഇത് തീര്‍ച്ചയായും ഉഭയകക്ഷി ബന്ധങ്ങള്‍ക്ക് ഊര്‍ജം പകരുകയും നമ്മുടെ രാജ്യത്തെ ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. സിംഗപ്പൂരിലെ സര്‍ക്കാരിനും ജനങ്ങള്‍ക്കും ഞാന്‍ നന്ദി പറയുന്നു. അവരുടെ ഊഷ്മള സ്വീകരണത്തിന്' മോദി എക്‌സ് പോസ്റ്റില്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ